'ജിമിക്കി കമ്മല്‍ ഗുജറാത്തീ ഗാനത്തിന്റെ കോപ്പിയടിയോ?'; സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്കു പിന്നിലെ സത്യകഥ വെളിപ്പെടുത്തി ഷാന്‍, വീഡിയോ കാണാം
Daily News
'ജിമിക്കി കമ്മല്‍ ഗുജറാത്തീ ഗാനത്തിന്റെ കോപ്പിയടിയോ?'; സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്കു പിന്നിലെ സത്യകഥ വെളിപ്പെടുത്തി ഷാന്‍, വീഡിയോ കാണാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th September 2017, 8:35 am

കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ ജിമിക്കി കമ്മല്‍ ട്രെന്റ് തീര്‍ത്ത തരംഗം സാമ്യതകളില്ലാത്തതായിരുന്നു. മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്റെ ചിത്രത്തിലെ ഗാനത്തിന് ഒപ്പം ചുവടുവെച്ച് അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സിയിലെ മാധ്യമ പ്രവര്‍ത്തകരും റഷ്യയടക്കമുള്ള രാജ്യത്തുള്ളവരും തരംഗത്തിന്റെ ഭാഗമായിരുന്നു.

ഇതിനിടെയാണ് ഗാനം ഗുജറാത്തി ഗാനത്തിന്റെ കോപ്പിയാണെന്ന ആരോപണം ഉയര്‍ന്നു വരുന്നത്. വീഡിയോ സഹിതം ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ പ്രചരണത്തിനും വീഡിയോയ്ക്ക് പിന്നിലെ സത്യമെന്താണെന്ന് വെളിപ്പെടുത്തിയും സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.


Also Read: ‘ദേ ദിതാണ് ഡാന്‍സ്’; ജിമിക്കി കമ്മലിനു റഷ്യന്‍ സുന്ദരിമാരുടെ കിടിലന്‍ ഡാന്‍സ്; വീഡിയോ വൈറലാകുന്നു


പൊതുവെ താന്‍ ഇത്തരം പ്രചരണങ്ങളോടൊന്നും പ്രതികരിക്കാറില്ലെങ്കിലും ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ ഗാനത്തിനെതിരെ വന്ന വിമര്‍ശനത്തിനെതിരെ നിശബ്ദമാകാന്‍ കഴിയില്ലെന്നു പറഞ്ഞാണ് ഷാന്‍ മറുപടിയുമായെത്തിയത്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ റെഡ് എഫ്.എമ്മിന്റെ ഗുജറാത്ത് വിഭാഗം തയ്യാറാക്കിയതാണെന്നും ജിമിക്കി കമ്മലിന്റെ ട്രെന്റിന്റെ പ്രചരണത്തിനായി തന്നെ നിര്‍മ്മിച്ച വീഡിയോ ആണിതെന്നും ഷാന്‍ വ്യക്തമാക്കുന്നു. വീഡിയോയില്‍ റെഡ് എഫ്.എമ്മിന്റെ ലോഗോ ഉണ്ടെന്നും തന്റെ ശബ്ദം ഗാനത്തിലുണ്ടെന്നും ഷാന്‍ ചൂണ്ടിക്കാണിക്കുന്നു.

ജിമിക്കി കമ്മല്‍ മലയാളികളുടെ അഭിമാനമായി മാറിയ, മലയാളികള്‍ തന്നെ നിര്‍മ്മിച്ച ഗാനമാണെന്നും ഗാനത്തിന് ലഭിച്ച സ്വീകാര്യത തങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നുവെന്നും ഷാന്‍ പറയുന്നു.