യേശു വിവാഹിതനാണെന്ന് ഈജിപ്ഷ്യന്‍ രേഖകള്‍
World
യേശു വിവാഹിതനാണെന്ന് ഈജിപ്ഷ്യന്‍ രേഖകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th September 2012, 10:40 am

ബോസ്റ്റണ്‍: ക്രിസ്തു വിവാഹിതനോ? വിവാദങ്ങള്‍ ചൂടുപിടിക്കുന്നു. പുരാതന ഈജിപ്ഷ്യന്‍ ലിപിയില്‍ കണ്ടെടുത്ത രേഖകളിലാണ് യേശു വിവാഹിതനാണെന്ന സൂചനയുള്ളത്. കണ്ടെടുത്ത ഗ്രന്ഥത്തിലെ യേശുവിന്റേതെന്ന് പറയപ്പെടുന്ന സംഭാഷണത്തിനിടയിലാണ് യേശു ഭാര്യയെ കുറിച്ച് പരാമര്‍ശിക്കുന്നത്. ” ജീസസ് അവരോട് പറഞ്ഞു, എന്റെ ഭാര്യ” എന്നാണ് വാക്യം. പുതിയ കണ്ടുപിടുത്തം വലിയ വിവാദമാണ് ക്രിസ്ത്യന്‍ ലോകത്ത് ഉണ്ടാക്കിയിരിക്കുന്നത്. []

നാലാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന രേഖകള്‍ കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഹാര്‍ഡ് വാര്‍ഡ് ഡിവൈനിറ്റി സ്‌കൂളിലെ പ്രൊഫസറായ കാരിന്‍ കിങ് റോമില്‍ നടന്ന ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചത്. ഒരു ചെറിയ വിസിറ്റിങ് കാര്‍ഡിന്റെ വലുപ്പമുള്ള രേഖകളാണ് കണ്ടെത്തിയിരിക്കുന്നത്.

ക്രിസ്തുമത പ്രകാരം യേശു വിവാഹിതനല്ലെന്നാണ് വിശ്വാസമെന്നും എന്നാല്‍ ഈ  വിശ്വാസത്തിന് തക്കതായ തെളിവില്ലെന്നും പറഞ്ഞാണ് കാരിന്‍ രേഖകള്‍ പ്രദര്‍ശിപ്പിച്ചത്. എന്തായാലും കാരിന്റെ വെളിപ്പെടുത്തല്‍ ക്രിസ്തുമത വിശ്വാസികള്‍ക്കിടയില്‍ വലിയ വിവാദത്തിനും ആശയക്കുഴപ്പത്തിനും ഇടയാക്കിയിരിക്കുകയാണ്.

ക്രിസ്തുവിന്റേതെന്ന് പറയപ്പെടുന്ന പുതിയ വചനങ്ങളില്‍ നിന്നും ക്രിസ്തു വിവാഹിതനാണെന്ന് പൂര്‍ണമായും വിശ്വസിക്കുക പ്രയാസമാണെങ്കിലും വിവാഹത്തെയും ലൈംഗികതയെയും കുറിച്ചുള്ള യേശുവിന്റെ കാഴ്ച്ചപ്പാട് എന്താണെന്നതിനെപറ്റിയാണ് വാഗ്വാദങ്ങള്‍ നടക്കുന്നത്.

2003 ല്‍ പുറത്തിറങ്ങിയ ഡാന്‍ ബ്രോണ്‍സിന്റെ “ദി ഡാവിഞ്ചി കോഡില്‍” യേശു തന്റെ പ്രധാന ശിഷ്യയായിരുന്ന മഗ്ദലന മറിയത്തെ വിവാഹം ചെയ്തിരുന്നെന്നും അവര്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നെന്നുമാണ് പറയുന്നത്. ഇതിന് കൂടുതല്‍ ആധികാരികമായ തെളിവുകള്‍ ലഭിച്ചെന്നാണ് കാരിന്‍ പറയുന്നത്. യേശു വിവാഹിതനായിരുന്നു എന്ന് ആദ്യകാല ക്രിസ്ത്യാനികള്‍ വിശ്വസിച്ചിരുന്നതായും കാരിന്‍ പറയുന്നു.

യേശു വിവാഹിതനായിരുന്നില്ലെന്നും ക്രൈസ്തവ പുരോഹിതര്‍ ബ്രഹ്മചാരികളായിരിക്കണമെന്നുള്ള വാദങ്ങളാണ് പുതിയ കണ്ടുപിടുത്തത്തോടെ ചോദ്യം ചെയ്യപ്പെടുന്നത്.

അതേസമയം, ഒരു പാപ്പിറസ് താളുകളിലെ രേഖകള്‍ ഒന്നിനും തെളിവല്ലെന്നാണ് ടെനസിയയിലെ ഗവേഷകനും പുരോഹിതനുമായ ജിം വെസ്റ്റ് പറയുന്നത്. രേഖകള്‍ വെളിപ്പെടുത്തിയ കാരിനും  ഇത്‌ അംഗീകരിക്കുന്നുണ്ടെങ്കിലും നാലാം നൂറ്റാണ്ടിലെ ജനങ്ങള്‍ ക്രിസ്തു വിവാഹിതനാണെന്ന് വിശ്വസിച്ചിരുന്നതിന് തെളിവാണിതെന്നാണെന്നും കാരിന്‍ പറയുന്നു.

ഫോട്ടോ:കടപ്പാട് റോയിറ്റേഴ്‌സ്‌