| Tuesday, 23rd May 2017, 1:02 pm

'കെട്ടിയിട്ട് പ്രദര്‍ശിപ്പിക്കാന്‍ ഞാനെന്താ മൃഗമാണോ?'; സൈനികര്‍ മനുഷ്യകവചമാക്കിയ യുവാവ് സൈന്യത്തോട് ചോദിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: രാജ്യത്തെ ഏതു നിയമമാണ് മനുഷ്യകവചത്തെ ന്യായീകരിക്കുന്നത്.? അതുമാത്രേമേ ഫാറൂഖ് ദാറിന് ചോദിക്കാനുള്ളൂ ഇന്ന്. കശ്മീരിലെ ബുദ്ഗാം ജില്ലയിലെ ചില്‍ ഗ്രാമത്തിലെ നെയ്ത്തുകാരനായ ഫാറൂഖിനെയായിരുന്നു കഴിഞ്ഞ മാസം ഇന്ത്യന്‍ സൈനികര്‍ തങ്ങളുടെ ജീപ്പിനു മുന്നില്‍ കെട്ടിവെച്ച് കല്ലേറുകാര്‍ക്കെതിരെ മനുഷ്യകവചമായി ഉപയോഗിച്ചത്. തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങിവരെവെയായിരുന്നു ഫാറൂഖിനെ മനുഷ്യകവചമാക്കി മാറ്റുന്നത്.

മനുഷ്യകവച സംഭവത്തിനു പിന്നിലെ സൈനിക ഉദ്യോഗസ്ഥന് കഴിഞ്ഞ ദിവസം സൈന്യം പ്രത്യേക ബഹുമതി നല്‍കിയിരുന്നു. ഇതിനെതിരെ പ്രതിപക്ഷം ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടന്നു കൊണ്ടിരിക്കെയാണ് സൈന്യത്തിന്റെ ബഹുമതി.

ഇങ്ങനെ തന്നോട് പെരുമാറാന്‍ താനെന്താ മൃഗമാണോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. കെട്ടിയിട്ട് പ്രദര്‍ശിപ്പിക്കാന്‍ താന്‍ പോത്തോ എരുമയോ ആണോ എന്ന ദാറിന്റെ ചോദ്യം മനുഷ്യത്വത്തിന് നേരെയുള്ള ശക്തമായ ചോദ്യമാണ്.

അതേസമയം സംഭവം സൃഷ്ടിച്ച മാനസികാഘാതം ദാറിനെ വിട്ട് ഇതുവരേയും പോയിട്ടില്ല എന്നതാണ് വാസ്തവം. തന്റെ കാലുകളിലും വയറിലും ഇപ്പോഴും വേദനയുണ്ടെന്നും ഗ്രാമം വിട്ടു പുറത്തു പോകാന്‍ തനിക്ക് കഴിയുന്നില്ലെന്നും ഒരാളുടെ കൂട്ടില്ലാതെ പുറത്ത് പോകാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.

കശ്മീരിലെ ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ചുരുക്കം ചിലരിലൊരാളായ ഫാറൂഖ് പറയുന്നത് താനിനി ജീവിതത്തിലൊരിക്കലും വോട്ട് ചെയ്യാനായി തെരഞ്ഞെടുപ്പ് ദിവസം പുറത്തിറങ്ങില്ലെന്നാണ്.

We use cookies to give you the best possible experience. Learn more