| Friday, 20th September 2019, 3:36 pm

'ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി അക്രമം ബി.ജെ.പി പ്ലാന്‍ ചെയ്തത്'; ഭാരത് മാതാ കി ജയ് വിളിച്ച് ആക്രമണം നടത്തിയത് പുറത്തുനിന്നെത്തിയ സംഘപരിവാര്‍ ഗുണ്ടകളെന്നും വിദ്യാര്‍ത്ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റില്‍ ഉണ്ടായ സംഘര്‍ഷം ബി.ജെ.പി- സംഘപരിവാര്‍ സംഘടനകള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നുമുള്ള ഗുരുതര ആരോപണവുമായി വിദ്യാര്‍ത്ഥികള്‍.

പുറത്തുനിന്നെത്തിയ 30-40 വയസുവരുന്ന നിരവധി ആളുകളാണ് ആക്രമണത്തിന് ചുക്കാന്‍ പിടിച്ചതെന്നും ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ മേല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം കെട്ടിവെക്കാനായിരുന്നു അവരുടെ ശ്രമമെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

വെള്ള ഷര്‍ട്ട് നിറയെ രക്തക്കറയുമായി തലപൊട്ടി ചോരയൊലിപ്പിച്ചു നില്‍ക്കുന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി പവന്‍ ശുക്ലയുടെ ചിത്രം കഴിഞ്ഞ ദിവസം വൈറലായിരുന്നു

യൂണിവേഴ്സിറ്റി കാമ്പസിന് പുറത്ത് നിന്ന് ‘ജയ് ശ്രീ റാം’ വിളിച്ചുവന്ന ആള്‍ക്കൂട്ടമാണ് തന്നെ മര്‍ദ്ദിച്ചതെന്നാണ് പവന്‍ ശുക്ല ദ ക്യുന്റിനോട് പറഞ്ഞത്.

”ഞാന്‍ ഒരു രാഷ്ട്രീയ സംഘടനയുടെയും ഭാഗമല്ല. എന്നാല്‍ എ.ബി.വി.പി വിരുദ്ധ പ്രതിഷേധത്തില്‍ ഞാന്‍ സ്വതന്ത്രമായി പങ്കെടുത്തിരുന്നു.’- പവന്‍ പറഞ്ഞു. അക്രമം ബി.ജെ.പി പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയതാണെന്ന് വ്യക്തമാക്കുകയായിരുന്നു പവന്റെ വാക്കുകള്‍.

വൈകുന്നേരം കുറച്ചു സമയത്തേക്ക് പുറത്തിറങ്ങിയിരുന്നു, തിരികെ നാലാം ഗേറ്റ് വഴി കാമ്പസിലേക്ക് കടക്കാന്‍ ഒരുങ്ങുമ്പോള്‍ അവിടെ കൈയില്‍ വടിയും സ്റ്റമ്പുകളുമായി ഒരുകൂട്ടം ആളുകള്‍ നില്‍ക്കുന്നത് കണ്ടു. ആരാണെന്നും എന്തിനാണ് വടികളുമായി നില്‍ക്കുന്നതെന്നും ഞാന്‍ അവരോട് ചോദിച്ചു. പ്രതിഷേധിക്കാരില്‍ ഒരാളാണെന്ന് ഞാന്‍ ധരിച്ചിട്ടാവും അവര്‍ എന്നെ ആക്രമിക്കാന്‍ തുടങ്ങി.

‘ എന്റെ നിരീക്ഷണത്തില്‍, ഇവര്‍ സമൂഹത്തിലെ താഴ്ന്ന വരുമാനക്കാരും വളരെ സാധാരണക്കാരുമായ ആളുകളാണ്. നിങ്ങള്‍ക്ക് 200-300 രൂപയ്ക്കോ ഒരു കുപ്പി മദ്യത്തിനോ വാടകയ്ക്കെടുക്കാന്‍ കഴിയുന്ന ആളുകള്‍.

അവര്‍ വിദ്യാര്‍ത്ഥികളായിരുന്നില്ല. പക്ഷേ അവര്‍ക്കൊപ്പം ചെറുപ്പക്കാരും ഉണ്ടായിരുന്നു, പക്ഷേ അവര്‍ കാമ്പസില്‍ നിന്നുള്ളവരാണെന്ന് ഞാന്‍ കരുതുന്നില്ല. 30 നും 40 നും ഇടയില്‍ പ്രായമുള്ള നിരവധി പേര്‍ അവരുടെ കൂട്ടത്തിലുണ്ടായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അവരില്‍ പലരും നെറ്റിയില്‍ സിന്ദൂരം തൊട്ടിരുന്നു. ”ജയ് ശ്രീ റാം, ജയ് ശ്രീ റാം” എന്ന് ആക്രോശിക്കുകയായിരുന്നു പലരും. അറുപതോളം ആളുകള്‍ ഉണ്ടായിരുന്നു. പതിനഞ്ച് മിനുട്ടോളം അവര്‍ എന്നെ മര്‍ദ്ദിച്ചു. എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസിലാക്കാന്‍ സാധിച്ചില്ല. പൊലീസ് അവിടെത്തന്നെയുണ്ടായിരുന്നെങ്കിലും ഇതിലൊന്നും ഇടപെടുന്നുണ്ടായിരുന്നില്ല.

”എന്റെ അടുത്ത് പോലീസ് ഉദ്യോഗസ്ഥരുണ്ടായിരുന്നു, ഞാന്‍ അവരോട് സഹായം ചോദിച്ചു. എന്നാല്‍ ക്യാമ്പസിലുള്ള മറ്റു ചിലര്‍ എത്തി എന്നെ ഓട്ടോയില്‍ കയറ്റി പുറത്തുകടക്കാന്‍ സഹായിച്ചു. നേരെ കെ.പി.സി മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്നു. അക്രമം നടത്തിയത് ക്യാമ്പസിലെ വിദ്യാര്‍ത്ഥികളല്ല, പുറത്തുനിന്നെത്തിയ ചിലര്‍ തന്നെയാണ്- പവന്‍ പറഞ്ഞു.

ഇന്നലെയായിരുന്നു ബി.ജെ.പി എം.പി ബാബുല്‍ സുപ്രിയോ പങ്കെടുത്ത പരിപാടിക്കിടെ ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റില്‍ അക്രമം ഉടലെടുത്തത്.
വിദ്യാര്‍ത്ഥികള്‍ തന്നെ ആക്രമിച്ചെന്നും തനിക്ക് പൊലീസ് സംരക്ഷണം തീര്‍ത്തില്ലെന്നുമായിരുന്നു സുപ്രിയോ ആരോപിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more