അല്‍വാര്‍: രാജസ്ഥാനിലെ അല്‍വാറിലെ നീംറാണയില്‍ സെപ്റ്റംബര്‍ അഞ്ചിന് കശ്മീരി വിദ്യാര്‍ഥിയെ കെട്ടിയിട്ട് മര്‍ദ്ദിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സ്ത്രീകളുടെ വസ്ത്രം ധരിച്ച് മാര്‍ക്കറ്റില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാവിനെ ജനങ്ങള്‍ ആക്രമിക്കുകയായിരുന്നെന്നായിരുന്നു റിപ്പോര്‍ട്ട്. മൂന്നാം വര്‍ഷ എയറനോട്ടിക്കല്‍ എഞ്ചിനിയറിങ് വിദ്യാര്‍ഥിയായ മിര്‍ ഫായിസ് എന്ന യുവാവാണ് ആക്രമിക്കപ്പെട്ടത്. അവന്‍ ചുരിദാര്‍ ധരിച്ച് തെരുവിലൂടെ നടന്നതെന്ന് വിശദീകരിക്കുകയാണ് മിര്‍ ഫായിസിന്റെ സഹോദരന്‍.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘പൊലീസിനു നല്‍കിയ പരാതിയില്‍ എന്റെ സഹോദരന്‍ പറഞ്ഞത്, ചില സാധനങ്ങള്‍ വാങ്ങാന്‍ നീംറാന മാര്‍ക്കറ്റിലേക്ക് പോയതായിരുന്നു അവന്‍. വഴിയില്‍ മൂന്ന് ആണ്‍കുട്ടികള്‍ അവനെ തടയുകയും ബലംപ്രയോഗിച്ച് ബൈക്കിലേക്ക് കയറ്റുകയും ചെയ്തു. അവര്‍ അവനെ ഒറ്റപ്പെട്ട ഒരു സ്ഥലത്ത് കൊണ്ടുപോയി ബലം പ്രയോഗിച്ച് സ്ത്രീകളുടെ വസ്ത്രം ധരിപ്പിച്ചു. ആ വസ്ത്രത്തില്‍ മാര്‍ക്കറ്റിലൂടെ നടക്കണമെന്നും പറഞ്ഞു. ചെയ്തില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അവന്‍ ഒരു എ.ടി.എമ്മിലേക്ക് നടന്നുപോയി വസ്ത്രം മാറ്റാന്‍ ശ്രമിച്ചു, പക്ഷേ അപ്പോഴേക്കും ആള്‍ക്കൂട്ടം വളഞ്ഞിരുന്നു. അവര്‍ അവനെ ഒരു തൂണില്‍ കെട്ടിയിട്ട് തുടര്‍ച്ചയായി അടിക്കുകയായിരുന്നു.’ ദല്‍ഹിയില്‍ ജോലി ചെയ്യുന്ന ഫായിസിന്റെ മൂത്ത സഹോദരന്‍ ഫൈസല്‍ പറയുന്നു.
ഫായിസിന്റെ പരാതിയില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐ.പി.സി സെക്ഷന്‍ 323, 143, 341, 342, 505, 506 പ്രകാരമാണ് കേസെടുത്തത്.