| Wednesday, 29th August 2018, 8:24 pm

നോട്ടു നിരോധിച്ചത് കള്ളപ്പണക്കാര്‍ക്ക് സമ്പാദ്യം വെളുപ്പിക്കാനായിരുന്നോ?: കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: കള്ളപ്പണക്കാര്‍ക്ക് തങ്ങളുടെ സമ്പാദ്യം വെളുപ്പിക്കാനുള്ള വഴിയൊരുക്കാന്‍ സൃഷ്ടിച്ച പദ്ധതിയായിരുന്നോ നോട്ടുനിരോധനമെന്ന് മോദി സര്‍ക്കാരിനോട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നിരോധിച്ച നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയെന്ന റിസര്‍വ് ബാങ്കിന്റെ പ്രസ്താവന പുറത്തുവന്നതിനു ശേഷമാണ് മമത സര്‍ക്കാരിനെതിരെ ട്വിറ്ററില്‍ കുറിച്ചത്.

“2016ല്‍ നോട്ടുനിരോധനം നടപ്പില്‍ വന്നപ്പോള്‍ത്തന്നെ അത് ജനങ്ങള്‍ക്കെതിരായ നീക്കമാണെന്ന് എനിക്ക് ഉറപ്പായിരുന്നു. സാധാരണക്കാരെയും കര്‍ഷകരെയും ചെറുകിട വ്യവസായികളെയും തൊഴിലാളികളെയുമെല്ലാം അത് രൂക്ഷമായി ബാധിക്കുമെന്ന് അറിയാമായിരുന്നു” മമതയുടെ ട്വിറ്റര്‍ കുറിപ്പില്‍ പറയുന്നു.

Also Read: കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ വിജയിപ്പിച്ച എന്തെങ്കിലും പദ്ധതി ഉണ്ടോ?;99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന വാര്‍ത്തയില്‍ കേന്ദ്രത്തിനെതിരെ ട്രോള്‍ മഴ

“ഇന്ന് റിസര്‍വ് ബാങ്ക് പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ട് നമ്മുടെയെല്ലാം സംശയം ദൂരീകരിച്ചിട്ടുണ്ട്. നിരോധിച്ച നോട്ടിന്റെ 99.3 ശതമാനവും മടങ്ങിയെത്തിയതായാണ് കണക്കുകള്‍. അങ്ങിനെയെങ്കില്‍, കള്ളപ്പണം എവിടെപ്പോയി എന്നാണെന്റെ ആദ്യത്തെ ചോദ്യം. ഈ നീക്കം നടപ്പില്‍ വരുത്തിയത് കള്ളപ്പണക്കാര്‍ക്ക് അവരുടെ കൈവശമുള്ള പണം വെളുപ്പിക്കാനാണോ എന്നാണ് എനിക്ക് രണ്ടാമതായി ചോദിക്കാനുള്ളത്.”

നിരോധിച്ച അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് ഇന്ന് വ്യക്തമാക്കിയതോടെ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുകയാണ്. വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് റിപ്പോര്‍ട്ട് പുറത്തു വന്നതോടെ സര്‍ക്കാരിനെതിരെ ഉയരുന്നത്.

We use cookies to give you the best possible experience. Learn more