ന്യൂദല്‍ഹി: ഭീമ കോറേഗാവ് കലാപം ആസൂത്രണം ചെയ്തെന്ന് ആരോപിച്ച് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത അഞ്ച് സാമൂഹ്യപ്രവര്‍ത്തകരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിധി പറയാനിരുന്നത് ജസ്റ്റിസ് ചന്ദ്രചൂഡെന്ന് റിപ്പോര്‍ട്ട്.
ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിധി പറയുമെന്നാണ് സുപ്രീം കോടതി ആദ്യം വ്യക്തമാക്കിയിരുന്നതെന്ന് ദ കാരവാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കേസ് പരിഗണിക്കുന്നതിന്റെ തലേ ദിവസം കേസില്‍ വിധി പറയുന്നത് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ആണെന്നായിരുന്നു സുപ്രീം കോടതി വെബ്സൈില്‍ രേഖപ്പെടുത്തിയത്. കാരവനാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കും തനിക്കും വേണ്ടിയുള്ള ഭൂരിപക്ഷ വിധി പ്രസ്താവം നടത്തിയത് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ ആയിരുന്നു.
ഭീമ-കൊറെഗാവ് സംഘര്‍ഷവുമായി ബന്ധമുണ്ടെന്നാരോപിച്ചു മഹാരാഷ്ട്ര പൊലീസ് അറസ്റ്റുചെയ്ത അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരെ വിട്ടയക്കണമെന്ന ആവശ്യം തള്ളിയ സുപ്രീം കോടതി ഇവരുടെ വീട്ടുതടങ്കല്‍ നാലാഴ്ചകൂടി തുടരുമെന്ന് അറിയിക്കുകയായിരുന്നു.
കേസ് അന്വേഷണത്തിനു പ്രത്യേക സംഘം (എസ്.ഐ.ടി.) രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട ഹരജിയും കോടതി തള്ളിയിരുന്നു. കേസില്‍ ഇടപെടാന്‍ വിസമ്മതിച്ച കോടതി, അന്വേഷണവുമായി മുന്നോട്ടുപോകാന്‍ പുണെ പോലീസിന് അനുമതി നല്‍കുകയും ചെയ്തു.
അതേസമയം കേസ് അന്വേഷിക്കുന്ന മഹാരാഷ്ട്ര പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച ജസ്റ്റിസ് ചന്ദ്രചൂഡ് കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മഹാരാഷ്ട്ര പൊലീസിന്റെ അന്വേഷണത്തിന് വിശ്വാസ്യതയില്ലെന്നും എസ്.ഐ..ടി അന്വേഷണം അനിവാര്യമാണെന്നും വ്യക്തമാക്കിയുള്ള ന്യൂനപക്ഷ വിധിയാണ് പ്രസ്താവിച്ചത്.
ഈ സാഹര്യത്തില്‍ സുപ്രീം കോടതി വെബ്സൈറ്റിലെ വിവരങ്ങള്‍ സംശയങ്ങള്‍ക്ക് ഇട നല്‍കുന്നതാണ് എന്ന് കാരവന്‍ ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പേര് രേഖപ്പെടുത്തിയ ശേഷം എന്തുകൊണ്ടാണ് അത് മാറ്റിയത് എന്നത് സംബന്ധിച്ച് സുപ്രീം കോടതി രജിസ്റ്റാര്‍ വിശദീകരണമൊന്നും നല്‍കിയിട്ടില്ല.
ഓരോ ദിവസവും കോടതി പരിഗണിക്കുന്ന കേസ് ഏതെല്ലാം, ഏത് ബെഞ്ചാണ് വിധി കേള്‍ക്കാന്‍ പോകുന്നത്, ഓരോ കേസും പരിഗണിക്കുന്ന ജഡ്ജി ആര്? വിധി പറയുന്ന ജഡ്ജി ആര്, കേസ് പരിഗണിക്കുന്ന സമയം ഏത് തുടങ്ങിയ കാര്യങ്ങളെല്ലാം സുപ്രീം കോടതി വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യാറാണ് പതിവ്.
സെപ്റ്റംബര്‍ 27 ന് വിധിന്യായം വായിക്കുന്നത് ചന്ദ്രചൂഡ് ആണെന്നായിരുന്നു രേഖപ്പെടുത്തിയത്. എന്നാല്‍ കേസ് പരിഗണിക്കുന്ന ദിവസം രാവിലെ ആയപ്പോഴേക്കും സുപ്രീം കോടതി രജിസ്റ്ററി വെബ്‌സൈറ്റില്‍ ഒരു നോട്ടീസ് പ്രസിദ്ധപ്പെടുത്തുകയും ഭൂരിപക്ഷ വിധിപ്രസ്താവം നടത്തുന്നത് എ.എം ഖന്‍വില്‍ക്കറും ചന്ദ്രചൂഡൂം ചേര്‍ന്നായിരിക്കുമെന്ന് മാറ്റുകയും ചെയ്യുകയായിരുന്നു.
എന്നാല്‍ ഭീമ കൊറേഗാവ് പോലെ പ്രധാനപ്പെട്ട ഒരു കേസിലെ വിധി ന്യായവുമായി ബന്ധപ്പെട്ട് ഇത്തരമൊരു പിഴവ് എന്തുകൊണ്ടു സംഭവിച്ചു എന്ന ചോദ്യത്തിന് കൃത്യമായ മറുപടി സുപ്രീം കോടതി രജിസ്ട്രാര്‍ നല്‍കുന്നില്ല. വിഷയത്തില്‍ പ്രതികരണം നല്‍കാനായി സമീപിച്ചെങ്കിലും സുപ്രീം കോടതി രജിസ്ട്രാര്‍ രാജ്കുമാര്‍ ചൗബേ തയ്യാറായില്ലെന്നും കാരവന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സര്‍ക്കാരിന് പ്രധാനപ്പെട്ട കേസ് ആയതിനാലും ചന്ദ്രചൂഡ് ആണ് വിധി എഴുതുന്നത് എന്ന് വിവരം ലഭിച്ചതിനാലും ചില ഇടപെടലുകള്‍ നടന്നതായി സംശയിക്കുന്നു എന്നാണ് കേസില്‍ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായവരില്‍ ഒരാളും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ കാരവാനോട് പ്രതികരിച്ചത്.
“മൂന്ന് ജഡ്ജിമാര്‍ക്കും വേണ്ടിയുള്ള ഐകകണ്ഠ വിധിയാണ് ചന്ദ്രചൂഡ് പ്രസ്താവിക്കാനിരുന്നത്. ഇത് യാദൃശ്ചികമായി സംഭവിച്ചതാണ് എന്ന് കരുതുന്നില്ല. ചന്ദ്രചൂഡിന്റെ വിധ്യന്യായം ഈ സൂചന നല്‍കുന്നതാണ്”- പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
ഹര്‍ജി മൂന്ന് ദിവസം കഴിഞ്ഞ് ലിസ്റ്റ് ചെയ്യണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിന് ഉത്തരവിടണമെന്നുമായിരുന്നു വിയോജിച്ചുകൊണ്ടുള്ള ന്യൂനപക്ഷ വിധിന്യായത്തില്‍ ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞിരുന്നത്. കേസ് വീണ്ടും ലിസ്റ്റ് ചെയ്യണമെന്ന് സാധാരണനിലയില്‍ ഒരു ന്യൂനപക്ഷ വിധിന്യായത്തില്‍ പറയാറില്ലെന്നും പ്രശാന്ത് ഭൂഷണ്‍ പറയുന്നു.
ദീപക് മിശ്ര, ഖാന്‍വില്‍കര്‍ എന്നിവര്‍ വീട്ടുതടങ്കല്‍ തുടരാന്‍ വിധിച്ചപ്പോള്‍ ചന്ദ്രചൂഡ് ഇതിനോടു വിയോജിച്ചിരുന്നു. പൊലീസ് ഉന്നയിച്ച ആരോപണങ്ങളുമായി അറസ്റ്റിലായവരെ ബന്ധിപ്പിക്കുന്ന ഒന്നുമില്ലെന്നും കോടതി നിരീക്ഷണത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും ചന്ദ്രചൂഡ് നിരീക്ഷിച്ചു. ഊഹാപോഹങ്ങളുടെ അള്‍ത്താരയില്‍ സ്വാതന്ത്ര്യം ബലികഴിക്കപ്പെടാതിരിക്കാന്‍ കോടതി ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അവ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയെ വധിക്കാനുള്ള ഗൂഢാലോചന നടത്തിയെന്ന കുറ്റങ്ങള്‍ അവരുടെമേല്‍ ചുമത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അറസ്റ്റിലായവരുടെ മാധ്യമവിചാരണയ്ക്കായാണു പൊലീസ് ഇലക്ട്രോണിക് മാധ്യമങ്ങളെ ഉപയോഗിച്ചത്. അത് അന്വേഷണം സുതാര്യമല്ലെന്നാണു വ്യക്തമാക്കുന്നത്. അതു ചോദ്യംചെയ്യപ്പെടണം. അന്വേഷണത്തില്‍ ആശങ്കയുണ്ടെന്നും ചന്ദ്രചൂഡ് നിരീക്ഷിച്ചിരുന്നു. ചില പ്രത്യേക കാര്യങ്ങള്‍മാത്രം പുറത്തുവിടുന്നത് അന്വേഷണത്തില്‍ നിഴല്‍ വീഴ്ത്തുന്നതാണെന്നും സുധാ ഭരദ്വാജിന്റെ കത്തു പുറത്തുവിട്ട പൊലീസ് നടപടിയെ വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞിരുന്നു.