നിങ്ങളുടെ മുലകള്‍ യഥാര്‍ത്ഥമാണോ; സ്‌കൂള്‍ അഭിമുഖത്തിനിടെ നേരിട്ട 'ക്രൂരമായ'ചോദ്യം തുറന്നുപറഞ്ഞ് അധ്യാപിക
national news
നിങ്ങളുടെ മുലകള്‍ യഥാര്‍ത്ഥമാണോ; സ്‌കൂള്‍ അഭിമുഖത്തിനിടെ നേരിട്ട 'ക്രൂരമായ'ചോദ്യം തുറന്നുപറഞ്ഞ് അധ്യാപിക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th June 2018, 2:38 pm

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ പ്രസിദ്ധമായ സ്‌കൂളുകളില്‍ അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖത്തിനായി തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് സുചിത്രയെന്ന 30 കാരി എത്തിയത്. ജോലി ലഭിക്കാന്‍ തന്റെ ഇരട്ട എം.എയും ബി.എഡ് ഡിഗ്രിയും ധാരാളം മതിയെന്ന് അവര്‍ ഉറച്ചുവിശ്വസിച്ചു. എന്നാല്‍ തന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചും പ്രവര്‍ത്തിപരിചയത്തെ കുറിച്ചും മാത്രമായിരുന്നില്ല പാനലിലുള്ളവര്‍ക്ക് അറിയേണ്ടിയിരുന്നതെന്ന് സുചിത്ര പറയുന്നു.

“എന്റെ മുലകള്‍ യഥാര്‍ത്ഥമാണോയെന്നും അതോ ഞാന്‍ പ്രസവിച്ച സ്ത്രീയാണോ എന്നുമായിരുന്നു അവര്‍ ചോദിച്ചത്”- സുചിത്ര പറയുന്നു.

2017 ല്‍ ലിംഗമാറ്റശസ്ത്രക്രിയയ്ക്ക് വിധേയയായതിന് ശേഷമാണ് ഹിരണ്‍മയ് ഡേ എന്ന പേരുമാറ്റി സുചിത്ര എന്ന പേര് ഇവര്‍ സ്വീകരിക്കുന്നത്.

“” എന്റെ വിദ്യാഭ്യാസ യോഗ്യതയോ 10 വര്‍ഷത്തെ അനുഭവ സമ്പത്തോ അവരെ സംബന്ധിച്ച് ഒരു വിഷയമേ ആയിരുന്നില്ല. ഒരു പുരുഷന്‍ സ്ത്രീയായതിന്റെ എല്ലാ അത്ഭുതങ്ങളും നിറഞ്ഞ നോട്ടമായിരുന്നു അവരുടേത്. ഈ ലോകത്തെ മറ്റെന്തൊക്കെ ഉള്‍ക്കൊണ്ടാലും പലര്‍ക്കും മൂന്നാംലിംഗക്കാരെ പരിഗണിക്കുക എന്നത് വലിയ ബുദ്ധിമുട്ടാണ്. അത് ഞങ്ങളുടെ ജീവിതത്തെ വലിയ രീതിയില്‍ ബാധിക്കുന്നുമുണ്ട്””- സുചിത്ര പറയുന്നു.


Also Read എന്തുകൊണ്ട് ഞാന്‍ ബി.ജെ.പിയില്‍ നിന്നും രാജിവെച്ചു? നിരവധി സംസ്ഥാനങ്ങളില്‍ ബി.ജെ.പിയ്ക്കായി പ്രചരണം നടത്തിയ ശിവം ശങ്കര്‍ സിങ് എഴുതുന്നു


“”കൊല്‍ക്കത്തയിലെ പ്രസിദ്ധമായ ഒരു സ്‌കൂളിലായിരുന്നു ഞാന്‍ അഭിമുഖത്തിനായി ചെന്നത്. പാനലിലുള്ള ഒരാള്‍ എന്നോട് പുരുഷന്‍മാര്‍ ഇടുന്ന വസ്ത്രം ധരിക്കണമെന്നാണ് പറഞ്ഞത്. എന്റെ മാര്‍ക്ക് ലിസ്റ്റിലും സര്‍ട്ടിഫിക്കറ്റിലും ഞാന്‍ പുരുഷനാണ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് അദ്ദേഹം അതിന് പറഞ്ഞ ന്യായം. ഓരോ ചോദ്യത്തിലും ഞാന്‍ അപമാനിക്കപ്പെടുകയായിരുന്നു. ആ സ്‌കൂളിലെ പ്രിന്‍സിപ്പലിന് അറിയേണ്ടത് ഞാന്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ടോ എന്നായിരുന്നു, മാത്രമല്ല എന്റെ മുലകള്‍ യഥാര്‍ത്ഥമാണോ എന്നുകൂടി അദ്ദേഹം ചോദിച്ചു. ഞാന്‍ ഒരു ട്രാന്‍സ്‌ജെന്റര്‍ യുവതി അല്ലായിരുന്നെങ്കില്‍ അവര്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുമായിരുന്നോ? സുചിത്ര ചോദിക്കുന്നു.

സര്‍ജറിക്ക് മുന്‍പും സുചിത്ര കൊല്‍ക്കത്തയിലെ ഒരു സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്തിരുന്നു. “”അവിടെ എല്ലാവരും വലിയ സഹകരണമായിരുന്നു. സര്‍ജറിക്ക് ശേഷവും ഞാന്‍ അവിടെ തന്നെ റീജോയിന്‍ ചെയ്യുന്നതില്‍ മാനേജുമെന്റിന് സന്തോഷവുമായിരുന്നു. പൂര്‍ണമായും സ്ത്രീയായി മാറിയ ശേഷം അഞ്ചാം ക്ലാസിനും പത്താം ക്ലാസിനും ഇടയിലുള്ള കുട്ടികള്‍ക്കായിരുന്നു അവിടെ ക്ലാസെടുത്തുപോന്നത്””- സുചിത്ര പറയുന്നു.

കൊല്‍ക്കത്ത സ്‌കൂളില്‍ നിന്നും നേരിട്ട അപമാനത്തില്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ് സുചിത്ര. ഇനിയും ഇത്തരം അപമാനം സഹിക്കാന്‍ വയ്യ. കൊല്‍ക്കത്തയിലെ ഇത്രയും പ്രസിദ്ധമായ സ്‌കൂളില്‍ പോലും ഇത്തരം വികലമായ മാനസികാവസ്ഥ വെച്ചുപുലര്‍ത്തുന്നവരാണ് ഉള്ളത്. ഇവര്‍ എങ്ങനെയാണ് കുട്ടികള്‍ക്ക് നല്ല കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുക. വിദ്യാഭ്യാസം ഉള്ള തന്നെപ്പോലുള്ളവര്‍ക്ക് പോലും ഇങ്ങനെയാണ് നേരിടേണ്ടി വരുന്നതെങ്കില്‍ സമൂഹത്തിന്റെ താഴെത്തട്ടില്‍ കഴിയുന്ന, വിദ്യാഭ്യാസം ഇല്ലാത്ത ആളുകള്‍ എന്തെല്ലാം സഹിക്കേണ്ടി വരും?- സുചിത്ര ചോദിക്കുന്നു. അതേസമയം വിഷയത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും നടപടികള്‍ കൈക്കൊള്ളുമെന്നും പശ്ചിമബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ അസിസ്റ്റന്റ് സെക്രട്ടറി നിര്‍മല ചന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചു.