| Tuesday, 11th August 2020, 1:19 pm

'ആരുടേയും ഔദാര്യം പറ്റിയിട്ടില്ല, സ്വന്തം പോക്കറ്റില്‍ നിന്ന് കാശുകൊടുത്താണ് റിസോര്‍ട്ടില്‍ തങ്ങിയത്'; സച്ചിന്‍ പൈലറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: താന്‍ എന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പം തന്നെയാണെന്നും അതുകൊണ്ട് തന്നെ ഇപ്പോഴത്തേതിനെ ഒരു തിരിച്ചുവരവ് എന്ന് പറയരുതെന്നും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്.

കോണ്‍ഗ്രസ് വിട്ട് ഞാന്‍ എങ്ങോട്ടും പോയിട്ടില്ല. പിന്നെ എങ്ങനെ തിരിച്ചുവരും. രാജസ്ഥാന്‍ സര്‍ക്കാരിന്റെ ചില നടപടികളില്‍ ഞങ്ങള്‍ക്ക് വിയോജിപ്പ് രേഖപ്പെടുത്തേണ്ടതുണ്ടായിരുന്നു അത് ചെയ്തു. എം.എല്‍.എമാര്‍ക്കൊപ്പം റിസോര്‍ട്ടില്‍ പോയി താമസിക്കുകയല്ലാതെ തന്റെ മുന്നില്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലായിരുന്നെന്നും പൈലറ്റ് ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നിങ്ങളുടെ ജീവന് തന്നെ ഭീഷണി ഉണ്ടാകുന്ന സാഹചര്യം, 45 എഫ്.ഐ.ആര്‍ ആണ് എം.എല്‍.എമാര്‍ക്കെതിരെ ഇട്ടത്. ഞങ്ങള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തി. ഈ ഘട്ടത്തില്‍ റിസോര്‍ട്ടില്‍ അഭയം തേടുകയല്ലാതെ മറ്റ് മാര്‍ഗമുണ്ടായിരുന്നില്ല. ജയ്പൂരില്‍ നിന്നും പ്രതികരണമൊന്നും ലഭിക്കാതെ വരുമ്പോള്‍ ഞങ്ങള്‍ പിന്നെ എന്തുചെയ്യണം, സച്ചിന്‍ പൈലറ്റ് ചോദിച്ചു.

ആരില്‍ നിന്നും ഒരു ഔദാര്യവും ഞങ്ങള്‍ പറ്റിയിട്ടില്ല. റിസോര്‍ട്ടില്‍ താമസിച്ചതിന്റെ മുഴുവന്‍ ചിലവും സ്വന്തം പോക്കറ്റില്‍ നിന്നാണ് വഹിച്ചത്. സംസാരിച്ച് ഒരു പരിഹാരം ഉണ്ടാക്കാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല. ഭരണകൂടം വരെ ഞങ്ങള്‍ക്ക് എതിരെ തിരിഞ്ഞ ഘട്ടത്തിലാണ് മാറി നില്‍ക്കാന്‍ തീരുമാനിച്ചത്. സംസാരത്തിനുള്ള അന്തരീക്ഷം പോലും അവിടെ ഉണ്ടായിരുന്നില്ല.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ചില പരാമര്‍ശങ്ങള്‍ തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും എന്നാല്‍ മറുപടി പറയാന്‍ നില്‍ക്കാതെ അതില്‍ നിന്നെല്ലാം മാറിനില്‍ക്കുകയായിരുന്നെന്നും പൈലറ്റ് പറഞ്ഞു.

‘അദ്ദേഹം എന്റെ സീനിയറാണ്, ഞങ്ങള്‍ നേരത്തെ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത് ഇതാദ്യമല്ല. എനിക്ക് ജനങ്ങളുടെ പിന്തുണയുണ്ട്, ഞാന്‍ ഉയര്‍ന്ന പദവിയിലാണോ താഴ്ന്ന പദവിയിലാണോ എന്നതൊന്നും അവിടെ പ്രശ്‌നമല്ല. എന്നാല്‍ ഉയര്‍ന്ന ധാര്‍മികത കാണിക്കേണ്ട ഘട്ടം വന്നു. അത് ഞാന്‍ ആഗ്രഹിച്ചു’ പൈലറ്റ് പറഞ്ഞു.

പല പരാമര്‍ശങ്ങള്‍ക്കും തനിക്ക് മറുപടി ഉണ്ടായിരുന്നെന്നും പക്ഷേ അതില്‍ നിന്നെല്ലാം താന്‍ വിട്ടുനില്‍ക്കുകയായിരുന്നുവെന്നും പൈലറ്റ് പറഞ്ഞു. എം.എല്‍.എമാര്‍ക്ക് എന്നെ അറിയാം, ജനങ്ങള്‍ക്കറിയാം. ഞാന്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് എന്ന് അവര്‍ക്ക് ബോധ്യമുണ്ട്’, പൈലറ്റ് പറഞ്ഞു.

താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്ന പ്രത്യാശയും പൈലറ്റ് അഭിമുഖത്തിനിടെ പങ്കുവെച്ചു. ഓഗസ്റ്റ് 14 ന് രാജസ്ഥാന്‍ നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെയാണ് പൈലറ്റിന്റെ മടങ്ങിവരവ്.

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പൈലറ്റ് തിരിച്ച് കോണ്‍ഗ്രസ് പാളത്തില്‍ എത്തുന്നത്. ഇതോടെ ഒരുമാസമായി നീളുന്ന രാഷ്ട്രീയപ്രതിസന്ധിയ്ക്കാണ് രാജസ്ഥാനില്‍ വിരാമമായത്. താന്‍ ഒരിടത്തും നിന്നും പിരിഞ്ഞുപോന്നിട്ടില്ലെന്നും പ്രത്യയശാസ്ത്രപരമായ ചില പ്രശ്‌നങ്ങളാണ് വിട്ടുനില്‍ക്കലിന് പിന്നിലെന്നും പൈലറ്റ് നേരത്തെ പ്രതികരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Was always with Congress, this is not a comeback, says Sachin Pilot

We use cookies to give you the best possible experience. Learn more