ഇന്ത്യന്‍ ബൗളര്‍മാരെ സ്വന്തമാക്കുന്ന ശൈലി പിന്തുടര്‍ന്ന് കൗണ്ടി സൂപ്പര്‍ ടീമുകള്‍. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍മാരില്‍ പ്രധാനിയായ മുഹമ്മദ് സിറാജിനെയാണ് കൗണ്ടിയിലെ സൂപ്പര്‍ ടീമായ വാര്‍വിക്‌ഷെയര്‍ സ്വന്തമാക്കിയിരിക്കുന്നത്.
കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ബാക്കിയുള്ള മൂന്ന് മത്സരങ്ങള്‍ക്കാണ് വാര്‍വിക്‌ഷെയര്‍ സിറാജിനെ പൊക്കിയിരിക്കുന്നത്.
‘സിറാജ് സ്‌ക്വാഡിലെ മികച്ച ഒരു അഡീഷനാണ്. അദ്ദേഹം ടീമിലെത്തുന്നതിനായിട്ടാണ് ഞങ്ങളിപ്പോള്‍ കാത്തിരിക്കുന്നത്. അദ്ദേഹം ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ്.’
അദ്ദേഹത്തിന്റെ ബൗളിങ് സ്‌കില്‍ വാര്‍വിക്‌ഷെയര്‍ ലൈന്‍ അപ്പിന് പുതിയൊരു ഡയമെന്‍ഷന്‍ തന്നെയാവും കൊണ്ടുവരിക,’ വാര്‍വിക്‌ഷെയര്‍ ഡയറക്ടര്‍ പോള്‍ ഫാബ്രേസ് പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനമാണ് സിറാജ് നടത്തിക്കൊണ്ടിരിക്കുന്നത്.
2020ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ബോക്‌സിങ് ഡേ ടെസ്റ്റിലായിരുന്നു സിറാജ് റെഡ്‌ബോള്‍ ഫോര്‍മാറ്റില്‍ തന്റെ അരങ്ങേറ്റം കുറിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി ഇതുവരെ 13 ടെസ്റ്റ് കളിച്ച താരം മൂന്ന് തവണ നാല് വിക്കറ്റ് നേട്ടമടക്കം 40 വിക്കറ്റാണ് ഇതുവരെ വീഴ്ത്തിയത്. ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ ഇതുവരെ 52 മത്സരങ്ങള്‍ കളിച്ച സിറാജ് 194 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.
നിലവില്‍, ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിലാണ് സിറാജുള്ളത്. മൂന്ന് ഏകദിനങ്ങളാണ് ഏഷ്യാ കപ്പിന് മുമ്പ് ഇന്ത്യ സിംബാബ്‌വേയില്‍ കളിക്കുക.
സിറാജിന് പുറമെ മറ്റ് പല ഇന്ത്യന്‍ താരങ്ങളും കൗണ്ടി കളിക്കാന്‍ ഇംഗ്ലണ്ടിലേക്ക് പറന്നിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ സ്റ്റാര്‍ പേസര്‍ നവ്ദീപ് സെയ്നിയായിരുന്നു അവസാനം കൗണ്ടി കളിക്കാന്‍ കരാറിലെത്തിയത്.
ചേതേശ്വര്‍ പൂജാര, ക്രുണാല്‍ പാണ്ഡ്യ, ഉമേഷ് യാദവ് എന്നിവരാണ് കൗണ്ടി കളിക്കാന്‍ പോയ മറ്റ് താരങ്ങള്‍.
പൂജാര സസക്‌സിന് വേണ്ടിയും വാഷിങ്ടണ്‍ സുന്ദര്‍ ലങ്കാഷെയറിന് വേണ്ടിയും ക്രുണാല്‍ പാണ്ഡ്യ വാര്‍വിക്‌ഷെയറിന് വേണ്ടിയുമാണ് കളിക്കുന്നത്. ഉമേഷ് യാദവ് മിഡില്‍സെക്‌സിനും നവ്ദീപ് സെയ്നി കെന്റിന് വേണ്ടിയുമാണ് പന്തെറിയുന്നത്.
Content Highlight: Warwickshire Sign Indian star pacer Muhammed Siraj to County Team