| Friday, 31st October 2014, 11:45 am

ഭോപ്പാല്‍ വാതക ദുരന്തക്കേസിലെ മുഖ്യപ്രതി: വാറന്‍ ആന്‍ഡേഴ്‌സണ്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫ്‌ളോറിഡ: വാറന്‍ ആന്‍ഡേഴ്‌സണ്‍ അന്തരിച്ചു. ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ മുന്‍ മേധാവിയായിരുന്നു അദ്ദേഹം. ഫ്‌ളോറിഡയിലെ ആശുപത്രിയില്‍ വച്ച് സെപ്തംബര്‍ 29 നായിരുന്നു മരണം. 92 വയസായിരുന്നു.

ദീര്‍ഘകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് വിശ്രമ ജീവിതം നയിക്കുകയായിരുന്നു. മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല.

1921 നവംബര്‍ 29 നായിരുന്നു അമേരിക്കന്‍ ബിസിനസുകാരനായിരുന്ന ആന്‍ഡേഴ്‌സണിന്റെ ജനനം. 1984 ല്‍ ഭോപ്പാല്‍ ദുരന്തം നടക്കുമ്പോള്‍ അദ്ദേഹമായിരുന്നു കമ്പനിയുടെ സി.ഇ.ഒ. 3787 പേരാണ് ദുരന്തത്തില്‍ മരണപ്പെട്ടിരുന്നത്. ആയിരക്കണക്കിന് പേരെ ദുരന്തം ബാധിക്കുകയും ചെയ്തിരുന്നു.

ദുരന്തത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ട ആന്‍ഡേഴ്‌സണെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ രേഖകളില്‍ നിന്ന് ലഭിച്ച വിവരങ്ങില്‍ നിന്നുമാണ് ഇദ്ദേഹം മരിച്ച വിവരം സ്ഥിരീകരിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

1986 ല്‍ വിരമിക്കുന്നതുവരെ അദ്ദേഹമായിരുന്നു യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ സി.ഇ.ഒ. ആന്‍ഡേഴ്‌സണിന്റെ ചിലവ് ചുരുക്കല്‍ നടപടികളാണ് ഭോപ്പാല്‍ ദുരന്തത്തിന് കാരണം എന്ന് വിമര്‍ശനമുണ്ടായിരുന്നു.

ദുരന്തത്തെത്തുടര്‍ന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിലിറങ്ങി രാജ്യം വിടുകയായിരുന്നു. അതോടെയാണ് അദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

We use cookies to give you the best possible experience. Learn more