ന്യൂദല്‍ഹി: കൊവിഡിന്റെ രണ്ടാം വരവ് സംബന്ധിച്ചും അതിന്റെ തീവ്രതയെക്കുറിച്ചും കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തല്‍. പുതിയതും കൂടുതല്‍ വ്യാപന ശേഷിയുള്ളതുമായ കൊവിഡ് വകഭേദം രാജ്യത്ത് പിടിമുറുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ശാസ്ത്ര ഉപദേശക സമിതി മാര്‍ച്ചില്‍ത്തന്നെ കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് വെളിപ്പെടുത്തുന്നത്. ഈ റിപ്പോര്‍ട്ട് അവഗണിച്ചതിന്റെ ഫലമായാണ് രാജ്യം ഇപ്പോള്‍ അനുഭവിക്കുന്ന ഗുരുതരമായ സാഹചര്യങ്ങള്‍ക്കു കാരണമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
കൊവിഡിന്റെ ജനിതക വകഭേദങ്ങളെക്കുറിച്ച് പഠിക്കാന്‍ കഴിഞ്ഞ ഡിസംബര്‍ അവസാനത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ഇന്ത്യന്‍ സാര്‍സ്‌കോവ്-1 ജനറ്റിക്സ് കണ്‍സോര്‍ഷ്യം എന്ന ശാസ്ത്ര ഉപദേശകസമിതിയെ നിയോഗിക്കുന്നത്. ഇതിലെ അംഗങ്ങളായ അഞ്ച് ശാസ്ത്രജ്ഞരാണ് റോയിട്ടേഴ്സിനോട് വെളിപ്പെടുത്തലുകള്‍ നടത്തിയത്.
കൃത്യമായ സമയത്ത് മുന്നറിയിപ്പ് നല്‍കിയിട്ടും കൊവിഡ് വ്യാപനം തടയുന്നതിന് രാജ്യത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെന്നും സമിതിയിലെ നാല് അംഗങ്ങള്‍ പഞ്ഞു. കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താത്തത് സംബന്ധിച്ച് റോയിട്ടേഴ്സ് പ്രതികരണം തേടിയെങ്കിലും പ്രധാനമന്ത്രിയുടെ ഓഫിസും കേന്ദ്ര ആരോഗ്യമന്ത്രാലയവും ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാര്‍ച്ച് 10ന് മുമ്പായി ആരോഗ്യ മന്ത്രാലയത്തിലെ അധികൃതര്‍ക്ക് സമിതി പുതിയ കണ്ടെത്തലുകളുടെ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ സമിതി തയ്യാറാക്കിനല്‍കിയ റിപ്പോര്‍ട്ടും വാര്‍ത്താക്കുറിപ്പും രണ്ടാഴ്ചയ്ക്കുശേഷം മാര്‍ച്ച് 24നാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടുന്നത്. വ്യക്തമായ തെളിവുകളുണ്ടായിട്ടും വലിയ ആള്‍ക്കൂട്ടങ്ങളൊഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കേന്ദ്രം നീങ്ങിയില്ലെന്നാണ് വിമര്‍ശനം.
ശാസ്ത്രജ്ഞരെന്ന നിലയില്‍ തെളിവുകള്‍ നല്‍കലാണ് തങ്ങളുടെ ജോലിയെന്നും നയരൂപീകരണം സര്‍ക്കാരിന്റെ ജോലിയാണെന്നും ഒ
രു ശാസ്ത്രജ്ഞന്‍ റോയിട്ടേഴ്സിനോട് പ്രതികരിച്ചു. ജാഗ്രതയുണ്ടാകണമെന്ന് സൂചിപ്പിച്ച് സമിതി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടും യാതൊരു പ്രതികരണവുമുണ്ടായില്ലെന്നും ശാസ്ത്രജ്ഞന്‍ കേന്ദ്രത്തോട് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക