| Tuesday, 12th July 2022, 2:02 pm

'ഇത്രയും മോശം സാഹചര്യത്തിലും ഞങ്ങളെ വരവേറ്റതിന് നന്ദി' പരമ്പരക്ക് ശേഷം ശ്രീലങ്കയ്ക്ക് മനംകവരുന്ന കുറിപ്പുമായി ഡേവിഡ് വാര്‍ണര്‍

സ്പോര്‍ട്സ് ഡെസ്‌ക്

സാമ്പത്തിക പ്രതിസന്ധിയുടെയും സമര പരമ്പരകളുടെയുമിടയിലായിരുന്നു ശ്രീലങ്കയില്‍ ഓസ്‌ട്രേലിയന്‍ ടീം പര്യടനത്തിനെത്തിയത്. ഒരു സ്‌പോര്‍ട്‌സ് ഇവന്റ് ജനങ്ങളെ എത്രമാത്രം സ്വാധീനിക്കുമെന്ന് ഈ മത്സരങ്ങളില്‍ ഗ്രൗണ്ടില്‍ തിങ്ങിനിറഞ്ഞ കാണികള്‍ സൂചിപ്പിക്കും.

രാജ്യം ഒട്ടാകെ പ്രതിസന്ധിയിലൂടെ കടന്നുപോകുകയായിരുന്നിട്ടും ഓസീസിനെ മനോഹരമായിട്ടാണ് ശ്രീലങ്കന്‍ കാണികള്‍ വരവേറ്റത്. തകര്‍ന്ന് കിടക്കുന്ന ശ്രീലങ്കന്‍ ക്രിക്കറ്റിനും മനോഹരമായ തിരിച്ചുവരവായിരുന്നു ഈ പരമ്പര.

മൂന്ന് ട്വന്റി-20 മത്സരങ്ങള്‍ക്കും, അഞ്ച് ഏകദിന മത്സരങ്ങള്‍ക്കും, രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുമായാണ് ഓസ്‌ട്രേലിയന്‍ ടീം ലങ്കയിലെത്തിയത്. ട്വന്റി-20 പരമ്പര 2-1 എന്ന നിലയില്‍ ഓസീസ് നേടിയപ്പോള്‍ ഏകദിനത്തില്‍ ആതിഥേയര്‍ 3-2 എന്ന നിലയില്‍ വിജയിച്ചു.

രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 1-1 സമനിലയില്‍ കലാശിക്കുകയായിരുന്നു. ആവേശകരമായ പരമ്പരയായിരുന്നു കഴിഞ്ഞ ദിവസം അവസാനിച്ചത്.

പരമ്പരക്ക് ശേഷം ശ്രീലങ്കയ്‌ക്കൊരു കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസീസിന്റെ ലെജന്‍ഡറി ഓപ്പണറായ ഡേവിഡ് വാര്‍ണര്‍. ഇന്‍സ്റ്റാഗ്രാമില്‍ ശ്രീലങ്കയുടെ ദേശി പതാകയോടൊപ്പമാണ് താരം കുറിപ്പ് പങ്കുവെച്ചത്.

ഈ ഒരു കഠിനമായ സാഹചര്യത്തിലും തങ്ങളെ സ്വീകരിച്ചതിന് നന്ദി, ഇവിടെ വന്ന് തങ്ങള്‍ ഇഷ്ടപ്പെടുന്ന ഗെയിം കളിക്കാന്‍ കഴിഞ്ഞതില്‍ വളരെ നന്ദിയുള്ളവരാണ്, ഒപ്പം നിങ്ങള്‍ എല്ലാവരുടെയും പിന്തുണ അടുത്തറിയാന്‍ സാധിക്കുകയും ചെയ്തു എന്നാണ് അദ്ദേഹം കുറിപ്പില്‍ പറഞ്ഞത്. കുടുംബവുമായി ഈ രാജ്യത്ത് ഒന്നുകൂടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വളരെ പ്രയാസകരമായ സമയത്ത് ഞങ്ങളെ ഇവിടെ സ്വീകരിച്ചതിന് ശ്രീലങ്കയ്ക്ക് നന്ദി. ഇവിടെ വന്ന് ഞങ്ങള്‍ ഇഷ്ടപ്പെടുന്ന ഗെയിം കളിക്കാന്‍ കഴിഞ്ഞതില്‍ വളരെ നന്ദിയുള്ളവരാണ്, ഒപ്പം നിങ്ങള്‍ എല്ലാവരുടെയും പിന്തുണ അറിയാനും സാധിച്ചു. ഇരു കൈകളും തുറന്നാണ് നിങ്ങള്‍ ഞങ്ങളെ സ്വീകരിച്ചത്.

ഈ യാത്ര ഞങ്ങള്‍ ഒരിക്കലും മറക്കില്ല. നിങ്ങളുടെ രാജ്യത്തെക്കുറിച്ച് ഞാന്‍ ഇഷ്ടപ്പെടുന്നത് ഏത് സാഹചര്യത്തിലും നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരിക്കുകയും എപ്പോഴും സ്വാഗതം ചെയ്യുകയും ചെയ്യുന്നു എന്നതാണ്. നന്ദി, എന്റെ കുടുംബത്തോടൊപ്പം ഒരു അവധിക്കാലം ശ്രീലങ്കയില്‍ ചെലവഴിക്കാന്‍ എനിക്ക് കാത്തിരിക്കാനാവില്ല,’ വാര്‍ണര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Content Highlights: Warner shares an Instagram post to say thanks to Srilanka

We use cookies to give you the best possible experience. Learn more