വാര്‍ണര്‍- ഖവാജ അഴിഞ്ഞാട്ടം; ഓസീസ് അനായാസ വിജയത്തിലേക്ക്
Sports News
വാര്‍ണര്‍- ഖവാജ അഴിഞ്ഞാട്ടം; ഓസീസ് അനായാസ വിജയത്തിലേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 30th July 2023, 9:09 pm

ആഷസ് അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മുകളില്‍ ഓസീസിന് മേല്‍കൈ. നാലാം ദിനം ചായക്ക് പിരിയുമ്പോള്‍ മികച്ച നിലയിലാണ് ഓസ്‌ട്രേലിയന്‍ ടീം. രണ്ടാം ഇന്നിങ്‌സില്‍ 385 ചെയ്‌സ് ചെയ്യാന്‍ ഇറങ്ങിയ ഓസീസ് നിലവില്‍ വിക്കറ്റൊന്നും നഷ്ടമാകാതെ 135 റണ്‍സ് നേടിയിട്ടുണ്ട്.

ഒരു ദിവസവും ഒരു സെഷനും ബാക്കിയിരിക്കെ ഓസീസിന് 249 റണ്‍സ് കൂടി നേടിയാല്‍ വിജയിക്കാന്‍ സാധിക്കും. ഇംഗ്ലണ്ടിനാണെങ്കില്‍ 10 വിക്കറ്റ് കൂടി വേണം. 58 റണ്‍സുമായി ഡേവിഡ് വാര്‍ണറും 69 റണ്‍സുമായി ഉസ്മാന്‍ ഖവാജയുമാണ് ക്രീസില്‍ നില്‍ക്കുന്നത്. ഇരുവരെയും പുറത്താക്കാന്‍ ഇതുവരെ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് സാധിച്ചിട്ടില്ല.

നിലവില്‍ 2-1 എന്ന നിലയില്‍ ഓസീസ് ലീഡ് ചെയ്യുന്ന പരമ്പരയില്‍ ഈ മത്സരം കൂടെ വിജയിച്ചാല്‍ ഓസീസിന് സ്വന്തമാക്കാന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷം നടന്ന ആഷസ് ഓസീസ് സ്വന്തമാക്കിയതിനാല്‍ നിലവില്‍ പരമ്പര സമനിലയായാലും ഓസീസ് ആഷസ് നിലനിര്‍ത്തും.

രണ്ടാം ഇന്നിങ്‌സില്‍ 12 റണ്‍സിന്റെ ട്രയലുമായി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ജോ റൂട്ടിന്റെ 91 റണ്‍സിന്റെയും സാക്ക് ക്രൗളിയുടെ 73 റണ്‍സിന്റെയും ബലത്തില്‍ 395 റണ്‍സ് നേടിയിരുന്നു. ഓസീസിനായി രണ്ടാം ഇന്നിങ്‌സില്‍ മിച്ചല്‍ സ്റ്റാര്‍ക്കും ടോഡ് മര്‍ഫിയും നാല് വിക്കറ്റ് വീതം നേടിയിരുന്നു.

അതേസമയം ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് ഈ മത്സരത്തിന് ശേഷം ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്ന് പ്രഖ്യാപിച്ചു.
ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ മാത്രം പേസ് ബൗളറാണ് സ്റ്റുവര്‍ട്ട് ബ്രോഡ്. ആദ്യമായി 600 വിക്കറ്റ് നേടിയ പേസ് ബൗളര്‍ ഇംഗ്ലണ്ടിന്റെ തന്നെ ഇതിഹാസമായ ജെയിംസ് ആന്‍ഡേഴ്‌സണാണ്.

കരിയറിന്റെ തുടക്ക കാലത്ത് തന്നെ ഒരോവറില്‍ ആറ് സിക്‌സര്‍ വഴങ്ങിയിട്ടും പിന്നീടുള്ള ബ്രോഡിന്റെ മുന്നേറ്റം തീര്‍ച്ചയായും പ്രചോദനമുണ്ടാക്കുന്നതാണ്. ഇംഗ്ലണ്ടിനായി 167 ടെസ്റ്റ് കളിച്ച ബ്രോഡ് 602 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 121 ഏകദിനത്തില്‍ നിന്നും 178 വിക്കറ്റും ട്വന്റി-20 ക്രിക്കറ്റില്‍ 56 മത്സരത്തില്‍ ഇംഗ്ലണ്ടിനായി കളത്തിലിറങ്ങിയ അദ്ദേഹം 65 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

Content Highlight: Warner And Khawaja Dominating england Bowlers