ബെംഗളൂരു: രണ്ട് ദിവസത്തെ പ്രതിപക്ഷ പാര്‍ട്ടി യോഗത്തിനായി ബെംഗളൂരുവില്‍ എത്തിയ ആം ആദ്മി നേതാക്കള്‍ക്ക് ആവേശകരമായ സ്വീകരണമൊരുക്കി കോണ്‍ഗ്രസ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് എ.എ.പി എം.പിമാരായ രാഘവ് ഛദ്ദ, സഞ്ജയ് സിങ്, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവരെ സ്വീകരിക്കാന്‍ മുന്നിലുണ്ടായിരുന്നത്.
രാഘവ് ഛദ്ദയോട് തമാശകള്‍ പറയുകയും അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയും ചെയ്തുകൊണ്ടാണ് വേണുഗോപാല്‍ സ്വാഗതം ചെയ്തത്. കര്‍ണാടക മുഖ്യമന്ത്രി കെ. സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവരും എ.എ.പി അധ്യക്ഷന്‍ കെജ്‌രിവാളിനെ ഉപചാരപൂര്‍വം ഹസ്തദാനം നല്‍കി സ്വീകരിച്ചു. ഗ്രൂപ്പ് ഫോട്ടോയ്ക്കും നേതാക്കള്‍ പോസ് ചെയ്യാന്‍ മറന്നില്ല.
ദല്‍ഹി ഓര്‍ഡിനന്‍സ് വിഷയത്തില്‍ കോണ്‍ഗ്രസുമായി ഉടക്കി പാട്‌ന യോഗത്തില്‍ നിന്ന് മാറി നിന്ന എ.എ.പി ബെംഗളൂരുവിലേക്ക് എത്തുന്നത് പ്രതിപക്ഷ ഐക്യം വളരുന്നതിന്റെ സൂചനയാണ്. വിശദമായ യോഗം നാളെ ബെംഗളൂരുവില്‍ ആരംഭിക്കാനിരിക്കെ 26 പാര്‍ട്ടികളുടെ പിന്തുണ നേടിയെടുക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചിട്ടുണ്ട്. ഇതുവരെ 49 നേതാക്കളാണ് ബെംഗളൂരുവിലെത്തിയത്.
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ ശക്തികളെ കേന്ദ്ര ഭരണത്തില്‍ നിന്ന് പുറത്താക്കുകയെന്ന ലക്ഷ്യത്തോടെയാണ് യോഗം ചേരുന്നത്. സോണിയാ ഗാന്ധി സംഘടിപ്പിക്കുന്ന ഡിന്നര്‍ പാര്‍ട്ടിയില്‍ വെച്ച് തന്നെ നാളത്തെ യോഗത്തിന്റെ ചര്‍ച്ചയുടെ അജണ്ട തീരുമാനിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
ഇന്ന് വൈകീട്ടോടെ തന്നെ കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഖെ, ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാര്‍, ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്, എന്നിവര്‍ ബെംഗളൂരുവിലെത്തിയിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി, എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍, ഡി.എം.കെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്‍, സി.പി.ഐ.എം ദേശീയാധ്യക്ഷന്‍ സീതാറാം യെച്ചൂരി, സി.പി.ഐ ദേശീയാധ്യക്ഷന്‍ കെ. രാജ എന്നിവരും നാളത്തെ യോഗത്തിനെത്തും.
Content Highlights: warm welcome for AAP, opposition meeting starts