വാരിസ് ദേ പഞ്ചാബ് നേതാവ് അമൃത്പാല്‍ സിങ് കീഴടങ്ങി; അസമിലേക്ക് മാറ്റും
national news
വാരിസ് ദേ പഞ്ചാബ് നേതാവ് അമൃത്പാല്‍ സിങ് കീഴടങ്ങി; അസമിലേക്ക് മാറ്റും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd April 2023, 8:41 am

ന്യൂദല്‍ഹി: വാരിസ് ദേ പഞ്ചാബ് നേതാവ് അമൃത്പാല്‍ സിങ് കീഴടങ്ങി. പഞ്ചാബിലെ മോഗ പൊലീസ് മുമ്പാകെ കീഴടങ്ങിയ അമൃത്പാലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പഞ്ചാബ് പോലീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അറസ്റ്റുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും സമാധാനാന്തരീക്ഷം നിലനിര്‍ത്തണമെന്നും പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു.

മോഗ ജില്ലയിലെ റോദെ ഗ്രാമത്തിലുള്ള ഗുരുദ്വാരയില്‍ വെച്ച് അമൃത്പാല്‍ കീഴടങ്ങിയെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റ് ചെയ്ത അമൃത്പാലിനെ അസമിലെ ദിബ്രുഗാര്‍ഗിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട അമൃത്പാലിന്റെ എട്ട് അനുയായികളും ദിബ്രുഗാര്‍ഗിലാണുള്ളത്. ഇവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരമാണ് കേസെടുത്തിരുന്നത്. വിചാരണ കൂടാതെ ഒരു വര്‍ഷം വരെ തടവിലാക്കാന്‍ കഴിയുന്ന നിയമമാണത്.

അമൃത്പാല്‍ സിങ്ങും അനുയായികളും മാര്‍ച്ച് 18 മുതല്‍ ഒളിവിലാണ്. അജ്‌നാല പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചതുള്‍പ്പെടെ നിരവധി കേസുകള്‍ അമൃത്പാലിനെതിരെയുണ്ട്. ഇവര്‍ക്കായി പൊലീസ് ഊര്‍ജിതമായ തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

നേരത്തെ അമൃത്പാലിന്റേതായി പുറത്ത് വന്ന വീഡിയോയില്‍ താന്‍ മുന്നോട്ട് വെക്കുന്ന ഉപാധികള്‍ അംഗീകരിച്ചാല്‍ കീഴടങ്ങാമെന്ന സൂചനകള്‍ നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ലണ്ടനിലേക്ക് കടക്കാന്‍ ശ്രമിച്ച അമൃത്പാലിന്റെ ഭാര്യ കിരണ്‍ദീപ് കൗറിനെ പൊലീസ് നേരത്തെ തടഞ്ഞിരുന്നു. അമൃത്പാലിന്റെ സഹായിയായിരുന്ന പപല്‍പ്രീത് സിങ്ങിനെ അമൃത്‌സറില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

നേരത്തെ അമൃത്പാല്‍ സിങ്ങ് രാജ്യം വിടാനുള്ള സാധ്യത മുന്നില്‍ കണ്ട് പാകിസ്ഥാനുമായും നേപ്പാളുമായുമുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിനും സശസ്ത്ര സീമാ ബല്ലിനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

Content Highlights: Waris de Punjab leader Amritpal Singh surrendered