| Thursday, 22nd June 2023, 3:37 pm

തിലകന്‍ ചേട്ടന്റെ അച്ഛനാകാന്‍ പറ്റുന്ന ആളെ വേണം, വിഗ്ഗ് വെച്ച് മധു സാറിനെ കൊണ്ടുവന്നാലോ എന്ന് പറഞ്ഞിരുന്നു: സ്വര്‍ഗചിത്ര അപ്പച്ചന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിദ്ദീഖ്-ലാല്‍ രചനയും സംവിധാനവും നിര്‍വഹിച്ച് പുറത്തിറങ്ങിയ മലയാളചിത്രമാണ് ഗോഡ്ഫാദര്‍. എന്‍.എന്‍. പിള്ള, ഫിലോമിന, മുകേഷ്, ജഗദീഷ്, കനക, തിലകന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ചിത്രം മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ്. 1991 ല്‍ പുറത്തിറങ്ങിയ ഗോഡ്ഫാദര്‍ ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായിരുന്നു.

സിനിമയില്‍ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നാണ് അഞ്ഞൂറാന്‍. എന്‍.എന്‍. പിള്ള അവതരിപ്പിച്ച കഥാപാത്രത്തിന് ഇന്നും വലിയ ഫാന്‍ബേസ് ഉണ്ട്. ഈ കഥാപാത്രത്തിലേക്ക് എം.എന്‍. പിള്ള എത്തിയതിനെ പറ്റി പറയുകയാണ് നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍.

തിലകന് അച്ഛാ എന്ന് വിളിക്കാനായി ഒരു നടനെയാണ് തങ്ങള്‍ തിരഞ്ഞതെന്നും മധുവിനെ വിളിച്ചാലോ എന്ന് തമാശയായി പറയുമായിരുന്നുവെന്നും അപ്പച്ചന്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന് ടെറര്‍ ലുക്കില്ലായിരുന്നുവെന്നും പിന്നീടാണ് എന്‍.എന്‍. പിള്ളയിലേക്ക് എത്തിയതെന്നും അപ്പച്ചന്‍ പറഞ്ഞു. മാസ്റ്റര്‍ ബിന്‍ ചാനലിന് മുമ്പ് നല്‍കിയ അഭിമുഖത്തിലെ ഭാഗങ്ങളാണ് ശ്രദ്ധ നേടുന്നത്.

‘അന്ന് ഞാന്‍ കോഴിക്കോട് വാടകക്ക് താമസിക്കുകയാണ്. ആ വീട്ടില്‍ വെച്ചാണ് സിദ്ദീഖും ലാലും കഥ പറയുന്നത്. 60 ദിവസം കൊണ്ടാണ് ഗോഡ്ഫാദറിന്റെ ഷൂട്ട് തീര്‍ന്നത്. തിലകന്‍, ഇന്നസെന്റ്, ഭീമന്‍ രഘു, മുകേഷ്, ഇവര്‍ നാല് പേരും കല്യാണം കഴിച്ചിട്ടില്ലല്ലോ. കാസ്റ്റിങ്ങിലാണ് ആ പടത്തിന്റെ തലവര മാറുന്നത്.

തിലകന്‍ ചേട്ടന്‍ തലയൊക്കെ നരച്ച ആളാണ്. വയസായ ആളാണല്ലോ. തിലകന്‍ ചേട്ടന് അച്ഛാ എന്ന് വിളിക്കാന്‍ ഒരാള്‍ വേണം. അത് അല്‍പം റൗഡി സ്വഭാവം ഉള്ള ഒരാളായിരിക്കണം. അങ്ങനെയാണ് പിള്ള സാറിനെ കണ്ടെത്തുന്നത്.

തമാശയായി മധു സാറിന്റെ തലയില്‍ വിഗ്ഗ് വെച്ച് കൊടുക്കാമെന്ന് പറയും. പക്ഷേ മധു സാറിന് ടെറര്‍ കിട്ടില്ലല്ലോ. അങ്ങനെയാണ് മകനായ വിജയ രാഘവനെ വിളിച്ച് പറയുന്നതും പിള്ള സാറിന്റെ അടുത്തേക്ക് എത്തുന്നതും,’ സ്വര്‍ഗചിത്ര അപ്പച്ചന്‍ പറഞ്ഞു.

Content Highlight: swargachithra appachan about godfather and n.n. pilla

We use cookies to give you the best possible experience. Learn more