| Friday, 20th July 2012, 2:03 pm

വിയ്യൂര്‍ ജയിലില്‍ തടവുകാരുടെ അക്രമത്തില്‍ വാര്‍ഡന്‍മാര്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരുടെ ആക്രമണത്തില്‍ മൂന്ന് വാര്‍ഡര്‍മാര്‍ക്ക് പരിക്ക്. ഹെഡ് വാര്‍ഡര്‍ ഉണ്ണികൃഷ്ണന്‍, വാര്‍ഡര്‍മാരായ അജീഷ്, ഷഫീക്ക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. []

കണ്ണൂരില്‍ നിന്ന് വിയ്യൂരിലേക്ക് കൊണ്ടുവന്ന സി.പി.ഐ.എം തടവുകാരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. സംഘര്‍ഷത്തില്‍ മൂന്നു തടവുകാര്‍ക്കും പരിക്കുണ്ട്. ഇസ്‌ലാം മത വിശ്വാസികളായ തടവുകാരുടെ നമസ്‌കാരത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ജയിലിലെ ഇസ്‌ലാം വിശ്വാസികളായ തടവുകാര്‍ക്ക് വെള്ളിയാഴ്ച നമസ്‌കാരത്തിന് അനുവാദം നല്‍കിയിട്ടുണ്ട്. പത്തുപേര്‍ എന്ന കണക്കിലാണ് തടവുകാരെ പള്ളിയില്‍ പോകാന്‍ അനുവദിച്ചിരുന്നത്. അവര്‍ തിരിച്ചുവന്നതിന് ശേഷം മാത്രമേ മറ്റുള്ളവരെ പോകാന്‍ അനുവദിക്കുള്ളു എന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ എല്ലാവരേയും ഒന്നിച്ചുവിടണമെന്നായിരുന്നു തടവുകാരുടെ ആവശ്യം.

ഇത് പരിഗണിക്കാതിരുന്നതാണ് പ്രശ്‌നത്തിന് കാരണമായത്. തടവുകാര്‍ വാര്‍ഡര്‍മാരുടെ മുറിയിലെത്തി വാര്‍ഡര്‍മാരെ അക്രമിക്കുകയായിരുന്നെന്നാണ് അധികൃതര്‍ പറയുന്നത്.

ജയില്‍ വളപ്പില്‍ നിന്ന് ശേഖരിച്ച ഇഷ്ടികയും പട്ടികകഷണങ്ങളും ഉപയോഗിച്ചായിരുന്നു തടവുകാര്‍ അക്രമം അഴിച്ചുവിട്ടത്. ഇതേ തുടര്‍ന്ന്  മറ്റുവാര്‍ഡര്‍മാര്‍ എത്തി തടവുകാരെ തിരിച്ച് ആക്രമിച്ചു. ഇതിലാണ് മൂന്നു തടവുകാര്‍ക്ക് പരിക്കേറ്റത്.

പരിക്കേറ്റ വാര്‍ഡര്‍മാരെ ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള ജയില്‍ അധികൃതരുടെ ശ്രമവും തടവുകാര്‍ തടഞ്ഞു.  പരിക്കേറ്റ തടവുകാരെ ആശുപത്രിയിലേക്ക് മാറ്റിയശേഷമേ വാര്‍ഡന്‍മാരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അനുവദിക്കൂള്ളൂ എന്ന് തടവുകാര്‍ പറഞ്ഞു.

തുടര്‍ന്ന് ജയില്‍ സൂപ്രണ്ട് സ്ഥലത്തെത്തി തടവുകാരുമായി ചര്‍ച്ച നടത്തി.  ഇതിനുശേഷം പരിക്കേറ്റ വാര്‍ഡര്‍മാരെയും തടവുകാരെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തടവുകാരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും വാര്‍ഡര്‍മാരെ ജില്ലാ ആശുപത്രിലുമാണ് പ്രവേശിപ്പിച്ചത്.

We use cookies to give you the best possible experience. Learn more