| Thursday, 1st September 2022, 10:59 am

ലൈഗറിന്റെ പരാജയം അട്ടിമറി; ബോയ്‌കോട്ടുകള്‍ ബാധിക്കുന്നത് സിനിമയെ ആശ്രയിച്ച് ജീവിക്കുന്ന പാവപ്പെട്ട കുടുംബങ്ങളെ: വാറങ്കല്‍ ശ്രീനു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ് ദേവരകൊണ്ട നായകനായ ലൈഗറിന്റെ പരാജയമാണ് ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ ഇപ്പോള്‍ സംസാര വിഷയം. പുരി ജഗനാഥിന്റെ സംവിധാനത്തില്‍ ബോളിവുഡ് താരം അനന്യ പാണ്ഡേ നായികയായ ചിത്രം അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്തത്.

ചിത്രത്തിന്റെ പരാജയം അട്ടിമറിയിലൂടെ സംഭവിച്ചതാണെന്ന് പറയുകയാണ് സൗത്ത് ഇന്ത്യന്‍ സിനിമാ മേഖലയിലെ പ്രധാന വിതരണക്കാരില്‍ ഒരാളായ വാറങ്കല്‍ ശ്രീനു. ബോയ്‌കോട്ടിന് ആഹ്വാനം ചെയ്യുന്ന ആളുകള്‍ സിനിമയെ ആശ്രയിച്ച് ജീവിക്കുന്ന പാവപ്പെട്ട കുടംബങ്ങളെയാണ് തകര്‍ക്കുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വാറങ്കല്‍ ശ്രീനു പറഞ്ഞു.

‘അട്ടിമറി എന്നല്ലാതെ എന്ത് പറയാന്‍. എനിക്ക് ഒരുപാട് പണം നഷ്ടമായി, അതില്‍ സംശയമില്ല. ഇന്‍വെസ്റ്റ് ചെയ്തതില്‍ നിന്നും 65 ശതമാനം നഷ്ടം സംഭവിച്ചു. വിജയ് ഓവര്‍കോണ്‍ഫിഡന്റായിരുന്നു എന്നെനിക്ക് പറയാനാവില്ല.

ചില മുന്‍വിധികളുടെ അടിസ്ഥാനത്തില്‍ സിനിമകള്‍ ബാന്‍ ചെയ്യണമെന്ന് മുറവിളി കൂട്ടുന്നതുകൊണ്ട് സിനിമയെ ആശ്രയിച്ച് ജീവിക്കുന്ന പാവപ്പെട്ട അണിയറപ്രവര്‍ത്തകരുടെ കുടുംബങ്ങളെ ആണ് നിങ്ങള്‍ തകര്‍ക്കുന്നത്. സിനിമ തകരുമ്പോള്‍ അന്നന്നത്തെ അന്നത്തിനായി ബുദ്ധിമുട്ടുന്ന അണിയറപ്രവര്‍ത്തകരുടെ കുടംബത്തില്‍ പ്രശ്‌നങ്ങളുണ്ടാവുന്നു.

സിനിമ വ്യവസായം വളരെ മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. അന്യായമായി സോഷ്യല്‍ മീഡിയ ബോയ്‌കോട്ടിന് ആഹ്വാനം ചെയ്യുന്നവരെ അവഗണിക്കണം. ഞങ്ങള്‍ക്കെതിരെ എല്ലാദിവസവും കൂട്ടായ ആക്രമണമാണ് നടക്കുന്നത്. സിനിമ കണ്ടിട്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ വിമര്‍ശിച്ചോളൂ. സിനിമ കാണുന്നതിന് മുമ്പ് തന്നെ എങ്ങനെയാണ് ആക്രമിക്കാന്‍ കഴിയുക,’ ശ്രീനു പറഞ്ഞു.

പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐ.എം.ഡി.ബിയിലെ സംഖ്യകള്‍ അനുസരിച്ച് ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ഏറ്റവും മോശം റേറ്റിങ് ലഭിച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ മുന്‍ നിരയിലുണ്ട് ലൈഗര്‍. പത്തില്‍ മൂന്ന് മാര്‍ക്ക് ആണ് ചിത്രത്തിന് ലഭിച്ച ആവറേജ് റേറ്റിങ്. 37000ല്‍ അധികം പേര്‍ വോട്ട് ചെയ്തതിനു ശേഷമുള്ള കണക്കാണ് ഇത്.

ബോളിവുഡില്‍ ഈ വര്‍ഷത്തെ വലിയ പരാജയങ്ങളായ ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദയും കങ്കണ റണാവത്തിന്റെ ധാക്കഡും റേറ്റിങില്‍ വിജയ് ദേവരകൊണ്ട ചിത്രത്തേക്കാള്‍ മുന്നിലാണ്. ധാക്കഡിന് നാലും ലാല്‍ സിങ് ഛദ്ദയ്ക്ക് അഞ്ചും റേറ്റിങ് ആണ് ഐ.എം.ഡി.ബിയില്‍ ഉള്ളത്.

Content Highlight: Warangal Srinu, distributors in the South Indian film industry, says that the failure of the film liger  was due to sabotage

We use cookies to give you the best possible experience. Learn more