മുസ്‌ലിം സ്ത്രീകളെ പീഡിപ്പിക്കുമെന്ന് ഭീഷണിമുഴക്കിയ ബജ്രംഗ് മുനിയെ അറസ്റ്റ് ചെയ്യൂ; യു.പി പൊലീസിനോട് സ്വര ഭാസ്‌കര്‍
national news
മുസ്‌ലിം സ്ത്രീകളെ പീഡിപ്പിക്കുമെന്ന് ഭീഷണിമുഴക്കിയ ബജ്രംഗ് മുനിയെ അറസ്റ്റ് ചെയ്യൂ; യു.പി പൊലീസിനോട് സ്വര ഭാസ്‌കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th April 2022, 8:07 am

ന്യൂദല്‍ഹി: മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുമെന്ന് ഭീഷണി പ്രസംഗം നടത്തിയ ഹിന്ദുത്വ പുരോഹിതന്‍ ബജ്രംഗ് മുനിക്കെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് നടി സ്വര ഭാസ്‌കര്‍.

‘നമസ്‌കാരം! ലോകം നിങ്ങളെ ശ്രദ്ധിക്കുന്നു(ദുനിയ ദേഖ് രഹി ഹേ)’ എന്ന് എഴുതി ദല്‍ഹി പൊലീസിനെ മെന്‍ഷന്‍ ചെയ്താണ് സ്വരയുടെ ട്വീറ്റ്. ഒപ്പം #ArrestBajrangMuni എന്ന ഹാഷ് ടാഗും സ്വര ഭാസ്‌കര്‍ പങ്കുവെച്ചിട്ടുണ്ട്.

വിദ്വേഷ പ്രസംഗം നടത്തിയ ഹിന്ദുത്വ പുരോഹിതനെതിരെ ട്വിറ്ററില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
#ArrestBajrangMuni എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രന്റിംഗാണ്.

പുരോഹിതന്റെ പ്രസംഗങ്ങളുടെ വിവിധ വീഡിയോകള്‍ പങ്കുവെച്ചാണ് ആളുകള്‍ പ്രതിഷേധമുയര്‍ത്തുന്നത്. ട്വിറ്റര്‍ ഇന്ത്യയുടെ കണക്ക് പ്രകാരം ആദ്യ അഞ്ചില്‍ #ArrestBajrangMuni എന്ന ഹാഷ് ടാഗ് ട്രന്റിംഗിലുള്ളത്.

അതേസമയം, പ്രതിഷേധം കനക്കുന്നതിനിടെ സംഭവം നടന്ന് ആറ് ദിവസങ്ങള്‍ക്ക് ശേഷം അന്വേഷണം ആരംഭിച്ചിരിക്കുകയാണ് യു.പി പൊലീസ്. പുരോഹിതന്റെ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് അന്വേഷണമാരംഭിച്ചത്.

സീതാപൂര്‍ ജില്ലയിലെ പള്ളിക്ക് പുറത്ത് ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുമെന്ന് ഹിന്ദുത്വ പുരോഹിതന്‍ പറഞ്ഞത്.

പുരോഹിതന്‍ ജീപ്പിനുള്ളില്‍ നിന്ന് പ്രസംഗിക്കുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. വീഡിയോയില്‍ പൊലീസുകാരെയും ഇയാള്‍ക്ക് പിന്നില്‍ കാണാന്‍ സാധിക്കും.

ഇയാളുടെ പ്രസംഗത്തിനിടക്ക് ആള്‍കൂട്ടം ജയ് ശ്രീറാമെന്ന് വിളിച്ച് ആക്രോശിക്കുന്നതും വര്‍ഗീയവും പ്രകോപനപരവുമായ പരാമര്‍ശങ്ങള്‍ നടത്തുന്നതായും വീഡിയോയില്‍ കാണാം.

തന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നും ഇതിനായി 28 ലക്ഷം രൂപയോളം പിരിച്ചെടുത്തതായും പുരോഹിതന്‍ പ്രസംഗത്തില്‍ ആരോപിക്കുന്നുണ്ട്.