| Tuesday, 26th February 2019, 11:50 pm

യുദ്ധം സമാധാനത്തിനുവേണ്ടിയാണെന്ന പ്രഖ്യാപനം ഒരു യുദ്ധതന്ത്രമാണ്

ഹര്‍ഷന്‍ പൂപ്പാറക്കാരന്‍

ക്ഷമയോടെ കേള്‍ക്കണം….

അണുവയുധശേഷിയുള്ള രണ്ടുരാഷ്ട്രങ്ങള്‍ തമ്മില്‍ ലോകചരിത്രത്തിലിന്നുവരെ നേര്‍ക്കുനേരേ തുറന്ന യുദ്ധം ചെയ്തിട്ടില്ല.
പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഇനിയൊരു തുറന്ന യുദ്ധം അചിന്ത്യമാണ്. അങ്ങനെയൊന്ന് ഇനിയുണ്ടായാല്‍ രണ്ടുരാജ്യങ്ങളും തകരും.
ചറപറാ ബോംബിട്ട് ആ പന്നികളെ അങ്ങ് പുകച്ച് കരിക്കണമെന്നൊക്കെയുള്ള കൊലവെറി നമുക്കൊഴിവാക്കാം. പാകിസ്ഥാനും അതൊഴിവാക്കുന്നതാണ് നല്ലത്.

വികാരപ്രകടനങ്ങള്‍ സ്വാഭാവികമാണ്,പക്ഷേ വിവേകികളാകേണ്ട നേതാക്കളും വികാരത്തെ മുതലെടുക്കാനൊരുങ്ങുന്നത് കഷ്ടമാണ്. ഭീകരവാദികള്‍ക്ക് ഈ തീക്കളി ലാഭമാണ്, രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നവര്‍ക്കുമതെ.നഷ്ടം ഈ രാഷ്ട്രത്തിനാണ്.കൊല്ലപ്പെട്ട ജവാന്‍മാര്‍ക്കാണ് അവരുടെ കുടുംബത്തിനാണ്. മതച്ചേറുകുത്തിനിറച്ച തലയുമായി ചിതറാനൊരുങ്ങുന്ന ചാവേറുകളും നമ്മുടെ പൗരന്‍മാര്‍ തന്നെയാവുമ്പോള്‍ ആ നഷ്ടമുണ്ടാക്കുന്ന ആഘാതം കൂടുതല്‍ കനത്തതാകും.യുദ്ധം ഒരുകാലത്തും മാനവരാശിയെ വളര്‍ത്തിയിട്ടില്ല… തകര്‍ത്തിട്ടേയുള്ളൂ.
ഇത്രയും പറഞ്ഞിട്ടേ ഇനി പറയാനുള്ളതിലേയ്ക്ക് വരാനാവൂ.

ഭീരുക്കളാണ് കൊലയാളികള്‍…

കൂട്ടക്കൊല നടത്തുന്നവര്‍.അവരാരായാലും എവിടെയായാലും വെറുപ്പിന്റെ വ്യാപാരികളാണ്. നാല്‍പ്പത് സിആര്‍പിഫ് ജവാന്‍മാരെയാണ് നിമിഷാര്‍ത്ഥംകൊണ്ട് ഇന്ത്യക്ക് നഷ്ടപ്പെട്ടത്.അവധി കഴിഞ്ഞ് ജോലിസ്ഥലത്തേയ്ക്ക് മടങ്ങിയവര്‍.

നമ്മുടെ വയനാട്ടിലെ വസന്തകുമാര്‍ മുതല്‍ പതിനാറുസംസ്ഥാനങ്ങളില്‍നിന്നുള്ള സെന്‍ട്രല്‍ റിസര്‍വ്വ് പോലീസ് ഫോഴ്‌സ് അംഗങ്ങള്‍.പട്ടാളക്കാരോളം പരിഗണന ഒരിക്കലും ഒരു യാത്രയില്‍പ്പോലും കിട്ടാറില്ലാത്ത പാവങ്ങള്‍.അവരെയാണ് ഹൈവേയുടെ തുറസ്സില്‍ കാറില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചെത്തിയ ജെയ്ഷ് എ മുഹമ്മദ് ചാവേര്‍ ആദില്‍ അഹമ്മദ് ദാര്‍ കൂട്ടക്കശാപ്പ് ചെയ്തത്. കശ്മീരി യുവതയുടെ ആകുലതകള്‍ക്കപ്പുറം തെറ്റായ മതവ്യാഖ്യാനംകൂടിയാണ് ആദിലിനെ ചാവേറാക്കിയത്. അത് വ്യക്തമാക്കുന്നതാണ് ആക്രമണശേഷം ജയ്‌ഷെ മുഹമ്മദ് പുറത്തുവിട്ട ആദിലിന്റെ പ്രസംഗമടങ്ങിയ വീഡിയോ. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തന്ത്രപരമായ സമീപനമടക്കം പല മുന്നറിയിപ്പുകളും നല്‍കുന്നുണ്ട് ഈ ആക്രമണം

അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്കപ്പുറത്ത് നമ്മുടെ പൗരന്‍മാര്‍ തന്നെ നമുക്കെതിരെ യുദ്ധം ചെയ്യുന്ന നിലയിലേക്ക് തന്ത്രം പരുവപ്പെടുത്താന്‍ ജെയ്ഷിന് കഴിഞ്ഞു.പ്രാദേശികഭീകരവാദം വളര്‍ത്താന്‍ കശ്മീരി ദേശീയതയ്ക്കപ്പുറം വക്രീകരിച്ച മതബോധനത്തിലേയ്ക്ക് സമ്പൂര്‍ണമായി ആ ഭീകരസംഘടന തിരിഞ്ഞിട്ടുണ്ട്. പക്ഷേ അതുമാത്രമാണോ നമ്മള്‍ തിരിച്ചറിയേണ്ടതും പരിശോധിക്കേണ്ടതും.?

രാഷ്ട്രപതി ഭരണമാണ് കശ്മീരില്‍. ഭരണാധികാരി ഗവര്‍ണറാണ്, ആ ഗവര്‍ണര്‍ പറയുകയാണ് ജവാന്‍മാരെ കൊലയ്ക്കുകൊടുത്തത് സംവിധാനത്തിന്റെ വീഴ്ചയാണെന്ന്. തിരിച്ചടിക്കണം … ഒറ്റപ്പെടുത്തണം.. പക്ഷേ അതിനൊപ്പം കശ്മീര്‍ ഗവര്‍ണറുടെ ചോദ്യത്തിനും ഉത്തരം വേണം.

നാല്‍പ്പത് സിആര്‍പിഎഫ്കാരും കൊല്ലപ്പെട്ടത്

ആരുടെ പിഴവ് മൂലമാണ്.ആഭ്യന്തര പ്രതിരോധ മന്ത്രാലയങ്ങളും മറ്റ് ഔദ്യോഗികസംവിധാനങ്ങളും പരാജയപ്പെട്ടത് എങ്ങനെയാണ്.
ആക്രമണമുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന് കശ്മീര്‍ പൊലീസ് ഒരാഴ്ച മുമ്പു തന്നെ സി.ആര്‍.പി.എഫിനും ബി.എസ്.എഫിനും ഐ.ടി.ബി.പിയ്ക്കും കരസേനയ്ക്കും,വ്യോമസേനയ്ക്കും മുന്നറിയിപ്പ് കൊടുത്തതാണ്.ഇവരെല്ലാം എന്തുകൊണ്ടാണ് ആ മുന്നറിയിപ്പ് അവഗണിച്ചത്.?.സി.ആര്‍.പി.എഫുകാര്‍ക്ക് എക്കാലത്തും നേരിടേണ്ടിവരുന്ന അവഗണനയുടെ ബാക്കിയാണോ ആക്രമണം..?എല്ലാ സുരക്ഷാ മുന്‍കരുതലുകളും പ്രോട്ടോക്കോളും അവിടെ ലംഘിക്കപ്പെട്ടിരുന്നു.

അടിയന്തര പ്രാധാന്യമുള്ളത് എന്ന തലക്കെട്ടോടെ ആക്രമണത്തിന് ദിവസങ്ങള്‍ക്കുമുമ്പ്,കൃത്യമായി പറഞ്ഞാല്‍ ഫെബ്രുവരി എട്ടിന് കൊടുത്ത സന്ദേശത്തില്‍ സി.ആര്‍.പി.എഫ് കോണ്‍വോയ് കടന്നുപോകുന്ന പ്രദേശങ്ങള്‍ കര്‍ശനപരിശോധനയ്ക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ടിരുന്നു.
ബോംബാക്രമണത്തിനടക്കം സാധ്യതയുണ്ടെന്നുള്ള വ്യക്തമായ മുന്നറിയിപ്പായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്.

1000 ജവാന്മാരില്‍ കൂടുതല്‍ ഒരു കോണ്‍വോയില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലെന്നാണ് പ്രോട്ടോകോള്‍, 2547 സി.ആര്‍.പി.എഫുകാരെയാണ് ജമ്മു – ശ്രീനഗര്‍ ഹൈവേയിലൂടെ ഒറ്റയടിക്ക് കൊണ്ടുപോയത്.ഒറ്റനോട്ടത്തില്‍ത്തന്നെ സര്‍വ്വത്ര പിഴവും വീഴ്ചയും കാണാം.ആരാണ് അതിനുത്തരവാദി.? ചോദ്യമാണ്…രാഷ്ട്രീയമാണ് .. ആര് മറുപടിപറയും.!

പിഴവാണ് ഭീകരവാദികള്‍ ഓരോ തവണയും പഴുതാക്കുന്നത്. ഇവിടെ ആ പിഴവ് ഭീകരവാദികള്‍ക്ക് മുമ്പേ പിടികിട്ടി. അതുകൊണ്ടാണ് തിടുക്കപ്പെടാതെ തന്നെ പ്രാദേശിക സംവിധാനങ്ങള്‍കൊണ്ട് ഉഗ്രശേഷിയുള്ള സ്‌ഫോടനമുണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞത്.അതുകൊണ്ടാണ് ചാവേറായി ചിതറുന്നതിനുമുമ്പ് ഇന്ത്യയ്‌ക്കെതിരായ വീഡിയോ ഷൂട്ടില്‍ പങ്കെടുക്കാനും ജയ്‌ഷെ ഭീകരന്‍ സമയം കണ്ടെത്തിയത്. സിസ്റ്റത്തിന്റെ ഉഴപ്പും ഉത്തരവാദിത്തമില്ലായ്മയും കൊണ്ട് പന്താടാനുള്ളതല്ല ജവാന്‍മാരുടെ ജീവന്‍.

ഒരിക്കല്‍ക്കൂടി പറയാം..നഷ്ടപ്പെട്ടത് ജവാന്മാര്‍ക്കും അവരുടെ കുടുംബത്തിനും പിന്നെ രാഷ്ട്രത്തിനുമാണ്. കശ്മീര്‍ ഗവര്‍ണര്‍ പറഞ്ഞതുപോലെ ഇന്റലിജന്‍സ് വീഴ്ചയല്ല സംഭവിച്ചത്.സുരക്ഷയൊരുക്കേണ്ട സംവിധാനങ്ങള്‍ക്കാണ് വീഴ്ച സംഭവിച്ചത്. എഴുപതോളം പാട്ടവണ്ടികളില്‍ മത്തിയടുക്കുന്നപോലെ സി.ആര്‍.പി.എഫ് ജവാന്‍മാരെ കുത്തിനിറച്ച് ജമ്മു – ശ്രീനഗര്‍ ഹൈവേയില്‍ ഇറക്കിവിട്ടത് ചോദ്യം ചെയ്യപ്പെടുക തന്നെ വേണം. റിസ്‌കും ചെലവും കുറയ്ക്കാന്‍ ജവാന്‍മാരെ എയര്‍ലിഫ്ട് ചെയ്യാമായിരുന്നില്ലേ എന്ന ചോദ്യമുയര്‍ത്തുന്നതും പ്രതിരോധവിദഗ്ദ്ധര്‍ തന്നെയാണ്.

കരസേനയുടെ, സി.ആര്‍.പി.എഫിന്റെ, ബി.എസ്.എഫിന്റെ ചുമതലയും ഭരണവും ആര്‍ക്കാണോ അവരാണ് ഈ ആക്രമണത്തിന് ഉത്തരവാദികള്‍.രാഷ്ട്രീയനേതൃത്വങ്ങള്‍ ഉത്തരം പറയേണ്ട വിഷയത്തില്‍ രാഷ്ട്രീയം പറയരുത്എന്ന് വിരട്ടുന്നത് റഫേലിലെ അഴിമതി പുറത്തായപ്പോള്‍ രാജ്യരക്ഷാകാര്യത്തില്‍ ചോദ്യമരുതെന്ന് വിരട്ടിയതിന് തുല്യമാണ്.രാഷ്ട്രീയം പറയരുതെന്ന് പറയുന്നവരാണ് ആക്രമണത്തെ ആദ്യം രാഷ്ട്രീയ മുതലെടുപ്പിനായി വിനിയോഗിച്ചത്.

മൂന്നരവര്‍ഷം കശ്മീരില്‍ ഭരണത്തിലുണ്ടായിരുന്ന പിന്നീടിങ്ങോട്ട് ഇതുവരെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ ഭാരതീയജനതാ പാര്‍ട്ടിയുടെ നേതാവും കേന്ദ്രമന്ത്രിയുമായ ജിതേന്ദ്രസിങ്ങാണ് ആദ്യ വെടി പൊട്ടിച്ചത്.ഭീകരാക്രമണത്തിന് കശ്മീരിലെ രാഷ്ട്രീയനേതാക്കള്‍ മാപ്പുപറയണമെന്നായിരുന്നു ജിതേന്ദ്രസിങ്ങിന്റെ ട്വീറ്റ്.ജിതേന്ദ്രസിങ്ങ് അപമാനമാണെന്ന് ഒമര്‍ അബ്ദുള്ള തിരിച്ചടിച്ചു.പിന്നെ ട്വിറ്ററില്‍ ചെളിവാരിയേറിന്റെപൂരമായിരുന്നു.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി എല്ലാ രാഷ്ട്രീയപരിപാടികളും നിര്‍ത്തിവയ്ക്കുന്നു എന്ന് സംബിത്പാത്ര പ്രഖ്യാപിച്ചശേഷമാണ് നരേന്ദ്രമോദി ഉത്തര്‍പ്രദേശിലെ ത്ധാന്‍സിയില്‍ രാഷ്ട്രീയപ്രസംഗം നടത്തിയത്,പത്തനംതിട്ടയില്‍ യോഗി ആദിത്യനാഥ് പ്രസംഗിച്ചത്,പിയൂഷ്‌ഗോയലും അമിത്ഷായും പോലും മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ പങ്കെടുത്തത്. മനോജ് തിവാരി ഡാന്‍സ് പാര്‍ട്ടിയില്‍ത്തന്നെ പങ്കെടുത്തുകളഞ്ഞു.ഈ ഉളുപ്പില്ലായ്മയാണ് യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടുന്നതിനും ഇവര്‍ക്ക് കരുത്താവുന്നത്.

ഭീകരാക്രമണത്തിനുശേഷം സംഘപരിവാര്‍ മുതലെടുപ്പിനിറങ്ങിയത് കണ്ടില്ലേ. ഡെറാഡൂണില്‍ വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്ദളും കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കുനേരേ ആക്രമണം അഴിച്ചുവിട്ടു.ജമ്മുവിലും സമാനമാണ് സ്ഥിതി.
ഒരു മതഭ്രാന്ത് മറ്റൊരു മതഭ്രാന്തിന് വളമാകുന്നു.നിരപരാധികള്‍ ആക്രമിക്കപ്പെടുന്നു.ഭീകരാക്രമണത്തേക്കുറിച്ച് രാഷ്ട്രീയം പറയില്ലെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. രാഷ്ട്രീയമെന്നത് കക്ഷിരാഷ്ട്രീയം മാത്രമാണെന്ന് കരുതുന്ന സങ്കുചിതത്വം തന്നെയാണ് കോണ്‍ഗ്രസിനെ ഈ നിലപാടെടുക്കാന്‍ പ്രേരിപ്പിക്കുന്നത്.ശുദ്ധ വിവരക്കേടാണത്.

നയങ്ങളുടെയും നിലപാടുകളുടേയും പാളിച്ചയും സുരക്ഷാ നടപടികളിലെ അലംഭാവവും ചോദ്യം ചെയ്യാന്‍ ആര് വരണമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.നൂറുശതമാനം രാഷ്ട്രീയപരിഹാരം കാണേണ്ട വിഷയത്തെ കുരുകുത്തി പരുവാക്കുന്നപോലെ കുഴപ്പത്തിലാക്കിയത് കോണ്‍ഗ്രസിന്റെ കൂടി ഭരണമാണ് പക്ഷേ 2004 മുതലുള്ള കണക്ക് പരിശോധിച്ചാല്‍ ഭീകരാക്രമണങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് കശ്മീരിലുണ്ടായത്.

2013 ആകുമ്പോഴേയ്ക്ക് അത് ഒരു വ്യാഴവട്ടത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തിയതുമാണ്.അന്നത്തെ സര്‍ക്കാരുകളുടെ നിലപാടും പിന്നീടുവന്ന സര്‍ക്കാരിന്റെ നയവ്യതിയാനവും പരിശോധിക്കപ്പെടേണ്ടതല്ലെന്നാണോ കോണ്‍ഗ്രസ് പറയുന്നത്.
അമ്പത്താറിഞ്ച് നെഞ്ചുകൊണ്ട് പാകിസ്ഥാനെ നേരിടുമെന്ന് കോണ്‍ഗ്രസിനെ കളിയാക്കിയ മോദി അധികാരമേറ്റ് ആദ്യം പോയത് പാകിസ്ഥാനില്‍ കല്യാണമുണ്ണാനാണ്. കല്യാണമുണ്ടല്ല പാകിസ്ഥാനെ വരച്ച വരയില്‍ നിര്‍ത്തേണ്ടതെന്ന് പ്രധാനമന്ത്രിക്ക് പറഞ്ഞുകൊടുക്കാന്‍ ഉപദേഷ്ടാവ് അജിത് ഡോവലിനും കഴിഞ്ഞില്ല. അജിത് ഡോവലിന്റെ പ്രതിരോധതന്ത്രം പണ്ടേ അടിയറവിന്റേതാണല്ലോ.

ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റൊമ്പതില്‍ ഇന്ത്യയുടെ കസ്റ്റഡിയിലായിരുന്നു ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസര്‍.വാജ്‌പേയി മന്ത്രിസഭയുടെ കാലത്ത് കാണ്ഡഹാറിലേയ്ക്ക് തട്ടിക്കൊണ്ടുപോയ എയര്‍ ഇന്ത്യ വിമാനം വിട്ടുകിട്ടാന്‍ ഇന്ത്യ വിട്ടയച്ചതാണ് മസൂദ് അസറിനേയും മറ്റ് രണ്ട് ഭീകരരേയും.പോരാത്തതിന് എണ്ണൂറ്റിച്ചില്വാനം കോടി രൂപയും രൊക്കം കൊടുത്തു.ഇതൊക്കെ കാണ്ടഹാറില്‍ നേരിട്ട് കൊണ്ടുകൊടുത്തത് അന്നത്തെ വിദേശകാര്യമന്ത്രി ജസ്വന്ത് സിങ്ങ്.

ഇതിനൊക്കെ കളമൊരുക്കിയത് പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ പ്രതിരോധ തല അജിത് ഡോവല്‍.അന്ന് പോയ അസര്‍ പിന്നീട് ഇന്ത്യയോട് ചെയ്ത പാതകങ്ങള്‍ ചില്ലറയല്ല.പാര്‍ലമെന്റില്‍, പത്താന്‍കോട്ടില്‍ ഉറിയില്‍ നഗ്രോതയില്‍ ഇന്ത്യയെ ആക്രമിച്ചത് അസറിന്റെ ജയ്‌ഷെ മുഹമ്മദാണ്.

കശ്മീര്‍ വിഷയത്തില്‍ നയവും നിലപാടുമില്ലാത്തതാണ് ഈ സര്‍ക്കാരിന്റെ കുഴപ്പം.അഞ്ചുവര്‍ഷത്തെ കേന്ദ്രസര്‍ക്കാരിന്റെ നയരാഹിത്യമാണ് കശ്മീരിനെ വീണ്ടും കൊലക്കളമാക്കിയത്.ചെറുപ്പക്കാരില്‍ ഇന്ത്യയോട് വെറുപ്പ് വളര്‍ത്തുന്നതില്‍ ജെയ്‌ഷെമുഹമ്മദ് വിജയിച്ചത് ഇക്കാലത്താണ്.

സൈന്യത്തിനുനേരെയുള്ള കല്ലേറ് പതിവായി.അതിനെ പട്ടാളം നേരിട്ടത് പെല്ലറ്റാക്രമണത്തിലൂടെയാണ്.സ്വന്തം പൗരന്‍മാര്‍ക്കുനേരെ അറപ്പില്ലാതെ പെല്ലറ്റ് വര്‍ഷിച്ചു എന്നതാണ് സത്യം.അതോടെ കശ്മീരിന്റെ അടയാളവും കശ്മീര്‍ വിഘടനവാദികളുടെ പോസ്റ്റര്‍ തീമും വളരെയെളുപ്പത്തില്‍ ഈ മനുഷ്യാവകാശലംഘനമായി മാറി. അതോടെ ഇന്ത്യയില്‍ ..കശ്മീരില്‍ ചാവേറുകളെ കണ്ടെത്തുന്നത് ജയ്‌ഷെ ഭീകരര്‍ക്ക് എളുപ്പമായി.

2015ല്‍ കശ്മീരിലെ സഖ്യസര്‍ക്കാരിന്റെ ഭാഗമായി ബി.ജെ.പി വന്നപ്പോഴും നയമില്ലായ്മ പ്രകടമായിരുന്നു.മൂന്നരവര്‍ഷത്തെ സഖ്യഭരണമവസാനിപ്പിച്ച് 2018 ജൂണില്‍ പടിയിറങ്ങുമ്പോഴേയ്ക്ക് കശ്മീര്‍ രണ്ടുദശാബ്ദത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലേയ്ക്ക് എത്തിച്ചേര്‍ന്നിരുന്നു.നമ്മുടെ പട്ടാളക്യാമ്പുകള്‍ക്കുനേരെപോലും സമാനതകളില്ലാത്ത ആക്രമണമുണ്ടായി.2016ല്‍ ഇന്ത്യന്‍ പട്ടാളം പാക് അധീനകശ്മീരില്‍ നടത്തിയ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കാണ് ഇതിനെല്ലാമുള്ള തിരിച്ചടിയായി നമ്മള്‍ പറയുന്നത്.പക്ഷേ അതിനുശേഷം കണ്ടത് അമിതാവേശവും അമിതാഘോഷവുമാണെന്ന് അന്ന് നോര്‍ത്തേണ്‍ ആര്‍മി കമാണ്ടറായിരുന്ന ലഫ്റ്റ്‌നന്റ് ജനറല്‍ ഡിഎസ് ഹൂഡ തന്നെ ആരോപിക്കുന്നു. ജെയിഷിനെ നിയന്ത്രിക്കുന്നതരത്തില്‍ പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു.

ഇന്റലിജന്‍സും സുരക്ഷയും ശക്തിപ്പെടുത്തണം അതോടൊപ്പം നിലപാടുകളും ചര്‍ച്ചകളും ഏകപക്ഷീയമാവുന്നത് ഒഴിവാക്കുകയും വേണം.ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് വിളയേണ്ടത് ജനാധിപത്യം തന്നെയല്ലേ.പ്രക്ഷോഭകാരികളെ ഇല്ലാതാക്കുക എന്നതുമാത്രമാണ് കേന്ദ്രം സ്വീകരിച്ച നിലപാട്. പെല്ലറ്റുകളാണ് കഴിഞ്ഞ നാലുവര്‍ഷമായി പ്രക്ഷോഭകാരികളോട് സംസാരിച്ചത്.അസ്ഥിര ഭരണനേതൃത്വത്തോടൊപ്പം കല്യാണമുണ്ണുന്നത് പാകിസ്ഥാനോടുള്ള തന്ത്രപരമായ നിലപാടാവുന്നില്ല.

സൈന്യമാണ് പാകിസ്ഥാനില്‍ എല്ലാം തീരുമാനിക്കുന്നത്.അവര്‍ക്ക് കശ്മീര്‍ എന്നും പുകഞ്ഞേ മതിയാകൂ.ആ സൈന്യത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ എന്തുപണിയാണ് പൗരന്‍മാര്‍ക്ക് ബോധ്യപ്പെടുന്ന രീതിയില്‍ ഭരണനേതൃത്വം കൈക്കൊണ്ടത്.

ജെയ്‌ഷെമുഹമ്മദിനും മസൂദ് അസറിനുമെതിരായ നിലപാടിലേയ്ക്ക് ചൈനയെ എത്തിക്കാന്‍ എന്തുശ്രമമാണ് നടത്തിയത്.കശ്മീരിലെ പ്രക്ഷോഭകാരികള്‍ക്ക് പൗരന്‍മാരെന്ന പരിഗണന കൊടുക്കണം. അതിനുപകരം നൂറുസൈനികരെ ഭീകരര്‍ കൊല്ലുമ്പോള്‍ തിരിച്ചൊരു സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് നടത്തി പിന്നീടങ്ങോട്ട് വര്‍ഷങ്ങളോളം അതിന്റെ മേനിപറഞ്ഞുനടക്കുന്നതില്‍ എന്തുകാര്യം.
തല്‍ക്കാലം ഒരു തുറന്ന യുദ്ധത്തിന് ഒരു സാധ്യതയുമില്ല. തിരിച്ചടിക്കാന്‍ സൈന്യത്തിന് സര്‍ക്കാരിന്റെ അനുമതിയുണ്ട്.പക്ഷേ അത് അവധാനതയോടെയേ അവര്‍ നടപ്പാക്കൂ എന്നുകരുതാം.

മിനിട്ടുകള്‍കൊണ്ട് പറന്നെത്താവുന്ന ദൂരത്തില്‍ ഇന്ത്യാ പാക് അതിര്‍ത്തിയില്‍ തൊട്ടുതൊട്ടുകിടക്കുന്ന നഗരങ്ങള്‍ നിരവധിയാണ്.ഇരുരാജ്യങ്ങളുടേയും ആണവശേഷി മാത്രമല്ല വളര്‍ന്നത് നഗരങ്ങള്‍കൂടിയാണ്.ലാഹോറില്‍നിന്ന് ഉറക്കെ ഒരു വിസിലടിച്ചാല്‍ അമൃത്സറില്‍ കേള്‍ക്കാം.അമൃത്സര്‍ അങ്ങ് പോട്ടെ എന്നാലും പകരം വീട്ടണമെന്ന് ചില വിവരദോഷികള്‍ പറയും ഇന്ത്യയുടെ ഭരണനേതൃത്വം പറയില്ലെന്നാശിക്കാം.

ലാഹോറങ്ങ് വെണ്ണീറാവട്ടെ എന്ന് പാകിസ്ഥാനും കരുതില്ല.പിന്നെ ഇതിങ്ങനെ പുകഞ്ഞുനില്‍ക്കുന്നതുകൊണ്ട് ലാഭമുള്ള ചിലരുണ്ട്,ആയുധക്കമ്പനികള്‍.തുടലറ്റുംപോയി പുഴ വറ്റീം പോയാല്‍ അക്കരെ നില്‍ക്കുന്ന പട്ടി വന്ന് കടിക്കില്ലേ എന്ന് ശങ്കിച്ച് മരത്തില്‍ കയറുന്നപോലെയാണ് ഇന്ത്യയുടെയും പാകിസ്ഥാന്റെയും കാര്യം.ഇനിയെങ്ങാനും യുദ്ധം ഉണ്ടായാലോ എന്ന് പേടിച്ച് പേടിച്ച് ആയുധങ്ങള്‍ ഇനിയും വാങ്ങിക്കൂട്ടും.മൂന്നുലക്ഷം കോടിയാണ് ഇന്ത്യയുടെ വാര്‍ഷിക പ്രതിരോധബജറ്റ്.ഞാനും നിങ്ങളും ചോര നീരാക്കി പണിയെടുക്കുന്ന കാശുതന്നെയാണ് .രാഷ്ട്രമെന്ന സങ്കല്‍പ്പത്തിന് നമ്മള്‍ കൊടുക്കുന്ന നോട്ടക്കൂലി.പാകിസ്ഥാനിലെ സഹോദരങ്ങളും ഈ ചുങ്കമൊടുക്കുന്നുണ്ട്.
അത് ഇസ്‌റയേലിലും അമേരിക്കയിലും റഷ്യയിലും ഫ്രാന്‍സിലും ഒക്കെയുള്ള കമ്പനികള്‍ക്ക് വീതംവച്ചാലെ നമ്മുടെ യുദ്ധഭീതിയ്ക്ക് ചെറിയ ശമനമുണ്ടാവൂ.

കശ്മീരില്‍ രാഷ്ട്രീയം പറയുന്നില്ല എന്നതുതന്നെയാണ് പ്രശ്‌നം.പെല്ലറ്റും ബുള്ളറ്റുമല്ല ഡയലോഗാണ് വേണ്ടത്.പുതുതലമുറയെ വിഘടനവാദത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ വണ്ടിയില്‍ വച്ചുകെട്ടി മനുഷ്യകവചമാക്കുകയല്ല വേണ്ടത്.അവരെ വിശ്വാസത്തിലെടുക്കണം. ചര്‍ച്ചകളുണ്ടാവണംഅതിനുപകരം തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിന്റെ തന്ത്രങ്ങളും പയറ്റിക്കൊണ്ടിരുന്നാല്‍ ഇതല്ല ഇതിലപ്പുറം സംഭവിക്കും.

മുസ്‌ലീങ്ങള്‍ക്കെതിരായ ഉന്‍മൂലനമുദ്രാവാക്യങ്ങള്‍ ആക്രോശിച്ചാണ് വി.എച്ച്.പിയും ബജ്രംഗ്ദളും ജമ്മുവിലും ഡെറാഡൂണിലും അക്രമം അഴിച്ചുവിട്ടത്.നാല്‍പ്പത് ജവാന്‍മാര്‍ കൊല്ലപ്പെട്ടിടത്ത് പ്രതിഷേധം ഉയരുക സ്വാഭാവികമാണ്.പക്ഷേ അത് ജെയ്‌ഷെ മുഹമ്മദിനെതിരെയോ മസൂദ് അസറിനെതിരേയോ പാകിസ്ഥാനെതിരേയോ അല്ലേ വേണ്ടത്?!.പക്ഷേ ഇവരുയര്‍ത്തുന്നത് തികഞ്ഞ മുസ്‌ലീം വിരുദ്ധതയാണ്.

മുതലെടുപ്പുകാരുടെ വര്‍ഗ്ഗീയമുദ്രാവാക്യങ്ങളെ ചെറുക്കാന്‍ രാജ്യത്തിന് കരുത്തുണ്ടാവട്ടെ. നമുക്ക് വിവേകത്തോടെയിരിക്കാം.യുദ്ധം ..യുദ്ധം എന്ന് മൂപ്പിയ്ക്കുന്നതും പടക്കം പൊട്ടിച്ചും പടംപിടിച്ചും തീവ്രദേശീയത ഉണര്‍ത്തുന്നതും തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയക്കുന്നവര്‍ക്ക് ആയുധമാണ്. വേണമെങ്കില്‍ യുദ്ധഭീതികൊണ്ട് തെരഞ്ഞെടുപ്പ് നീട്ടിവച്ചും തടിതപ്പാന്‍ വഴിയുണ്ട്.

യുദ്ധം ചെയ്യുന്നത് സമാധാനത്തിനുവേണ്ടിയാണെന്ന പ്രഖ്യാപനം ഒരു യുദ്ധതന്ത്രമാണ്.അങ്ങനെ പ്രഖ്യാപിക്കുന്നവരെ യോദ്ധാക്കളെന്ന് ചിലര്‍ വിളിക്കും.പക്ഷേ അവര്‍ പമ്പരവിഡ്ഢികളാണെന്നു വിലയിരുത്താന്‍ മറ്റുചിലര്‍ക്കുള്ള അവകാശത്തിന്റെ പേര്‍ കൂടിയാണ് ജനാധിപത്യം.ജനാധിപത്യ ഇന്ത്യ യുദ്ധവെറിയന്‍മാര്‍ക്ക് ആരും തീറെഴുതിക്കൊടുത്തിട്ടില്ല.

ഹര്‍ഷന്‍ പൂപ്പാറക്കാരന്‍

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more