മോസ്‌കോ: ഉക്രൈന്‍-റഷ്യ യുദ്ധത്തിന് ഒരു വര്‍ഷം തികയാന്‍ രണ്ട് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ സംയുക്ത പാര്‍ലമെന്ററി സഭയെ അഭിസംബോധന ചെയ്ത് സംസാരിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍.
‘ഒരു പ്രാദേശിക സംഘര്‍ഷത്തെ ആഗോള പ്രശ്‌നമാക്കാന്‍ അവര്‍ ശ്രമിക്കുകയാണ്. അതുകൊണ്ട് തന്നെ ഞങ്ങളുടെ നാടിന്റെ നിലനില്‍പിന് വേണ്ടി ഞങ്ങള്‍ പ്രതികരിക്കും. റഷ്യയെ പരാജയപ്പെടുത്തുക ശ്രമകരമായിരിക്കും. പ്രശ്‌നം സമാധാനപരമായി ചര്‍ച്ച ചെയ്യാന്‍ റഷ്യ തയ്യാറായിരുന്നു. പാശ്ചാത്യ രാജ്യങ്ങളുടെ ഇടപെടല്‍ മൂലമാണ് ഇക്കാര്യം നടക്കാതെ പോകുന്നത്,’ പുടിന്‍ പറഞ്ഞു.
ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ഉക്രൈന്‍ യുദ്ധം തുടരുമെന്ന് പുടിന്‍ സഭയില്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യം പ്രശ്‌നങ്ങള്‍ ആളിക്കത്തിക്കുന്നുവെന്നും പറഞ്ഞ പുടിന്‍ യുദ്ധം ചെയ്യാന്‍ റഷ്യ നിര്‍ബന്ധിതമാകുകയായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. യുദ്ധത്തില്‍ മരിച്ചുപോയവരുടെ കുടുംബത്തിന്റെ വേദന താന്‍ മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
റഷ്യന്‍ അധിനിവേശത്തിന് ശേഷം ആദ്യമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം ഉക്രൈന്‍ സന്ദര്‍ശിച്ചിരുന്നു. അതിന് പിന്നാലെയാണ് പുടിന്‍ പാര്‍ലമെന്ററി സഭ അഭിസംബോധന ചെയ്യുന്നത്. അധിനിവേശത്തിന് ശേഷം ആദ്യമായാണ് പുടിന്‍ സഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചതെന്നതും ശ്രദ്ധേയമാണ്.
രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നത്തെ ആഗോള പ്രശ്‌നമായി ലോകം കാണുന്നുവെന്നും ഇത് പ്രാദേശികമായ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.
കീവ് ഭരണകൂടത്തിന്റെയും പാശ്ചാത്യ മേധാവികളുടെയും ബന്ധികളായി കീവ് ജനത മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള പാശ്ചാത്യ ശക്തികള്‍ക്ക് മുന്നില്‍ റഷ്യ വഴങ്ങില്ലെന്ന് ക്രെംലിന്‍ മേധാവിയും അഭിപ്രായപ്പെട്ടു.
എന്നാല്‍ ലവേഡ സെന്ററില്‍ വെച്ച് നടന്ന പോളിങ്ങില്‍ 75 ശതമാനം റഷ്യന്‍ ജനത യുദ്ധത്തെ പിന്തുണക്കുന്നുവെന്നും 19 ശതമാനം പിന്തുണക്കുന്നില്ലെന്നും ആറ് ശതമാനം യുദ്ധത്തെ കുറിച്ച് അറിയില്ലെന്നും രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസം ഉക്രൈന്‍ സന്ദര്‍ശിച്ച ജോ ബൈഡന്‍ ഉക്രൈന് എല്ലാ പിന്തുണയും നല്‍കിയിരുന്നു. ആയുധങ്ങള്‍ നല്‍കാമെന്ന് സെലന്‍സ്‌കിക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.
CONTENT HIGHLIGHT: War will not cease; Understanding the grief of the families of the dead: Putin