ഇന്ത്യയുമായുള്ള യുദ്ധഭീഷണി അവസാനിച്ചുവെന്ന് ഇമ്രാന്‍ഖാന്‍
India-Pak Boarder Issue
ഇന്ത്യയുമായുള്ള യുദ്ധഭീഷണി അവസാനിച്ചുവെന്ന് ഇമ്രാന്‍ഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th March 2019, 5:00 pm

ഇസ്‌ലാമാബാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം കുറഞ്ഞുവെന്നും സമയോചിതവും വിവേകപൂര്‍ണ്ണവുമായ തീരുമാനങ്ങളെടുത്തതിനാല്‍ യുദ്ധഭീതി അവസാനിച്ചുവെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. എന്നാല്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഭീകരതയ്‌ക്കെതിരായ നാഷണല്‍ ആക്ഷന്‍ പ്ലാന്‍ (എന്‍.എ.പി) നടപ്പിലാക്കിയത് രാജ്യതാത്പര്യപ്രകാരമാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. “”ഭീകസംഘടനകള്‍ക്കെതിരായ നടപടി അഭ്യന്തര വിഷയമാണ്. രാജ്യത്തിന്റെ താത്പര്യ പ്രകാരമേ നടപടിയെടുക്കൂവെന്ന് ലോക രാജ്യങ്ങളെ അറിയിച്ചതാണ്. പുറമേ നിന്നുള്ള ഒരു ആജ്ഞയും സ്വീകരിക്കില്ല” ഇമ്രാന്‍ഖാന്‍ പറഞ്ഞു.

പാര്‍ലമെന്റ് ഹൗസില്‍ പാകിസ്ഥാന്‍ തെഹ്‌രീക്കെ ഇന്‍സാഫ് പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ ബാലാകോട്ടില്‍ വ്യോമാക്രമണം നടത്തിയതും അന്താരാഷ്ട്ര രാജ്യങ്ങളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടാവുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ഭീകരസംഘടനകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാകിസ്ഥാന്‍ നിര്‍ബന്ധിതരായിരുന്നു.