| Thursday, 12th March 2015, 11:02 am

അഭ്യന്തര യുദ്ധം: സിറിയക്ക് സമ്മാനിച്ചത് 80 ശതമാനം പട്ടിണിക്കാരെ

ഡൂള്‍ന്യൂസ് ഡെസ്‌ക്


ദമസ്‌കസ്: അഭ്യന്തര യുദ്ധം കാരണം സിറിയയിലെ 80 ശതമാനം ജനതയും ദാരിദ്ര്യമനുഭവിക്കുന്നതായി യു.എന്‍ റിപ്പോര്‍ട്ട്. 2011 മുതല്‍ രാജ്യത്തിന് നഷ്ടമായത് 200 ബില്ല്യണ്‍ ഡോളറാണ്. സിറിയന്‍ സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് കഴിഞ്ഞ ദിവസം പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം രാജ്യം വന്‍ തകര്‍ച്ചയിലേക്കാണ് കൂപ്പ് കുത്തുന്നതെന്നാണ് കണ്ടെത്തിയിരുന്നത്.

യുദ്ധങ്ങള്‍ കാരണം ഏകദേശം മൂന്ന് മില്ല്യണ്‍ ജനങ്ങള്‍ക്കാണ് സിറിയയില്‍ തൊഴില്‍ നഷ്ടമായത്. ഇവിടെ തൊഴിലില്ലായ്മയുടെ കണക്കുകള്‍ 2011ല്‍ 14.9 ശതമാനം ആയിരുന്നെങ്കില്‍ 2014 വര്‍ഷാവസാനത്തില്‍ ഇത് 57.17 ശതമാനമാണ്. സിറിയയിലെ അഞ്ചില്‍ നാല് പേരും പട്ടിണി അനുഭവിക്കുന്നവരാണെന്നും റിപ്പോട്ടില്‍ പറയുന്നുണ്ട്.

കഴിഞ്ഞ നാല് വര്‍ഷമായി തുടരുന്ന കലാപങ്ങള്‍ സിറിയയുടെ സാമൂഹിക ഘടനയെ തന്നെ ഛിന്നഭിന്നമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇക്കാലയളവില്‍ സിറിയയുടെ ജനസംഖ്യയില്‍ 15 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചിരിക്കുന്നത്. 2010ല്‍ ഇത് 20.87 മില്ല്യണ്‍ ആയിരുന്നെങ്കില്‍ 2014 വര്‍ഷാവസാനത്തോടെ ജനസംഖ്യ 17.65 മില്ല്യണായി കുറഞ്ഞിരിക്കുകയാണ്.

നിലവില്‍ പലസ്തീന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളുള്ളത് സിറിയയില്‍ നിന്നാണ്. 3.3 മില്ല്യണ്‍ ജനങ്ങള്‍ അഭയാര്‍ത്ഥികളായി സിറിയയില്‍ നിന്നും നാട് വിട്ടിട്ടുണ്ട്. 1.5 മില്ല്യണ്‍ ആളുകള്‍ ജോലി തേടി മറ്റുരാജ്യങ്ങളിലേക്ക് പോയപ്പോള്‍ 6.8 മില്ല്യണ്‍ ആളുകള്‍ സ്വന്തം വീടുകള്‍ ഉപേക്ഷിച്ച് രാജ്യത്തിനുള്ളില്‍ അലയുന്നുണ്ടെന്നുമാണ് കണക്കുകള്‍.

സംഘര്‍ഷങ്ങളില്‍ നിന്നായി 210,000 പേര്‍ കൊല്ലപ്പെടുകയും 840,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇത് വ്യക്തമാക്കുന്നത് സിറിയന്‍ ജനതയില്‍ ഏകദേശം 6 ശതമാനം പേര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ്. ഇത് കൂടാതെ 50.8 ശതമാനം വരുന്ന കുട്ടികള്‍ക്ക് യുദ്ധം കാരണം വിദ്യഭ്യാസം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട.്

Latest Stories

We use cookies to give you the best possible experience. Learn more