ഗസയിലെ റിപ്പോർട്ടിങ്ങിൽ പിശകുകൾ സംഭവിച്ചുവെന്ന് അംഗീകരിക്കുന്നു; ആത്മപരിശോധനക്ക് കാരണമായി: ബ്രിട്ടീഷ് മാധ്യമങ്ങൾ
World News
ഗസയിലെ റിപ്പോർട്ടിങ്ങിൽ പിശകുകൾ സംഭവിച്ചുവെന്ന് അംഗീകരിക്കുന്നു; ആത്മപരിശോധനക്ക് കാരണമായി: ബ്രിട്ടീഷ് മാധ്യമങ്ങൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th March 2024, 8:29 pm

ലണ്ടൻ: ഗസയിലെ റിപ്പോർട്ടിങ്ങിൽ പിശകുകൾ സംഭവിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് ബ്രിട്ടീഷ് ടി.വി മാധ്യമങ്ങളുടെ മേധാവിമാർ.

സെന്റർ ഫോർ മീഡിയ മോണിറ്ററിങ് (സി.എഫ്.എം.എം) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബി.ബി.സി ന്യൂസിന്റെയും സ്കൈ ന്യൂസിന്റെയും സീനിയർ എക്സിക്യൂട്ടീവുമാർ.

ഇസ്രഈലിനോട് അനുകമ്പ പുലർത്തുന്ന രീതിയിലാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെന്ന ഫലസ്തീൻ അനുകൂല സംഘടനകളുടെ വിമർശനം തങ്ങൾ സ്വീകരിക്കുന്നതായി അവർ അറിയിച്ചു.

‘ഇത് റിപ്പോർട്ട് ചെയ്യാൻ അത്യന്തം പ്രയാസകരമായ വാർത്തയാണ്. വിവേചനം ഇല്ലാതെയും വ്യക്തമായും പ്രേക്ഷകരിലേക്ക് വാർത്ത എത്തിക്കാൻ ഞങ്ങൾ വളരെയധികം ശ്രമിക്കാറുണ്ട്. എന്നാൽ വളരെയധികം ധ്രുവീകരിക്കപ്പെട്ട വാർത്തകളിൽ അത് വളരെയധികം ബുദ്ധിമുട്ടാണ്,’ ബി.ബി.സിയിലെ ന്യൂസ്‌ കണ്ടന്റ് ഡയറക്ടർ റിച്ചാർഡ് ബർഗസ് പറഞ്ഞു.

24 മണിക്കൂറും പ്രവർത്തിക്കുന്ന വാർത്താ സ്ഥാപനം എന്ന നിലയിൽ പിശകുകൾ സംഭവിക്കുമെന്നും ബർഗസ് ചൂണ്ടിക്കാട്ടി.

‘പ്രവർത്തിക്കുമ്പോൾ ഞങ്ങൾ സുതാര്യമാണെന്നാണ് എന്റെ വിശ്വാസം. എന്നാൽ പിശകുകൾ സംഭവിക്കാതിരിക്കുക എന്നത് അസംഭവ്യമാണ്. ഞങ്ങൾ പിശകുകൾ വരുത്താറുണ്ട്,’ ബർഗസ് പറഞ്ഞു.

അതേസമയം ബി.ബി.സിക്ക് ഇസ്രഈൽ അനുകൂല നയമുണ്ടെന്നും രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങുന്നുണ്ടെന്നുമുള്ള ആരോപണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു.

അതേസമയം രണ്ട് ലക്ഷം വാർത്തകളുടെയും ടി.വി റിപ്പോർട്ടുകളുടെയും വിശകലനത്തിന്റെ അടിസ്ഥാനത്തിൽ ബ്രിട്ടീഷ് മാധ്യമങ്ങൾ ന്യായമായ രീതിയിൽ ഗസയിലെ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെട്ടെന്ന് സി.എഫ്.എം.എം റിപ്പോർട്ട് പുറത്തുവിട്ടിരുന്നു.

ഫലസ്തീനികളെ അപേക്ഷിച്ച് ഇസ്രഈലികളെ 11 മടങ്ങ് ആക്രമണത്തിന്റെ ഇരകളായി മാധ്യമങ്ങൾ പരാമർശിച്ചെന്നും 76 ശതമാനം ഓൺലൈൻ വാർത്തകളും സംഘർഷത്തെ ഇസ്രഈൽ – ഹമാസ് യുദ്ധമായാണ് ചിത്രീകരിച്ചത് എന്നും റിപ്പോർട്ടിൽ പറയുന്നു.

24 ശതമാനം വാർത്തകളിൽ മാത്രമാണ് ഫലസ്തീനികൾക്കെതിരായ യുദ്ധം എന്ന് പരാമർശിച്ചത് എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം സ്കൈ ന്യൂസിന്റെ മാനേജിങ് ഡയറക്ടറും എക്സിക്യൂട്ടീവ് എഡിറ്ററുമായ ജോനാഥൻ ലവി റിപ്പോർട്ടിനെ പ്രകീർത്തിക്കുകയും ചെയ്തു.

ഇസ്രഈലികൾ കൊല്ലപ്പെട്ടെന്ന് പറയുമ്പോൾ തന്നെ ഗസയിൽ ജീവൻ നഷ്ടമായെന്ന് റിപ്പോർട്ട് ചെയ്യുമ്പോൾ അബദ്ധം സംഭവിച്ചിട്ടുണ്ടെന്നും അതിൽ ഇനിയും കാര്യക്ഷമമായി പ്രവർത്തിക്കാനുണ്ടെന്നും ലവി പറഞ്ഞു.

ഒക്ടോബർ 17ന് അൽ അഹ്‌ലി ആശുപത്രിയിലുണ്ടായ ആക്രമണം റിപ്പോർട്ട് ചെയ്തതിൽ തങ്ങൾക്ക് അബദ്ധം സംഭവിച്ചുവെന്നും അത് ന്യൂസ്റൂമിൽ ആത്മപരിശോധനയ്ക്ക് കാരണമായെന്നും ചൂണ്ടിക്കാട്ടി.

എന്നാൽ ഗസയിലെ യുദ്ധത്തിന്റെ ഉത്തരവാദിത്തം ഹമാസിനാണെന്നും അതിനാൽ ഇസ്രഈൽ – ഹമാസ് സംഘർഷം എന്ന് വിശേഷിപ്പിക്കുന്നതിൽ വിവേചനമില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: War on Gaza: UK news chiefs admit ‘mistakes’ but defend Gaza reporting