| Tuesday, 20th February 2024, 10:31 am

പട്ടിണിയും നിർജലീകരണവും; ഗസയിൽ എട്ടുവയസുകാരി കൂടി കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഗസയിൽ പട്ടിണിയും നിർജലീകരണവും കാരണം എട്ടുവയസുകാരിയായ ഫലസ്തീനി പെൺകുട്ടി കൊല്ലപ്പെട്ടതായി യൂറോ മെഡ് ഹ്യൂമൻ റൈറ്റ്സ് മോണിറ്ററിന്റെ റിപ്പോർട്ട്.

പട്ടിണി മൂലമുള്ള  കാൽ‌സ്യത്തിന്റെ അഭാവം കൊണ്ടാണ് ഹാനിൻ സാലിഹ് ഹസൻ ജുമാ മരിച്ചതെന്ന് സംഘടനയുടെ വടക്കൻ ഗസയിൽ നിന്നുള്ള അംഗങ്ങൾ പറഞ്ഞു.

‘എന്റെ മകൾ ഹാനിൻ മരണപ്പെട്ട രാത്രി എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. അവളെന്നോട് ഭക്ഷണം ചോദിച്ചു. അപ്പോൾ ഞാൻ അവളോട് നാളെ കൊണ്ടുവരാമെന്നും ഇപ്പോൾ ഉറങ്ങൂ എന്നും പറഞ്ഞു.

അടുത്ത ദിവസം അവളിൽ നിന്ന് ഞരുക്കം കേട്ടു. ഞാൻ അവളുടെ അടുത്തിരുന്നപ്പോൾ അവൾ മരണത്തിനായി തയ്യാറെടുക്കുന്നത് ഞാൻ കണ്ടു.

വാഹനങ്ങൾ ഒന്നുമില്ലാത്തത് കൊണ്ട് ഞാൻ ഒരു കഴുതവണ്ടിയിൽ അവളെയും കൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞു. എന്നാൽ ഡോക്ടർമാർ എന്നോട് പറഞ്ഞത്‌ ഭക്ഷണമില്ലാതെയും നിർജലീകരണം മൂലവും എന്റെ മകൾ മരണപ്പെട്ടു എന്നാണ്,’ കുട്ടിയുടെ പിതാവ് പറഞ്ഞു.

ജനുവരി 18ന് വിശപ്പ് മൂലം ജമാൽ മഹ്മൂദ് എന്ന ശിശു അമ്മയുടെ മടിയിൽ കിടന്ന് മരണപ്പെട്ടിരുന്നു.

വിശപ്പും നിർജലീകരണവും കാരണം ഒരു വയസുകാരൻ ബറാ അൽ ഹദ്ദാദും 14കാരി ജന ദീബ് ഖുദേയ്ഹും ഡിസംബറിൽ കൊല്ലപ്പെട്ടിരുന്നു.

വേൾഡ് ഫുഡ്‌ പ്രോഗ്രാമിന്റെ കണക്കുകൾ പ്രകാരം ലോകത്ത് പട്ടിണി കൊണ്ട് ബുദ്ധിമുട്ടുന്നവരിൽ 80 ശതമാനം ഗസയിലെ ഫലസ്തീനികളാണ്.

യു.എൻ റിപ്പോർട്ടുകൾ പ്രകാരം ഗസയിൽ അഞ്ച് വയസിന് താഴെയുള്ള കുട്ടികൾ മുഴുവൻ പട്ടിണിയുടെ ഭീഷണിയിലാണ്. ഇവരുടെ എണ്ണം 3,35,000ത്തോളം വരും.

Content Highlight: War on Gaza: Palestinian child starves to death in Gaza City

We use cookies to give you the best possible experience. Learn more