ഗസ: ഇസ്രഈൽ ആക്രമണത്തിൽ വീടുകളിൽ ഉറങ്ങുകയായിരുന്ന 100 ഓളം ഫലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വടക്കൻ ഗസയിൽ കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾ അഭയം പ്രാപിച്ച വീടുകളിലാണ് ഇസ്രഈൽ സൈന്യം വ്യോമാക്രമണം നടത്തിയത്. വ്യോമാക്രമണത്തിൽ 25 കുട്ടികളടക്കം 100 ഫലസ്തീനികളെ ഇസ്രഈൽ സൈന്യം കൊലപ്പെടുത്തി.
24 ദിവസമായി ഇസ്രഈലിന്റെ കടുത്ത ഉപരോധത്തിനും കര ആക്രമണത്തിനും വിധേയമായ വടക്കൻ പട്ടണമായ ബെയ്റ്റ് ലാഹിയയിലെ അഞ്ച് നില കെട്ടിടത്തിന് നേരെയാണ് ബോംബാക്രമണം നടന്നത്. ഗസ ആസ്ഥാനമായുള്ള സർക്കാർ മീഡിയ ഓഫീസ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം 25 കുട്ടികൾ ഉൾപ്പെടെ 93 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. നാൽപ്പതോളം പേരെ കാണാതായിട്ടുണ്ട്. കൂടാതെ 150 പേർക്ക് പരിക്കേറ്റതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വടക്കൻ ഗസയിലെ വീടുകളിൽ നിന്ന് ഇസ്രഈൽ സൈന്യം കുടിയൊഴിപ്പിച്ച ആളുകൾക്ക് താമസ സൗകര്യം ഒരുക്കിയ അബു നാസർ കുടുംബത്തിൻ്റേതായിരുന്നു ആക്രമണത്തിന് ഇരയായ കെട്ടിടം. ആക്രമണ സമയത്ത് 300നും 400നും ഇടയിൽ ആളുകൾ കെട്ടിടത്തിൽ ഉറങ്ങുകയായിരുന്നു.
ഇസ്രഈൽ സൈന്യം ആരോഗ്യ സേവനങ്ങൾ നശിപ്പിച്ചതിൻ്റെ ഫലമായി വടക്കൻ ഗസയിൽ പ്രവർത്തനക്ഷമമായ ആശുപത്രികൾ ഒന്നുമില്ല. ഇത് മൂലം പരിക്കേറ്റവർക്ക് വേണ്ട വിധത്തിലുള്ള ചികിത്സ നൽകാൻ സാധിക്കുന്നില്ലെന്നും പരിക്കേറ്റവർ മരിക്കുന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഏകദേശം 13 മാസം മുമ്പ് ഗസയ്‌ക്കെതിരായ യുദ്ധം ആരംഭിച്ചതിനുശേഷം, ഇസ്രായേൽ സൈന്യം 43,000 ഫലസ്തീനികളെ കൊലപ്പെടുത്തിയതായാണ് റിപ്പോർട്ട്. ആക്രമണത്തിൽ 100,000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും പതിനായിരത്തിലധികം പേരെ കാണാതാവുകയും നിരവധിപേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന് മരിച്ചതായും അനുമാനിക്കുന്നു.