ഗസ: റമദാൻ മാസത്തെ ഓർമപ്പെടുത്തിക്കൊണ്ട് ഗസയിൽ ഹെലികോപ്റ്ററിൽ നിന്ന് ലഘുലേഖകൾ വിതരണം ചെയ്ത ഇസ്രഈൽ നടപടിയെ അപലപിച്ച് ഫലസ്തീനികൾ.
ഇസ്രഈൽ സൈന്യത്തിന്റെ നടപടി മാനസികമായി പീഡിപ്പിക്കുന്നതിനുള്ളതാണെന്നാണ് ആരോപണം.
‘വിശക്കുന്നവർക്ക് ആഹാരം നൽകുകയും കരുണയോടെ സംസാരിക്കുകയും ചെയ്യുക’ എന്നാണ് ലഘുലേഖയിലെ വാചകങ്ങൾ.
ദൈവത്തോട് വ്രതം സ്വീകരിക്കാനും പാപങ്ങൾ പൊറുത്തു തരാനും ആവശ്യപ്പെടുന്ന പ്രാർത്ഥനയും പ്രദേശത്തെ ഫലസ്തീനികൾക്ക് വിഭവസമൃദ്ധമായ നോമ്പുതുറയുണ്ടാകുമെന്നും എഴുതിയിട്ടുണ്ട്.
അടുത്ത ആഴ്ചയാണ് റമദാൻ ആരംഭിക്കുന്നത്. ജനുവരി 23നാണ് ഫലസ്തീൻ അഭയാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന യു.എൻ ഏജൻസി അവസാനമായി ഗസയിൽ ഭക്ഷണമെത്തിച്ചത് എന്ന് ഏജൻസിയുടെ അധ്യക്ഷൻ ഫിലിപ്പ് ലസാറിനി അറിയിച്ചിരുന്നു.
നേരത്തെയും സമാനമായ ലഘുലേഖകൾ ഇസ്രഈൽ ഹെലികോപ്റ്റർ വഴി ഗസയിൽ വിതരണം ചെയ്തിരുന്നു.
അതേസമയം റമദാൻ ആരംഭിക്കുന്നതിന് മുമ്പ് വെടിനിർത്തൽ നടപ്പിലാകില്ലെന്നാണ് സൂചന. വെടിനിർത്തൽ ഉടമ്പടിക്ക് വേണ്ടിയുള്ള മധ്യസ്ത രാജ്യങ്ങളുടെ ഇടപെടലുകൾ ഇസ്രഈൽ തടസപ്പെടുത്തുകയാണെന്ന് ഹമാസ് ആരോപിച്ചിരുന്നു. വെടിനിർത്തൽ ചർച്ചകൾ അവസാനിപ്പിച്ച് ഈജിപ്ത് വിട്ടതായും ഹമാസ് പ്രതിനിധികൾ വ്യക്തമാക്കിയിരുന്നു.
ചർച്ചകൾ അടുത്ത ആഴ്ച പുനരാരംഭിക്കുമെന്നാണ് മധ്യസ്തത വഹിക്കുന്ന രാജ്യങ്ങൾ അറിയിക്കുന്നത്.
Content Highlight: War on Gaza: Israel air drops Ramadan leaflets on Gaza amid widespread starvation