'എന്റെ മകനെ കൊന്നത് ഹമാസല്ല'; ഹമാസ് ബന്ദിയാക്കിയ സൈനികനെ ഇസ്രഈൽ സേന വിഷം ശ്വസിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് മാതാവ്
World News
'എന്റെ മകനെ കൊന്നത് ഹമാസല്ല'; ഹമാസ് ബന്ദിയാക്കിയ സൈനികനെ ഇസ്രഈൽ സേന വിഷം ശ്വസിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് മാതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th January 2024, 10:11 pm

ഗസ: ഹമാസ് ബന്ദികളാക്കിയ ഇസ്രഈലികളിൽ ഒരാളെ ഇസ്രഈലി സൈന്യം വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന ആരോപണവവുമായി കൊല്ലപ്പെട്ടയാളുടെ അമ്മ.

ഗസയിൽ മരണപ്പെട്ട മൂന്ന് ഇസ്രഈലി ബന്ദികളുടെ മരണകാരണം വ്യക്തമല്ലെന്ന് ഇസ്രഈൽ സൈന്യം പറയുമ്പോഴാണ് സൈന്യത്തിനെതിരെ ആരോപണവുമായി ഇസ്രഈലി വനിത രംഗത്ത് വന്നത്.

ഡിസംബറിൽ സൈനികരായ റോൺ ഷർമാന്റെയും നിക് ബെയ്സറിന്റെയും ഫ്രണ്ട്സ് ഇസ്രഈലി പൗരൻ ഏലിയ ടോളഡാനോയുടെയും മൃതദേഹങ്ങൾ ഗസയിൽ നിന്ന് ഇസ്രഈൽ സൈന്യം തിരിച്ചയച്ചിരുന്നു. ബന്ദികളെ ഹമാസ് കൊലപ്പെടുത്തിയതാണെന്നായിരുന്നു ഇസ്രഈൽ ആദ്യം ആരോപിച്ചിരുന്നത്.

എന്നാൽ ഇസ്രഈലി സൈന്യം തന്റെ മകന് വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന് റോണിന്റെ അമ്മ മായൻ ഷർമാൻ ആരോപിച്ചു.

‘ഇസ്രഈൽ സേനയുടെ ബോംബുകളിൽ നിന്നുള്ള വിഷവാതകം ശ്വസിച്ചാണ് അവൻ മരണപ്പെട്ടത് എന്ന് അനുമാനിക്കുന്നതായി ഞങ്ങളോട് പറഞ്ഞു,’ മായൻ ഷർമാൻ ഫേസ്ബുക്കിൽ കുറിച്ചു.

പിന്നാലെ സൈനികർ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് തങ്ങൾക്കറിയില്ലെന്ന് ഇസ്രഈൽ സേന പറഞ്ഞു.

ജബലിയയിലെ ഹമാസിന്റെ തുരങ്കത്തിൽ വെച്ചാണ് മൃതദേഹങ്ങൾ ലഭിച്ചതെന്നും ഇസ്രഈൽ പറഞ്ഞു.

ഹമാസിന്റെ വടക്കൻ ബ്രിഗേഡിലെ കമാൻഡറായ അഹ്മദ് ജറാണ്ടർ കഴിഞ്ഞ മാസം കൊല്ലപ്പെട്ടത് ഇവിടെ വച്ചായിരുന്നു. ജറാണ്ടർ ഉണ്ടായിരുന്ന തുരങ്കം തകർത്തപ്പോൾ ബന്ദികൾ എവിടെയാണ് ഉണ്ടായിരുന്നത് എന്ന് തങ്ങൾക്ക് അറിയില്ലായിരുന്നു എന്നും ഇസ്രഈൽ സേന പറഞ്ഞു.

എന്നാൽ ഈ വാദം തെറ്റാണെന്നും തന്റെ മകൻ എവിടെയാണ് ഉണ്ടായിരുന്നത് എന്ന് തങ്ങൾക്ക് അറിയാമായിരുന്നു എന്നാണ് ആർമി മേജർ ജനറൽ റാസൻ ഏലിയാൻ തന്നോട് പറഞ്ഞത് എന്ന് മായൻ ഷർമാൻ ആരോപിച്ചു.

ജറാണ്ടറിനെ കൊലപ്പെടുത്തുന്നതിന് വേണ്ടി മൂന്ന് ഇസ്രഈലി സൈനികരുടെ ജീവൻ ബലി നൽകുകയായിരുന്നു എന്ന് കരുതുന്നതായും ഇസ്രഈൽ സേന അവരുടെ ഓപ്പറേഷനെ വെള്ളപൂശാൻ ശ്രമിക്കുകയാണ് എന്നും മായൻ പറഞ്ഞു.

തന്റെ മകനെ തടങ്കലിലാക്കിയ തുരങ്കത്തിലേക്ക് ഇസ്രഈലി സേന വിഷവാതകം പമ്പ് ചെയ്യുകയായിരുന്നു എന്ന് അവർ ആരോപിച്ചു.

തന്റെ മകൻ കൊല്ലപ്പെട്ടുവെന്നും എന്നാൽ അത് ചെയ്തത് ഹമാസ് അല്ലെന്നും ഫേസ്ബുക്കിൽ മായൻ എഴുതിയ പോസ്റ്റിൽ പറയുന്നു.

യുദ്ധത്തിൽ ബന്ദികൾ ‘അബദ്ധത്തിൽ’ കൊല്ലപ്പെട്ടുവെന്ന് ഇസ്രഈൽ സമ്മതിച്ചിരുന്നു. ഇസ്രഈലി ബോംബാക്രമണത്തിൽ 20ലധികം ബന്ദികൾ കൊല്ലപ്പെട്ടുവെന്നാണ് ഹമാസ് പറയുന്നത്.

Content Highlight: War on Gaza: Hostage’s mother says he was poisoned by Israeli army in tunnel