ഗസയിലെ യുദ്ധത്തിൽ 12,500 ഇസ്രഈലി സൈനികർക്ക് വൈകല്യം സംഭവിച്ചതായി റിപ്പോർട്ട്
World News
ഗസയിലെ യുദ്ധത്തിൽ 12,500 ഇസ്രഈലി സൈനികർക്ക് വൈകല്യം സംഭവിച്ചതായി റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th January 2024, 10:32 pm

ഗസ: ഗസയിലെ പോരാട്ടത്തിൽ 12,500 ഇസ്രഈലി സൈനികർക്കെങ്കിലും വൈകല്യം സംഭവിച്ചതായി ഇസ്രഈലി മാധ്യമം യെദ്യോത്ത് അഹ്രോനോത്ത്.

സൈനികർക്കിടയിലെ പരിക്കുകളെ കുറിച്ച് വിലയിരുത്താൻ ഇസ്രഈലിന്റെ പ്രതിരോധ മന്ത്രാലയം നിയോഗിച്ച കമ്പനിയാണ് കണക്കുകൾ പുറത്തുവിട്ടത്.

അതേസമയം വൈകല്യം സംഭവിച്ചതായി അംഗീകരിക്കപ്പെട്ട സൈനികരുടെ കണക്ക് 20,000 വരെയെത്താമെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രതിരോധ മന്ത്രാലയത്തിന്റെ പുനരധിവാസ കേന്ദ്രത്തിൽ നിലവിൽ 60,000ത്തോളം സൈനികരാണ് ചികിത്സയിൽ ഉള്ളത്.

ഒക്ടോബർ ഏഴിന് ശേഷം 3,400 സൈനികരെയാണ് ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. 2023 ആകെ 5,000 സൈനികരെയെങ്കിലും കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു.

നിലവിൽ പുറത്തുവന്ന കണക്കുകളും ഔദ്യോഗിക വിവരങ്ങളും യുദ്ധസമയത്ത് ഇസ്രഈൽ പുറത്തുവിട്ട കണക്കുകളെ ഖണ്ഡിക്കുന്നതാണ്.

ആശുപത്രിയിൽ നിന്നുള്ള കണക്കുകൾ ഇസ്രഈൽ സൈന്യം പ്രസിദ്ധീകരിക്കുന്നതിനേക്കാൾ എത്രയോ കൂടുതലായിരുന്നു എന്നതിനാൽ നേരത്തെ തന്നെ ഇസ്രഈൽ സേനയുടെ റിപ്പോർട്ടുകൾ ചോദ്യം ചെയ്യപ്പെട്ടിരുന്നു.

വൈകല്യം സംഭവിച്ച സൈനികർക്കുള്ള പദ്ധതിക്കെതിരെ നേരത്തെ തന്നെ വിമർശങ്ങളുണ്ടെന്നിരിക്കെ വീണ്ടും ആയിരത്തോളം സൈനികർ പുനരുധിവാസ സേവനങ്ങൾക്കായി എത്തുമ്പോൾ സാമ്പത്തികമായ വെല്ലുവിളികൾ വർധിക്കുമെന്ന് യെദ്യോത്ത് അഹ്രോനോത്ത് റിപ്പോർട്ട് ചെയ്യുന്നു.

2014ലെ ഗസ യുദ്ധത്തിനുശേഷം ആത്മഹത്യ ചെയ്ത ഇറ്റ്സിക് സൈദിയാന് സമാനമായ കേസുകൾ ഉണ്ടാകുമെന്നും യെദ്യോത്ത് അഹ്രോനോത്ത് മുന്നറിയിപ്പ് നൽകുന്നു. മന്ത്രാലവുമായി ഓരോ പ്രാവശ്യവും ബന്ധപ്പെടുമ്പോൾ സ്വയം അപമാനിതനാകുന്നു എന്ന് തോന്നിയ ഇറ്റ്സിക് സൈദിയാൻ 2021ൽ പ്രതിരോധ മന്ത്രാലയത്തിന്റെ പുനരുധിവാസ ഓഫീസിനു മുമ്പിൽ സ്വയം തീ കൊളുത്തി മരിക്കുകയായിരുന്നു.

CONTENT HIGHLIGHT: War on Gaza: Fighting has ‘disabled’ 12,500 Israeli soldiers, estimates show