| Tuesday, 13th February 2024, 8:26 pm

ഗസയിലെ കൊലപാതകങ്ങൾ അവസാനിക്കണമെങ്കിൽ രാജ്യങ്ങൾ ഇസ്രഈലിന് ആയുധം നൽകുന്നത് നിർത്തണം: യൂറോപ്യൻ യൂണിയൻ പോളിസി ചീഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രസൽസ്: ഗസയിൽ സിവിലിയന്മാർ കൊല്ലപ്പെടുന്നത് അവസാനിപ്പിക്കണമെന്നുണ്ടെങ്കിൽ ഇസ്രഈലിന് ആയുധം നൽകുന്നത് രാജ്യങ്ങൾ അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ പോളിസി ചീഫ് ജോസഫ് ബോറൽ.

ഗസയിലെ സൈനിക നീക്കത്തിൽ ഇസ്രഈലിന്റെ പെരുമാറ്റം അതിരുകടന്നു എന്ന യു.എസ് പ്രസിഡന്റ്‌ ജോ ബൈഡന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ജോസഫ് ബോറൽ.

‘ഒരുപാട് ജനങ്ങൾ കൊല്ലപ്പെടുന്നുണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, അത് തടയാൻ നിങ്ങൾ ആയുധങ്ങൾ ലഭ്യമാക്കുന്നത് കുറയ്ക്കേണ്ടിയിരിക്കുന്നു. അത് യുക്തിയല്ലേ?’ ബോറൽ ചോദിച്ചു.

ഫലസ്തീൻ അഭയാർത്ഥികൾക്കുള്ള യു.എൻ ഏജൻസിയുടെ മേധാവിയായ ഫിലിപ്പ് ലസാറിനിയോടൊപ്പം ബ്രസൽസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരുപാട് ആളുകൾ കൊല്ലപ്പെടുന്നുണ്ടെന്ന് ലോകത്തെ പ്രധാനപ്പെട്ട നേതാക്കളും വിദേശകാര്യ മന്ത്രിമാരും പറയുന്നത് എത്ര പ്രാവശ്യം നിങ്ങൾ കേട്ടിട്ടുണ്ടാകും എന്നും അദ്ദേഹം ചോദിച്ചു.

തെക്കൻ ഗസയിലെ റഫയിൽ ഇസ്രഈലി വ്യോമാക്രമണത്തിൽ 67 ആളുകൾ കൊല്ലപ്പെട്ടു മണിക്കൂറുകൾക്കകമായിരുന്നു ബോറലിന്റെ പരാമർശം.

അന്താരാഷ്ട്ര തലത്തിലുള്ള എതിർപ്പ് മറികടന്ന് 15 ലക്ഷത്തോളം ഫലസ്തീനികൾ അഭയം തേടിയ തെക്കൻ ഗസയിലേക്ക് സൈനിക നീക്കം വ്യാപിപ്പിക്കുവാൻ ഇസ്രഈൽ പദ്ധതിയിടുന്നതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

കരയുദ്ധത്തിനു മുന്നോടിയായി നഗരത്തിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കണമെന്നും നെതന്യാഹു പറഞ്ഞിരുന്നു.

എന്നാൽ ജനങ്ങളെ ചന്ദ്രനിലേക്ക് ഒഴിപ്പിക്കണമെന്നാണോ പറയുന്നതെന്ന് ബോറൽ ചോദിച്ചു.

Content Highlight: War on Gaza: EU’s Josep Borrell calls on states to ‘provide less arms’ to Israel

Latest Stories

We use cookies to give you the best possible experience. Learn more