ഗസയിലെ സ്കൂളിൽ 30 ഫലസ്തീനികളുടെ മൃതദേഹങ്ങൾ ബാഗിൽ കെട്ടിയ നിലയിൽ
World News
ഗസയിലെ സ്കൂളിൽ 30 ഫലസ്തീനികളുടെ മൃതദേഹങ്ങൾ ബാഗിൽ കെട്ടിയ നിലയിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st January 2024, 7:10 pm

ഗസ: വടക്കൻ ഗസയിലെ സ്കൂളിൽ 30 ഫലസ്തീനികളുടെ മൃതദേഹം കറുത്ത ബാഗുകളിൽ കെട്ടിയ നിലയിൽ കണ്ടെത്തി. ബാഗ് കെട്ടിയ പ്ലാസ്റ്റിക് കേബിളിൽ ഹീബ്രു ഭാഷയിലുള്ള എഴുത്തുകളുമുണ്ടെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

ഗസയിലെ ബെയ്ത് ലാഹിയയിൽ നിന്ന് ഇസ്രഈൽ സൈന്യം പിൻവാങ്ങിയതിന് ശേഷമാണ് ഇവിടുത്തെ ഖലീഫ ബിൻ സെയ്‌ദ് എലിമെന്ററി സ്കൂളിൽ 30 ഫലസ്തീനികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

കെട്ടിടാവാശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. കേബിളുകൾ കൂട്ടിക്കെട്ടാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കെട്ടുകൾ ഉപയോഗിച്ചാണ് മൃതദേഹങ്ങൾ കണ്ടെത്തിയ കറുത്ത ബാഗുകൾ കെട്ടിയിരുന്നത്.

എപ്പോഴാണ് ഫലസ്തീനികൾ കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ല. എന്നാൽ ഡിസംബറിൽ ബോംബാക്രമണത്തിൽ തകരുന്നതിനു മുമ്പ് ആയിരക്കണക്കിന് ഫലസ്തീനികൾക്ക് അഭയമായിരുന്നു ഈ വിദ്യാലയം. 2010 മുതൽ യു.എൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ച വരുന്ന സ്കൂളാണിത്.

ഗസ മുനമ്പിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഇസ്രഈൽ സൈന്യം പുറത്തെടുത്ത നൂറിലധികം ഫലസ്തീനികളുടെ മൃതദേഹങ്ങൾ റഫയിൽ കൂട്ട സംസ്കാരത്തിനായി തിരിച്ചയച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ കണ്ടെത്തൽ.

ചില മൃതദേഹങ്ങൾ വീണ്ടും സംസ്കരിക്കുമ്പോൾ തിരിച്ചറിയാനാകാത്ത വിധമായിരുന്നുവെന്നും ചിലത് അഴുകിയിരുന്നുവെന്നും ഫലസ്തീൻ വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്തു.

Content Highlight: War on Gaza: Dozens of Palestinians found dead at elementary school in zip-tied body bags