| Tuesday, 2nd January 2024, 10:55 am

ഗസയിലെ യുദ്ധം 2024ലും അവസാനിക്കില്ല: ഇസ്രഈൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെൽ അവീവ്: 2024ലുടനീളം ഗസയിൽ ഇസ്രഈൽ യുദ്ധം തുടരുമെന്ന് ഇസ്രഈൽ സൈനിക വക്താവ് ഡാനിയേൽ ഹഗരി. ദീർഘനാളത്തെ യുദ്ധത്തിനായി രാജ്യം ഒരുങ്ങുമ്പോൾ ഇസ്രഈൽ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാനാണ് അഞ്ച് സൈനിക ഗ്രൂപ്പുകളെ യുദ്ധ മുഖത്ത് നിന്ന് പിൻവലിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഇനിയും ഒരുപാട് മാസത്തെ പോരാട്ടം മുമ്പിലുണ്ടെന്ന ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് ഹഗരിയുടെ സമാന പരാമർശം.

ഗസയിലെ മരണസംഖ്യ കുതിച്ചുയരുമ്പോൾ വെടിനിർത്തലിനായുള്ള അന്താരാഷ്ട്ര ആഹ്വാനങ്ങൾ തള്ളുകയാണ് ഇസ്രഈൽ.

എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ഇസ്രഈലിന്റെ ബോംബാക്രമണങ്ങളിൽ 21,800 ഫലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. 56,000ത്തിലധികം ആളുകൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഗസയിലെ 85 ശതമാനം ആളുകളും അഭയാർത്ഥികളായി മാറിയിരിക്കുകയാണ്.

ഗസയിലെ ജനങ്ങളെ കുടിയിറക്കണമെന്നും അവിടെ ജൂത കുടിയേറ്റക്കാർ താമസിക്കണമെന്നും ഇസ്രഈൽ ധനകാര്യ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഗസയിൽ ഇസ്രഈൽ നടത്തുന്ന ബോംബാക്രമണങ്ങളിൽ കുടിയിറക്കപ്പെട്ട ഫലസ്തീനികളെ ഏറ്റെടുക്കാൻ മറ്റു ലോകരാഷ്ട്രങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതിയുടെ തലവനായി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിനെ തെരഞ്ഞെടുത്തതായി ഇസ്രഈൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇസ്രഈൽ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ ടോണി ബ്ലെയറിന്റെ ഓഫീസ് നിഷേധിച്ചു.

ഗസയിലെ ജനങ്ങളെ കുടിയിറക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഗസ വിട്ട് പോകാൻ താത്പര്യമുള്ളവർക്ക് അതിനുള്ള സൗകര്യം ചെയ്തുകൊടുക്കാനാണ് ഉദ്ദേശിക്കുന്നത് എന്നും നെതന്യാഹു നേരത്തെ പറഞ്ഞിരുന്നു.

Content Highlight: War in Gaza won’t end in 2024 – Israel

Latest Stories

We use cookies to give you the best possible experience. Learn more