നാറ്റോയുടെ അജണ്ട യുദ്ധമായി മാറിയിരിക്കുന്നു: ഓർബൻ
Worldnews
നാറ്റോയുടെ അജണ്ട യുദ്ധമായി മാറിയിരിക്കുന്നു: ഓർബൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th July 2024, 4:08 pm

മോസ്കോ: നാറ്റോ തങ്ങളുടെ യഥാർത്ഥ അജണ്ടകൾ മറന്ന് യുദ്ധസന്നാഹങ്ങൾ നടത്തിയെന്ന ആരോപണവുമായി ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ. 25 വർഷങ്ങൾക്ക് മുമ്പ് തന്റെ രാജ്യം ചേർന്ന നാറ്റോ ഒരു സമാധാന പദ്ധതിയാണെന്നും എന്നാൽ ഇപ്പോൾ അത് പ്രതിരോധത്തിനായുള്ള സൈനിക സഖ്യം ആയി മാറിയെന്നും ഓർബൻ പറഞ്ഞു.

’25 വർഷങ്ങൾക്ക് മുമ്പ് എന്റെ രാജ്യം ചേരുമ്പോൾ നാറ്റോ ഒരു സമാധാന പദ്ധതിയായിരുന്നു. എന്നാൽ ഇപ്പോൾ അത് പ്രതിരോധത്തിനായുള്ള സൈനിക സഖ്യം ആയി മാറി. ഇന്ന് സമാധാനത്തിന് പകരം അവരുടെ അജണ്ട യുദ്ധമായി മാറിയിരിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

ഉക്രൈനെ സഹായിക്കാനായി യു.എസ് സൈനിക സംഘത്തിന്റെ നടപടികളെ അനുകൂലിക്കുന്നത് റഷ്യയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്നും അത് വിനാശകരമായ പ്രത്യാഘാതത്തിന് കാരണമാകുമെന്നും ഓർബൻ മുന്നറിയിപ്പ് നൽകി.

റഷ്യ- ഉക്രൈൻ നിലപാട് മാറ്റിയില്ലെങ്കിൽ നാറ്റോ ഇല്ലാതാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം ഹംഗേറിയൻ പ്രധാനമന്ത്രി മോസ്കോയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. അദ്ദേഹം റഷ്യൻ പ്രഡിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

താൻ ഒരു സമാധാന ദൗത്യത്തിലാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പിന്നീട് പറഞ്ഞു. റഷ്യ-ഉക്രൈൻ സംഘർഷം സമാധാനപരമായി അവസാനിപ്പിക്കാനുള്ള സാധ്യതകളെക്കുറിച്ചായിരുന്നു ഇരുവരുടെയും ചർച്ച എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തിൽ ഹംഗേറിയൻ പ്രധാനമന്ത്രി ഉക്രൈനിൽ പോവുകയും ഉക്രൈൻ പ്രസിഡന്റ് സെലിൻസ്കിയോട് സംസാരിക്കുകയും ചെയ്തിരുന്നു. ഒപ്പം മോസ്കോയുമായുള്ള അടിയന്തര വെടി നിർത്തലിനും സമാധാന ചർച്ചക്കും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

സന്ദർശനത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സന്ധിയുടെ സാധ്യത വളരെ വിദൂരമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

 

Content Highlight: War has become NATO’s agenda – Orban