| Wednesday, 20th May 2020, 11:08 am

'ഗോഡ്‌സെയുടെ ആശയങ്ങള്‍ക്ക് ബി.ജെ.പി സര്‍ക്കാരിന്റെ അംഗീകാരം'; മധ്യപ്രദേശില്‍ പ്രതിഷേധം കനപ്പിച്ച് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: ഗാന്ധി ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയുടെ ജന്മദിനം ആഘോഷിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ്. ഹിന്ദു മഹാസഭ നടത്തിയ ആഘോഷ പരിപാടി രാജ്യദ്രോഹ നടപടിയാണെന്നും ബി.ജെ.പി സര്‍ക്കാരിന്റെ പിന്തുണയോടെയാണ് രാഷ്ട്ര പിതാവിനെ വധിച്ചയാളുടെ ജന്മദിനം ആഘോഷിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

‘ഗോഡ്‌സെയുടെ ജന്മദിനം ആഘോഷിച്ച സംഭവം എനിക്ക് വലിയ വേദനയും മാനസിക സംഘര്‍ഷവുമാണ് ഉണ്ടാക്കിയത്. ഭരണകക്ഷിയായ ബി.ജെ.പിയുടെ പിന്തുണയോടെ നടന്ന രാജ്യദ്രോഹ നടപടിയാണിത്. വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ ഞാന്‍ ശിവരാജ് സിങ് സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്’, ഗ്വാളിയാറിലെ കോണ്‍ഗ്രസ് നേതാവ് ആര്‍.പി സിങ് പറഞ്ഞു.

ഗോഡ്‌സെയുടെ ആശയങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്നു എന്നത് ദൗര്‍ഭാഗ്യകരമായ സംഭവമാണ്. അതുകൊണ്ടാണ് ഭരണഘടനയില്‍ വിശ്വാസമില്ലാത്ത ചിലയാളുകള്‍ ഗോഡ്‌സെയുടെ ജന്മദിനം വിളക്കുകള്‍ കൊളുത്തി ആഘോഷിച്ചിട്ടും ആരെയും അത്ഭുതപ്പെടുത്താത്തതെന്ന് മറ്റൊരു നേതാവായ കെ.കെ മിശ്ര കുറ്റപ്പെടുത്തി.

ഗാന്ധി ഘാതകന്റെ ജന്മദിനം ആഘോഷമാക്കിയ സംഭവം നിര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ കമല്‍ നാഥ് പറഞ്ഞിരുന്നു. ‘നാഥുറാം ഗോഡ്സെയുടെ ജന്മദിനം ആഘോഷിക്കപ്പെടുന്നതും അദ്ദേഹത്തെ മഹത്വവല്‍ക്കരിക്കുന്നതും ഫോട്ടോയ്ക്ക് മുന്നില്‍ വിളക്കുകള്‍ തെളിയിച്ചതും ദൗര്‍ഭാഗ്യകരമായ സംഭവമാണ്. സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുമ്പോഴാണ് ഇത്തരം ആഘോഷങ്ങളെന്ന് പ്രത്യേകം ഓര്‍ക്കണം. ഇത് ശിവരാജ് സിങ് സര്‍ക്കാരിന്റെ പരാജയമാണ്. കോണ്‍ഗ്രസ് അധികാരത്തിലുണ്ടായിരുന്നപ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്നു. ഗോഡ്സെയെയാണോ ഗാന്ധിയെയാണോ പ്രത്യയശാസ്ത്രപരമായി പിന്തുടരേണ്ടത് എന്ന് ബി.ജെ.പി സര്‍ക്കാര്‍ വ്യക്തമാക്കണം’, കമല്‍ നാഥ് ട്വീറ്റ് ചെയ്തു.

അതേസമയം, അധികാരം നഷ്ടപ്പെട്ട കോണ്‍ഗ്രസ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നാണ് ബി.ജെ.പിയുടെ പ്രതികരണം. കോണ്‍ഗ്രസിന്റേത് പ്രതികാര രാഷ്ട്രീയമാണ്. ഗോഡ്‌സെയുടെ ജന്മദിനം ആഘോഷിച്ചതില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും ബി.ജെ.പി വക്താവ് രജനീഷ് അഗര്‍വാള്‍ പറഞ്ഞു.

ഗോഡ്സെയുടെ 111-ാം ജന്മദിനമാണ് ഗ്വാളിയാറിലെ ഓഫീസില്‍വെച്ച് ഹിന്ദു മഹാസഭ ആഘോഷിച്ചത്. ഗോഡ്സെയുടെ ചിത്രത്തിന് മുന്നില്‍ 111 വിളക്കുകള്‍ കത്തിച്ചായിരുന്നു ആഘോഷം.

ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്റ് ഡോ ജയ്വീര്‍ ഭരദ്വാജിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ഗോഡ്സെ ദേശസ്നേഹിയായിരുന്നെന്ന് ഭരദ്വാജ് പറഞ്ഞു. ഓഫീസില്‍ മാത്രമല്ല, 3000 പ്രവര്‍ത്തകര്‍ അവരുടെ വീടുകളിലും വിളക്കുകള്‍ കത്തിച്ച് ആഘോഷത്തില്‍ പങ്കാളികളാകുമെന്നും ഭരദ്വാജ് അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more