ഭോപാല്‍: ഗാന്ധി ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയുടെ ജന്മദിനം ആഘോഷിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ്. ഹിന്ദു മഹാസഭ നടത്തിയ ആഘോഷ പരിപാടി രാജ്യദ്രോഹ നടപടിയാണെന്നും ബി.ജെ.പി സര്‍ക്കാരിന്റെ പിന്തുണയോടെയാണ് രാഷ്ട്ര പിതാവിനെ വധിച്ചയാളുടെ ജന്മദിനം ആഘോഷിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
‘ഗോഡ്‌സെയുടെ ജന്മദിനം ആഘോഷിച്ച സംഭവം എനിക്ക് വലിയ വേദനയും മാനസിക സംഘര്‍ഷവുമാണ് ഉണ്ടാക്കിയത്. ഭരണകക്ഷിയായ ബി.ജെ.പിയുടെ പിന്തുണയോടെ നടന്ന രാജ്യദ്രോഹ നടപടിയാണിത്. വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ ഞാന്‍ ശിവരാജ് സിങ് സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്’, ഗ്വാളിയാറിലെ കോണ്‍ഗ്രസ് നേതാവ് ആര്‍.പി സിങ് പറഞ്ഞു.
ഗോഡ്‌സെയുടെ ആശയങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്നു എന്നത് ദൗര്‍ഭാഗ്യകരമായ സംഭവമാണ്. അതുകൊണ്ടാണ് ഭരണഘടനയില്‍ വിശ്വാസമില്ലാത്ത ചിലയാളുകള്‍ ഗോഡ്‌സെയുടെ ജന്മദിനം വിളക്കുകള്‍ കൊളുത്തി ആഘോഷിച്ചിട്ടും ആരെയും അത്ഭുതപ്പെടുത്താത്തതെന്ന് മറ്റൊരു നേതാവായ കെ.കെ മിശ്ര കുറ്റപ്പെടുത്തി.
ഗാന്ധി ഘാതകന്റെ ജന്മദിനം ആഘോഷമാക്കിയ സംഭവം നിര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ കമല്‍ നാഥ് പറഞ്ഞിരുന്നു. ‘നാഥുറാം ഗോഡ്സെയുടെ ജന്മദിനം ആഘോഷിക്കപ്പെടുന്നതും അദ്ദേഹത്തെ മഹത്വവല്‍ക്കരിക്കുന്നതും ഫോട്ടോയ്ക്ക് മുന്നില്‍ വിളക്കുകള്‍ തെളിയിച്ചതും ദൗര്‍ഭാഗ്യകരമായ സംഭവമാണ്. സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുമ്പോഴാണ് ഇത്തരം ആഘോഷങ്ങളെന്ന് പ്രത്യേകം ഓര്‍ക്കണം. ഇത് ശിവരാജ് സിങ് സര്‍ക്കാരിന്റെ പരാജയമാണ്. കോണ്‍ഗ്രസ് അധികാരത്തിലുണ്ടായിരുന്നപ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്നു. ഗോഡ്സെയെയാണോ ഗാന്ധിയെയാണോ പ്രത്യയശാസ്ത്രപരമായി പിന്തുടരേണ്ടത് എന്ന് ബി.ജെ.പി സര്‍ക്കാര്‍ വ്യക്തമാക്കണം’, കമല്‍ നാഥ് ട്വീറ്റ് ചെയ്തു.