വഖഫ് ഭൂമി തര്‍ക്കം; രജിസ്‌ട്രേഷന്‍ നടപടികള്‍ നിര്‍ത്തിവെച്ച് കര്‍ണാടക സര്‍ക്കാര്‍
national news
വഖഫ് ഭൂമി തര്‍ക്കം; രജിസ്‌ട്രേഷന്‍ നടപടികള്‍ നിര്‍ത്തിവെച്ച് കര്‍ണാടക സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th November 2024, 11:52 am

ബെംഗളൂരു: വഖഫ് ബോര്‍ഡിന് കീഴിലുള്ള കര്‍ഷകരുടെ ഭൂമിയും മറ്റ് സ്വകാര്യ സ്വത്തുക്കളും രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവെച്ച് കര്‍ണാടക. സ്വത്തവകാശത്തെ കുറിച്ചും അനധികൃതമായ ഭരണനടപടികളെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് മ്യൂട്ടേഷന്‍ നടപടികള്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനം.

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന മ്യൂട്ടേഷന്‍ നടപടികള്‍ ഉടന്‍ തന്നെ നിര്‍ത്തിവെക്കണമെന്നും ഈ ഉത്തരവ് താത്ക്കാലികമാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശിക്കുകയായിരുന്നു. വഖഫ് കേസുമായി ബന്ധപ്പെട്ട ഏതെങ്കിലും നോട്ടീസുകളുണ്ടെങ്കില്‍ പിന്‍വലിക്കണമെന്നും സിദ്ധരാമയ്യ നിര്‍ദേശിച്ചു.

തര്‍ക്ക ഭൂമിയില്‍ സജീവമായി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ കേസെടുക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

വഖഫ് ബില്ലിന്റെ പാര്‍ലമെന്റ് സംയുക്ത സമിതി അധ്യക്ഷന്‍ ജഗദാംബിക പാലിന് കര്‍ണാടകയിലെ വടക്കന്‍ ജില്ലകളിലെ കര്‍ഷകര്‍ നിവേദനം നല്‍കിയതിന് പിന്നാലെയാണ് സംസ്ഥാനത്തിന്റെ നീക്കം.

കര്‍ണാടകയിലെ വടക്കന്‍ ജില്ലകളിലെ കര്‍ഷകരില്‍ നിന്ന് തങ്ങളുടെ ഭൂമി വഖഫ് സ്വത്തായി അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് കാണിച്ച് 500ലധികം നിവേദനങ്ങളായിരുന്നു ജഗദാംബിക പാലിന് ലഭിച്ചത്.

കര്‍ഷകരുടെ ഭൂമി വഖഫാണെന്ന് സംസ്ഥാനം ആവശ്യപ്പെടുന്നുണ്ടെന്നും സര്‍ക്കാര്‍ അവകാശവാദമുന്നയിക്കുന്നുണ്ടെന്നും കാണിച്ചാണ് നിവേദനം നല്‍കിയതെന്നാണ് ബി.ജെ.പി എം.പി തേജസ്വി സൂര്യ പറയുന്നത്.

കോണ്‍ഗ്രസ് സര്‍ക്കാര്‍ ലാന്‍ഡ് ജിഹാദിലാണെന്നും വഖഫ് മന്ത്രി സമീര്‍ അഹമ്മദ് ഖാനെ പുറത്താക്കണമെന്നും ബി.ജെ.പി ആവശ്യപ്പെടുന്നുണ്ട്.

അതേസമയം തേജസ്വി സൂര്യ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെരഞ്ഞെടുപ്പുകളെ മുന്നില്‍ കണ്ടാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ പറയുന്നത്.

Content Highlight: Waqf land dispute; Karnataka Govt suspends registration process