| Saturday, 9th November 2024, 4:24 pm

വഖഫ് പൂട്ടിക്കെട്ടും; ഒരു ബോര്‍ഡും ഇവിടെ തണ്ടല്ലോടെ ഇരിക്കില്ല: സുരേഷ് ഗോപി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: വഖഫ് വിഷയത്തില്‍ വിവാദപ്രസ്താവനയുമായി കേന്ദ്രന്ത്രി സുരേഷ് ഗോപി. വഖഫ് എന്നാല്‍ നാല് ഇംഗ്ലീഷ്‌ അക്ഷരങ്ങളില്‍ ഒതുങ്ങുന്ന ഒരു കിരാതസംവിധാനമാണെന്നും ആ കിരാതത്തെ ഒതുക്കുമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. ബോര്‍ഡിന്റെ പേര് താന്‍ നേരിട്ട് പറയില്ലെന്ന് പറഞ്ഞായിരുന്നു വഖഫിനെതിരെ കേന്ദ്രമന്ത്രി അധിക്ഷേപ പരാമര്‍ശം നടത്തിയത്.

മണിപ്പൂര്‍ എന്ന വിഷയം പൊക്കിക്കോണ്ട് നടന്നവന്മാര്‍ ഒന്നും ഇന്നില്ലെന്നും ആര്‍ക്കും ഇപ്പോള്‍ മണിപ്പൂര്‍ വേണ്ടെന്നും പറഞ്ഞ സുരേഷ് ഗോപി മുനമ്പം മണിപ്പൂരിന് സമാനമാണെന്നും പറഞ്ഞു. വയനാട് മണ്ഡലത്തിലെ പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്ക് ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഓഫീസില്‍ നിന്ന ഒരു വീഡിയോ വന്നിട്ടുണ്ടെന്നും താന്‍ അത് ബി.ജെ.പിയുടെ സംസ്ഥാന നേതാക്കള്‍ക്കും അധ്യക്ഷനുമെല്ലാം അയച്ചുകൊടുത്തിട്ടുണ്ടെന്നും അത് ഇന്ന് മുതല്‍ പ്രചരിപ്പിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

മുനമ്പത്തെ മാത്രമല്ല അങ്ങനെ ഒരു വിഭാഗത്തെ  മാത്രമായി സംരക്ഷിക്കാനല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബി.ജെ.പി അധികാരത്തില്‍ ഇരിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരു ബോര്‍ഡും ഇവിടെ തണ്ടെല്ലോട് നില്‍ക്കില്ലെന്നും ആ തണ്ടെല്ല് തങ്ങള്‍ ഊരിയിരിക്കുമെന്ന് വ്യക്തമായി പ്രഖ്യാപിച്ചു കഴിഞ്ഞതാണെന്നും മുനമ്പത്തെ സുഖിപ്പിച്ച് ഒന്നും നേടാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇന്ന് (ശനിയാഴ്ച്ച) വയനാട്ടില്‍ നടന്ന ഇതേ പ്രചരണ പരിപാടിയില്‍ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണനും സമാനമായി വഖഫ് ബോര്‍ഡിനെതിരെ വിവാദപരമാര്‍ശങ്ങള്‍ നടത്തിയിരുന്നു. പതിനെട്ടാം പടിക്ക് കീഴെ ഇരിക്കുന്ന വാവര്‍ നാളെ അതും വഖഫ് ഭൂമി ആണെന്ന് പറഞ്ഞ് വന്നാല്‍ ശബരിമല കൊടുക്കേണ്ടി വരുമെന്നും വേളാങ്കണ്ണി പള്ളിയുള്‍പ്പെടെ അന്യാധീനപ്പെട്ട് പോകാതിരിക്കണമെങ്കില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നുമാണ് ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞത്.

‘പ്രിയങ്കക്ക് വോട്ട് ചെയ്താല്‍ വേളാങ്കണ്ണിയുടെ ഭൂമി പോകും, പ്രിയങ്കയ്ക്ക് വോട്ട് ചെയ്താല്‍ മുനമ്പത്ത് കുടിയൊഴിപ്പിക്കപ്പെടും , പ്രിയങ്കയ്ക്ക് വോട്ട് ചെയ്താല്‍ ശബരിമല വഖഫിന് പോകും. അത് അനുവദിക്കരുത്,’ ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Content Highlight: Waqf  board will be closed says Suresh Gopi

We use cookies to give you the best possible experience. Learn more