വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിയ്ക്ക് വിടുന്നതിനെതിരെ ലീഗ് നേതൃത്വത്തില്‍ മതസംഘടനകള്‍; യോഗത്തില്‍ പങ്കെടുക്കാതെ കാന്തപുരം വിഭാഗവും എം.ഇ.എസും
Kerala News
വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിയ്ക്ക് വിടുന്നതിനെതിരെ ലീഗ് നേതൃത്വത്തില്‍ മതസംഘടനകള്‍; യോഗത്തില്‍ പങ്കെടുക്കാതെ കാന്തപുരം വിഭാഗവും എം.ഇ.എസും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd November 2021, 9:15 pm

കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് മുസ്‌ലിം മതസംഘടനകള്‍. മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിലാണ് മതസംഘടനകള്‍ യോഗം ചേര്‍ന്നത്.

അതേസമയം യോഗത്തില്‍ നിന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന കേരള മുസ്‌ലിം ജമാഅത്തും എം.ഇ.എസും വിട്ടുനിന്നു.

എല്ലാ സംഘടനകളേയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നെന്ന് പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു.

‘കേന്ദ്ര വഖഫ് നിയമത്തിനെതിരാണ് സര്‍ക്കാര്‍ നിലപാട്. മത വിശ്വാസികള്‍ അല്ലാത്തവര്‍ മതത്തിന്റെ പേരില്‍ ഉദ്യോഗസ്ഥരായി എത്തുന്നത് വഖഫ് ബോര്‍ഡിനെ ഇല്ലാതാക്കുമെന്നാണ് സംഘടനകളുടെ നിലപാട്. വഖഫ് സ്വത്ത് ദൈവത്തിന്റെ സ്വത്താണ്,’ സാദിഖലി തങ്ങള്‍ പറഞ്ഞു. മതബോധമുള്ളവരാണ് അത് കൈകാര്യം ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കേരള മുസ്‌ലിം ജമാഅത്ത് നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ബില്‍ നിയമസഭ പാസാക്കിയ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ആശങ്കകളും പരിഹരിച്ച ശേഷമേ നടപ്പിലാക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി നേതാക്കള്‍ പറഞ്ഞു.

ധൃതിപിടിച്ച് നിയമം നടപ്പിലാക്കില്ലെന്നും ബന്ധപ്പെട്ടവരുമായി വിശദമായ ചര്‍ച്ച നടത്തി അവര്‍ ഉന്നയിക്കുന്ന മുഴുവന്‍ ആശങ്കകളും പരിഹരിച്ച് മാത്രമേ നടപ്പില്‍ വരുത്തുകയുള്ളുവെന്നും മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ അറിയിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി പറഞ്ഞു.

അതേസമയം പ്രശ്‌നത്തില്‍ പ്രക്ഷോഭം കൊണ്ട് ഫലമില്ലെന്ന് എം.ഇ.എസ് ചെയര്‍മാന്‍ ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു. മുസ്‌ലിം സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നതിന് പകരം കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

‘കോടതി മുഖേന നിയമനത്തിന് സ്വതന്ത്ര റെഗുലേറ്ററി ബോഡിയെ നിശ്ചയിക്കുകയും നിയമനം പൂര്‍ണമായും മുസ്‌ലിം സമുദായത്തിനായിരിക്കുമെന്ന വ്യക്തത വരുത്തുകയും വേണം,’ ഫസല്‍ ഗഫൂര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Waqf Board PSC Kanthapuram AP Aboobacker Musliyar MES Fasal Gafoor Muslim League