കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ മുസ്‌ലിം വിരുദ്ധ നിലപാടെടുക്കുന്നുവെന്നാരോപിച്ച് വെള്ളിയാഴ്ച പള്ളികളില്‍ പ്രചരണം നടത്തുമെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം.
വഖഫ് നിയമനം പി.എസ്.സിയ്ക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ലീഗ് നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത മതസംഘടനകളുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് ചേര്‍ന്ന മുസ്‌ലിം സംഘടനകളുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി (സമസ്ത), ഡോ.എം.ഐ അബ്ദുല്‍ മജീദ് സ്വലാഹി (കെ.എന്‍.എം), ബി.പി.എ. ഗഫൂര്‍ (കെ.എന്‍.എം മര്‍കസുദ്ദഅ്വ),ശിഹാബ് പൂക്കോട്ടൂര്‍ (ജമാഅത്തെ ഇസ്‌ലാമി), കെ. സജ്ജാദ് (വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍), എഞ്ചിനീയര്‍ പി. മമ്മദ്കോയ (എം.എസ്.എസ്), ഇലവുപാലം ശംസുദ്ദീന്‍ മന്നാനി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), അഖ്‌നിസ് എം. (മക്ക), കമല്‍ എം. മാക്കയില്‍ (കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍), അഡ്വ. കെ.പി. മെഹബൂബ് ശരീഫ് (റാവുത്തര്‍ ഫെഡറേഷന്‍), അഡ്വ. വി.കെ. ബീരാന്‍ (മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍) എന്നിവര്‍ പങ്കെടുത്തു.
വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരെ കോടതിയെ സമീപിക്കുമെന്നും പി.എം.എ. സലാം പറഞ്ഞു.
സച്ചാര്‍ കമ്മിറ്റി, ന്യൂനപക്ഷ വകുപ്പ്, ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ സര്‍ക്കാര്‍ മുസ്‌ലിം വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘ഈ സര്‍ക്കാരിന്റേയും കഴിഞ്ഞ സര്‍ക്കാരിന്റേയും കാലത്ത് ഒരുപാട് നിയമനിര്‍മ്മാണങ്ങള്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടന്നിട്ടുണ്ട്. എന്‍.ആര്‍.സി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ യു.പി സര്‍ക്കാറാണ് ഏറ്റവും കൂടുതല്‍ കേസെടുത്തത്. അതു കഴിഞ്ഞാല്‍ രണ്ടാമത്തെ ഏറ്റവും കൂടുതല്‍ കേസ് കേരളത്തിലാണ്. കേരളത്തില്‍ ഒരിടത്തും ക്രമസമാധാന പ്രശ്നമുണ്ടായിട്ടില്ല. സമാധാനപരമായാണ് സമരം നടത്തിയത്,’ സലാം പറഞ്ഞു.
സച്ചാര്‍ കമ്മിറ്റി ശുപാര്‍ശയനുസരിച്ച് മുസ്‌ലിം സമുദായത്തിന് മാത്രം അവകാശപ്പെട്ടത് ന്യൂനപക്ഷമെന്നാക്കി ഇടതുപക്ഷം ആദ്യം മാറ്റി. ഇത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ സഹായിച്ചു.
ന്യൂനപക്ഷ വകുപ്പ് മുസ്‌ലിങ്ങള്‍ക്കാണ് കാലങ്ങളായി നല്‍കിയിരുന്നത്. ഇത് ഈ സര്‍ക്കാര്‍ ഒഴിവാക്കി. ആദ്യം മുസ്‌ലിമിന് വിട്ടുകൊടുത്തത് പിന്നീട് തിരിച്ചെടുത്തു. എന്തുകൊണ്ടാണ് ഇത് എന്ന് ഇതുവരെ മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്കുള്ള കേന്ദ്ര സ്‌കോളര്‍ഷിപ്പ് സോഫ്റ്റ്‌വെയര്‍ തകരാറെന്ന് പറഞ്ഞ് ഒരാള്‍ക്ക് പോലും വിതരണം ചെയ്തിട്ടില്ലെന്നും സലാം ആരോപിച്ചു.
‘മുസ്‌ലിങ്ങളെ എങ്ങനെയൊക്കെ ദ്രോഹിക്കാമെന്നതിന്റെ ഗവേഷണം എവിടെയൊക്കെയോ നടക്കുന്നു. സംഘപരിവാറിനേക്കാള്‍ വലിയ പിന്നാക്ക- ന്യൂനപക്ഷ വിരുദ്ധ നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്,’ പി.എം.എ സലാം പറഞ്ഞു.
വെള്ളിയാഴ്ച പള്ളികളില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ പ്രചാരണം നടത്തും. അന്നേദിവസം എല്ലാ മഹല്ലുകളില്‍ ജുമുഅ നിസ്‌കാരത്തോടനുബന്ധിച്ച് നടത്തുന്ന പ്രഭാഷണങ്ങളില്‍ ഇത് സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം യോഗത്തില്‍ എം.ഇ.എസും കാന്തപുരം വിഭാഗവും പങ്കെടുത്തില്ല. വഖഫ് ബോര്‍ഡ് പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടേണ്ടെന്നാണ് എം.ഇ.എസ് നിലപാട്. കാന്തപുരം വിഭാഗം തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ്.