കോഴിക്കോട്: കുറ്റിക്കാട്ടൂര്‍ യതീംഖാനയുടെ വഖഫ് സ്വത്തുക്കള്‍ വില്‍പന നടത്തിയത് ബോര്‍ഡ് റദ്ദാക്കി. കുറ്റിക്കാട്ടൂര്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ 16 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോള്‍ ബോര്‍ഡിന്റെ തീരുമാനം വന്നിരിക്കുന്നത്.
യതീംഖാനയുടെ വഖഫ് സ്വത്തുക്കള്‍ കുറ്റിക്കാട്ടൂര്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിക്ക് തന്നെ അവകാശപ്പെട്ടതാണെന്നാണ് വഖഫ് ബോര്‍ഡ് ഇന്നലെ പറഞ്ഞത്.
വില്‍പന തടഞ്ഞ് 2016ല്‍ വഖഫ് ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച വിധി നടപ്പാക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
കോടികള്‍ വിലമതിക്കുന്ന രണ്ടേകാല്‍ ഏക്കര്‍ ഭൂമിയും സ്ഥാപനങ്ങളും വില്‍പന നടത്തിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വഖഫ് ബോര്‍ഡിന്റെ നടപടി. കൊച്ചിയിലെ വഖഫ് ബോര്‍ഡ് ഓഫീസില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗമാണ് വില്‍പന റദ്ദാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്.
1987ല്‍ കുറ്റിക്കാട്ടൂര്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ആരംഭിച്ചതാണ് യതീംഖാന. എന്നാല്‍ 1999ല്‍ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും വഖഫ് ബോര്‍ഡ് അംഗവുമായ എം.സി. മായിന്‍ ഹാജിയുടെ ഭാര്യാ സഹോദരന്‍ എ.ടി. ബഷീര്‍ പ്രസിഡന്റായ ഒരു രഹസ്യ കമ്മിറ്റിക്ക് യതീംഖാനയുടെ സ്വത്തുക്കള്‍ കൈമാറ്റം ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ ബോര്‍ഡ് റദ്ദാക്കിയത്.
രാഷ്ട്രീയ സ്വാധീനമുപയോഗിച്ചായിരുന്നു സ്വത്ത് കൈമാറ്റം എന്ന ആരോപണമുയര്‍ന്നതിനാല്‍ ഇത് വലിയ വിവാദമായിരുന്നു.
എ.ടി. ബഷീര്‍ പ്രസിഡന്റായ യതീംഖാന കമ്മിറ്റിക്ക് രണ്ട് ഏക്കര്‍ പത്ത് സെന്റ് ഭൂമിയും സ്ഥാപനങ്ങളും വില്‍പന നടത്തിയെന്നായിരുന്നു പരാതി. ഭൂമിയുടെയും സ്ഥാപനങ്ങളുടെയും കൈമാറ്റം വഖഫിന്റെ കൈമാറ്റമാണെന്നും എന്നാല്‍ വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് ഇത് നടത്തിയിരിക്കുന്നതെന്നുമായിരുന്നു കുറ്റിക്കാട്ടൂര്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പറഞ്ഞത്.
ഒരുപാട് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് കുറ്റിക്കാട്ടൂര്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ഭൂമി തിരിച്ചുപിടിക്കുന്നത്.
16 വര്‍ഷത്തെ നിയമ പോരാട്ടത്തിനാണ് അറുതിയായിരിക്കുന്നതെന്നും ബോര്‍ഡിന്റെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും സത്യം തെളിഞ്ഞുവെന്നും ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പേങ്ങാടന്‍ അഹമ്മദ് ഹാജി പ്രതികരിച്ചു.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വഖഫ് ബോര്‍ഡിലെ ഉന്നതര്‍ തന്നെ കൂട്ടുനിന്നതിന്റെ ഉദാഹരണമായാണ് കുറ്റിക്കാട്ടൂര്‍ യതീംഖാനയുടെ അനുബന്ധ സ്ഥാപനങ്ങളും വില്‍പന നടത്തിയത് വിലയിരുത്തപ്പെട്ടത്.
നേരത്തെ തന്നെ ജമാഅത്ത് കമ്മിറ്റി വഖഫ് ബോര്‍ഡിന് പരാതി നല്‍കിയിരുന്നെങ്കിലും അത് ബോര്‍ഡ് സ്വീകരിച്ചിരുന്നില്ല. റഷീദലി ശിഹാബ് തങ്ങള്‍ ബോര്‍ഡ് ചെയര്‍മാനായിരിക്കെ വില്‍പന ശരിവച്ച് 2015ല്‍ ബോര്‍ഡ് വിധി പുറപ്പെടുവിക്കുകയുമുണ്ടായി.
ഭൂമി വാങ്ങിയവര്‍ക്ക് ബോര്‍ഡുമായുള്ള അടുത്ത ബന്ധമാണ് ഈ നിയമവിരുദ്ധ നടപടി ബോര്‍ഡ് ശരിവെക്കാന്‍ കാരണമെന്നായിരുന്നു കുറ്റിക്കാട്ടൂര്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ ആക്ഷേപം. ചില ബോര്‍ഡ് മെമ്പര്‍മാരെ സ്വാധീനിച്ചായിരുന്നു വിധിയെന്നും കമ്മിറ്റി പറഞ്ഞിരുന്നു. എന്നാല്‍ ബോര്‍ഡ് ശരിവെച്ച വില്‍പന പിന്നീട് വഖഫ് ട്രൈബ്യൂണല്‍ റദ്ദാക്കുകയായിരുന്നു.
വില്‍പന തടഞ്ഞ് ട്രൈബ്യൂണല്‍ വിധി പുറപ്പെടുവിച്ചിരുന്നുവെങ്കിലും അത് നടപ്പാക്കിയിരുന്നില്ല. ഇതേത്തുടര്‍ന്ന് വിധി നടപ്പാക്കിയില്ലെന്ന് കാണിച്ച് കുറ്റിക്കാട്ടൂര്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി വീണ്ടും വഖഫ് ബോര്‍ഡിനെ സമീപിക്കുകയായിരുന്നു.
ട്രൈബ്യൂണല്‍ വിധി പ്രകാരം ഓര്‍ഫനേജ്, വനിതാ കോളജ്, പബ്ലിക് സ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ പൂര്‍ണമായും കുറ്റിക്കാട്ടൂര്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിക്ക് കീഴിലായി മാറും.
എന്നാല്‍ ബോര്‍ഡിന്റെ തീരുമാനം അന്തിമമായി കാണാനാവില്ലെന്നും ട്രൈബൂണലിന്റെ വിധിക്കെതിരെ ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ടെന്നും യതീംഖാന കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
കുറ്റിക്കാട്ടൂര്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ സ്വത്ത് വഖഫ് ബോര്‍ഡ് തിരിച്ചുപിടിച്ചിരിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട് എന്നായിരുന്നു ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് ഹാജി പ്രതികരിച്ചത്.
കുറ്റിക്കാട്ടൂര്‍ ജമാഅത്ത് കമ്മിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മാത്രമാണ് തങ്ങള്‍ കേസ് കൊടുത്തതെന്നും എന്നാല്‍ മറ്റ് വഖഫ് സ്വത്തുക്കളുടെ ക്രമക്കേട് സംബന്ധിച്ച കാര്യങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നും ന്യൂസ്18നോടുള്ള പ്രതികരണത്തില്‍ അദ്ദേഹം പറഞ്ഞു.
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെ അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ തിരിച്ച് പിടിക്കാനും തീരുമാനമുണ്ടായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Waqf board decision on Kuttikkattoor Muslim orphanage land