| Tuesday, 5th November 2024, 9:09 pm

ഇന്ത്യയില്‍ വഖഫ് വലിയ പ്രശ്‌നം: പ്രകാശ് ജാവദേക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ഇന്ത്യയില്‍ വഖഫ് വലിയ പ്രശ്‌നമാണെന്ന് മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി പ്രഭാരിയുമായ പ്രകാശ് ജാവദേക്കര്‍. ഏത് തരം ഭൂമിക്ക് മേലും അവകാശം ഉന്നയിക്കാന്‍ വഖഫ് ബോര്‍ഡിന് കഴിയുന്നെന്നും കേരളത്തില്‍ എത്ര വഖഫ് ഭൂമി ഉണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. പാലക്കാട് നടന്ന് പത്രസമ്മേളനത്തിലായിരുന്നു ജാവദേക്കറുടെ പ്രതികരണം.

ഒരുപക്ഷെ ഇന്ത്യയില്‍ ക്ഷേത്രഭൂമിയിലോ ക്രിസ്ത്യന്‍ പള്ളികളിലോ തര്‍ക്കമുണ്ടായാല്‍ അത് പരിഹരിക്കാന്‍ കോടതിയിലേക്ക് ആണ് പോകുന്നതെന്നും എന്നാല്‍ വഖഫ് ഭൂമിയില്‍ തര്‍ക്കമുണ്ടായാല്‍ അത് വഖഫ് ബോര്‍ഡിന്റെ തന്നെ ട്രൈബ്യൂണല്‍ ആണ് പരിഗണിക്കുന്നതെന്നും ജാവദേക്കര്‍ കുറ്റപ്പെടുത്തി.

അതിനാല്‍ കേരളത്തില്‍ എത്ര വഖഫ് ഭൂമിയുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ജാവദേക്കര്‍ ആവശ്യപ്പെട്ടു. കേരളത്തിലെ വഖഫ് ബോര്‍ഡിന്റെ പക്കല്‍ എത്ര സര്‍ക്കാര്‍ ഭൂമിയും സ്വകാര്യ വ്യക്തികളുടെ ഭൂമിയും കര്‍ഷക ഭൂമിയുമുണ്ടെന്നും അതിന്റെ വിശദാംശങ്ങളും പുറത്ത് വിടണമെന്നും ജാവദേക്കര്‍ ആവശ്യപ്പെട്ടു.

മുനമ്പം വിഷയത്തില്‍ സര്‍ക്കാരിനെതിരേയും പ്രതിപക്ഷത്തിനെതിരേയും ജാവദേക്കര്‍ രൂക്ഷ വിമര്‍ശനമുന്നയിക്കുകയുണ്ടായി. വഖഫ് ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയാവുന്നതിന് മുമ്പെ തന്നെ എല്‍.ഡി.എഫും യു.ഡി.എഫും കേരള നിയമസഭയില്‍ ഒരുമിച്ച് പ്രമേയം പാസാക്കിയതിനെയും ജാവദേക്കര്‍ വിമര്‍ശിക്കുകയുണ്ടായി. വഖഫ് വിഷയം സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ നില്‍ക്കുന്ന സമയത്ത് എങ്ങനെയാണ് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും വഖഫിന്റെ പക്ഷം പിടിക്കാന്‍ സാധിക്കുന്നതെന്നും ജാവദേക്കര്‍ ചോദിച്ചു.

ബംഗ്ലാദേശില്‍ അടുത്തിടെയുണ്ടായ പ്രശ്‌നത്തില്‍ ആക്രമിക്കപ്പെട്ട ഹിന്ദുക്കളെക്കുറിച്ചോ ഹൂത്തിയുടേയും ഹിസ്ബുല്ലയുടേയും ആക്രമണമത്തില്‍ മരണപ്പെട്ട ഇസ്രഈലികളെക്കുറിച്ചോ സംസാരിക്കാത്ത കേരളത്തിലെ യു.ഡി.എഫും എല്‍.ഡി.എഫും ഫല്‌സതീനെക്കുറിച്ച് മാത്രമാണ് സംസാരിച്ചതെന്നും ജാവദേക്കര്‍ കുറ്റപ്പെടുത്തി.

ഇവരുടെ ഈ സ്വഭാവം കേരളത്തിലെ ജനങ്ങള്‍ മനസിലാക്കി കഴിഞ്ഞെന്നും ജാവദേക്കര്‍ പ്രതികരിച്ചു. എന്നാല്‍ ബി.ജെ.പി ഇത്തരം വിഷയങ്ങളെ കേവലം ഹിന്ദു-മുസ്‌ലിം വിഷയം എന്നതിലുപരി തീവ്രനിലപാടുകാരും പൊതുസമൂഹവും തമ്മിലുള്ള പ്രശ്‌നമായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Waqf Board Big Problem in India says Prakash Javadekar

Latest Stories

We use cookies to give you the best possible experience. Learn more