|

വഖഫ് ബില്‍; കേരള നിയമസഭ പാസാക്കിയ പ്രമേയം നാളെ അറബിക്കടലില്‍ പതിക്കും: കെ. രാധകൃഷ്ണനോട് സുരേഷ് ഗോപി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വഖഫ് ഭേദഗതി വിഷയത്തില്‍ പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ കേരള നിയമസഭ പ്രമേയത്തിനെതിരെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വഖഫ് ഭേദഗതി ബില്ലിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം നാളെയാവുമ്പോഴേക്ക് അറബിക്കടലില്‍ മുങ്ങിപ്പോവുമെന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം. ആ നിമിഷത്തിനായി എല്ലാവരും കാത്തിരിക്കൂ എന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.

വഖഫ് ബോര്‍ഡില്‍ അന്യ സമുദായക്കാരെ ഉള്‍പ്പെടുത്തുന്നത് സംഘര്‍ഷങ്ങള്‍ക്ക് വഴിതെളിക്കുമെന്നും അങ്ങനെയൊരു ഉദാഹരണം കേരളത്തിലുണ്ടെന്നും അത് സുരേഷ് ഗോപിക്ക് അറിയാമെന്ന കെ. രാധകൃഷ്ണന്‍ എം.പിയുടെ പരാമര്‍ശമാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്. തന്റെ പേര് ഈ വിഷയത്തിലേക്ക് വലിച്ചിഴച്ചതാണെന്ന് ചൂണ്ടിക്കാട്ടിയ സുരേഷ് ഗോപി നാളെ ഈ സമയത്ത് രാജ്യസഭ അതിന് മറുപടി നല്‍കുമെന്നും പറഞ്ഞു.

കേരളത്തിലെ ദേവസ്വം ബോര്‍ഡില്‍ ക്രിസ്ത്യന്‍ പേരുള്ള ഒരാളെ ഉള്‍പ്പെടുത്തിയത് കലാപത്തിലേക്ക് നയിച്ചിരുന്നതെന്നും അത്തരം സംഭവങ്ങള്‍ വഖഫ് ബോര്‍ഡില്‍ അന്യമതസ്ഥരെ ഉള്‍പ്പെടുത്തുന്നതുകൊണ്ട് ഉണ്ടാവാന്‍ പാടില്ലെന്നും എം.പി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന് ന്യൂനപക്ഷങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള മുടങ്ങിപ്പോയ സ്‌കോളര്‍ഷിപ്പുകള്‍ പുനസ്ഥാപിക്കുകയാണെന്ന് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത് ചെയ്യാതെ പുതിയ ഭേദഗതി പ്രകാരം മുസ്‌ലിം സമുദായത്തെ തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഓരോ മതവിഭാഗത്തിനും അവരുടെ മതവിശ്വാസങ്ങള്‍ സംരക്ഷിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കണം. മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തെ നമ്മള്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം,’ കെ.രാധാകൃഷ്ണന്‍ പറഞ്ഞു. ഈ ബില്ലിനെ അനുകൂലിക്കുന്നവര്‍ ഹിറ്റ്‌ലറുടെ നാസിസത്തെ അനുകൂലിക്കുലിക്കുന്നവര്‍ക്ക് തുല്യമാണെന്നും അവര്‍ക്ക് ഈ സ്ഥിതി വന്നാലെ കാര്യങ്ങള്‍ മനസിലാകൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവാദമായ വഖഫ് ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട പ്രമേയം ഒക്ടോബര്‍ 14നാണ് കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയത്. ഭരണഘടനയിലെ ഫെഡറല്‍ തത്വങ്ങളെ ബില്‍ ദുര്‍ബലപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രമേയം പാസാക്കിയത്. മന്ത്രി വി അബ്ദുറഹ്‌മാനായിരുന്നു നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. കേരളത്തിന് പുറമെ തമിഴനാടും സമാനമായ പ്രമേയം പാസാക്കിയിരുന്നു.

Content Highlight: Waqf Bill; Resolution passed by Kerala Assembly will fall into Arabian Sea tomorrow: Suresh Gopi to K. Radhakrishnan

Video Stories