ന്യൂദൽഹി: വഖഫ് ഭേദഗതി ദിനത്തിൽ ലോക്സഭയിലെത്താതെ കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി വാദ്ര. സഭയിൽ എത്തിയിരിക്കണമെന്ന വിപ്പ് ഉണ്ടായിട്ടും പ്രിയങ്ക ഗാന്ധി എത്തിയില്ല. വഖഫ് ഭേദഗതി ബിൽ അവതരിപ്പിക്കുന്ന അടുത്ത മൂന്ന് ദിവസത്തേക്ക് കോൺഗ്രസ് എം.പിമാർ നിർബന്ധമായും സഭയിൽ വന്നിരിക്കണമെന്ന് നിർദേശിച്ച് കോൺഗ്രസ് ഏപ്രിൽ ഒന്നിന് വിപ്പ് നൽകിയിരുന്നു.
വിപ്പ് ലഭിച്ചിട്ടും പ്രിയങ്ക ഗാന്ധി സഭയിലെത്തുകയോ വോട്ടെടുപ്പിൽ പങ്കെടുക്കുകയോ ചെയ്തില്ല. ഇത്രയും പ്രധാനപ്പെട്ട ഒരു ബിൽ അവതരണ സമയത്ത് പ്രതിപക്ഷത്തിലെ പ്രധാന പാർട്ടിയിലൊന്നായ കോൺഗ്രസിന്റെ മുതിർന്ന നേതാവ് വിട്ട് നിൽക്കുന്നത് ഉത്കണ്ഠ സൃഷ്ടിക്കുന്നുവെന്ന് മറ്റ് പ്രതിപക്ഷ നേതാക്കൾ വിമർശിച്ചു.
മുനമ്പത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ വഖഫ് ബിൽ വലിയ രീതിയിൽ ചർച്ചയാവുന്ന അവസരത്തിൽ വയനാട്ടിൽ നിന്നുള്ള പ്രിയങ്ക ഗാന്ധി എം.പി സഭയിലെത്തിയില്ല എന്നത് ഗുരുതരമായ വിഷയമായാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം സുപ്രധാനമായ വഖഫ് ബിൽ അവതരണസമയത്ത് രാഹുൽ ഗാന്ധി സഭയിൽ എത്തിയത് വൈകിയാണ്. വഖഫ് ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ തീരുമാനം. എന്നാൽ പ്രതിപക്ഷത്തിലെ പ്രധാന നേതാക്കളായ രാഹുൽ ഗാന്ധി സഭയിലെത്തിയിട്ടും ബില്ലിനെക്കുറിച്ച് സംസാരിക്കുകയോ ചർച്ചയിൽ പങ്കാളിയാവുകയോ ചെയ്തിട്ടില്ല. ഇത് വഖഫ് ബില്ലിലെ കോൺഗ്രസിന്റെ നിലപാട് ചോദ്യം ചെയ്യുന്നതാണെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.
രാഹുൽ ഗാന്ധി സഭയിൽ സംസാരിക്കില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. കാരണം സഭയിൽ സംസാരിക്കുന്നവരുടെ പട്ടികയിൽ അദ്ദേഹത്തിന്റെ പേര് ഉണ്ടായിരുന്നില്ല. എന്നാൽ അതിന്റെ തൊട്ട് തലേ ദിവസം ചേർന്ന ഇന്ത്യാ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധി തന്നെയാണ് വഖഫ് ബില്ലിനെതിരെ ശക്തമായി എതിർക്കണമെന്ന് എല്ലാ അംഗങ്ങൾക്കും നിർദേശം നൽകിയത്. അതോടൊപ്പം കോൺഗ്രസ് പാർട്ടി യോഗത്തിലും കൃത്യമായ നിലപാട് എല്ലാ അംഗങ്ങളും പറയണമെന്ന് രാഹുൽ ഗാന്ധി നിർദേശിച്ചിരുന്നു.
അതേസമയം ഇന്ന് വഖഫ് ബിൽ രാജ്യസഭയിൽ ചർച്ച ചെയ്യില്ലെന്നാണ് നിലവിൽ വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഇന്നത്തെ അജണ്ടയിൽ വഖഫ് ബിൽ അവതരണമില്ല. അധിക അജണ്ടയായി ഉൾപ്പെടുത്താനും സാധ്യതയുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Content Highlight: Waqf Bill; Priyanka Gandhi did not attend the House despite having a whip, Rahul Gandhi remained silent about the bill despite attending