തിരുവനന്തപുരം: ഹിന്ദു- മുസ്‌ലിം വിഭജനം സൃഷ്ടിച്ച് വോട്ട് നേടാമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്ര സർക്കാർ ധൃതിപിടിച്ച് വഖഫ് ഭേദഗതി ബിൽ പാസാക്കാൻ ശ്രമിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ദേശാഭിമാനി പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.
അപൂർവമായി മാത്രമാണ് പ്രധാനമന്ത്രി സഭയിൽ എത്താറുള്ളതെന്നും ബജറ്റടക്കം പ്രധാനവിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾപ്പോലും പ്രധാനമന്ത്രി സഭയിൽ എത്താറില്ല എന്നും അദ്ദേഹം തന്റെ ലേഖനത്തിൽ പറഞ്ഞു.
‘ഒരു വർഷത്തിൽ ശരാശരി നാലുതവണ മാത്രമാണ് മോദി പാർലമെൻ്റിൽ സംസാരിക്കാറു ള്ളതെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു വർഷം 10 മണിക്കൂറിൽ താഴെ മാത്രമാണ് അദ്ദേഹം ലോക്സഭയിൽ ഇരിക്കാറുള്ളത്.
സുപ്രധാന ബില്ലുകളടക്കം ചർച്ച കൂടാതെയാണ് പാസാക്കാറുള്ളത്. നേരത്തേ 70 ശതമാനത്തിലധികം ബില്ലുകളും സൂക്ഷ്മപരിശോധനയ്ക്കായി പാർലമെന്ററി സമിതിക്ക് വിട്ടിരുന്നു. അതിപ്പോൾ 20 ശതമാനത്തോളമായി ചുരുങ്ങി. പാർലമെൻ്റ് സമ്മേളിക്കുന്ന ദിവസത്തിലും കുറവുണ്ടായി. പാർലമെന്ററി ജനാധിപത്യത്തിന് ഉയർച്ചയല്ല താഴ്ചയാണ് മോദി ഭരണ കാലത്തുണ്ടായിട്ടുള്ളതെന്ന് ഉറപ്പിച്ച് പറയാൻ കഴിയും. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് വഖഫ് ഭേദഗതി ബിൽ പാസാക്കാനുള്ള ധൃതിപിടിച്ച നീക്കം,’ എം.വി. ഗോവിന്ദൻ കുറിച്ചു.
വഖഫ് എന്നത് ഒരു ഇസ്‌ലാമിക സങ്കൽപ്പമാണെന്നും വഖഫ് സ്വത്തിൽ ഇടപെടാനും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഭേദഗതി നീക്കമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു വർഷം മുസ്‌ലിം മതവിശ്വാസിയായി തുടരുന്ന ഒരാൾക്ക് മാത്രമേ വഖഫ് ബോർഡിൽ അംഗത്വം നൽകാവൂ എന്ന് പറയുമ്പോഴും ഭേദഗതി ബില്ലിൽ, മുസ്‌ലിം അല്ലാത്ത രണ്ട് അംഗങ്ങളെ ബോർഡിൽ അംഗമാക്കാമെന്ന വിചിത്രനിബന്ധനയുണ്ട്.
ഒരു നിശ്ചിത മതത്തിനുവേണ്ടിയുള്ള കമ്മിറ്റികളിലോ സ്ഥാപനങ്ങളിലോ മറ്റ് മതസ്ഥർക്ക് പ്രാതിനിധ്യം നൽകുന്ന തരത്തിൽ പാർലമെൻറ്റ് നിയമനിർമാണം നടത്തുന്നത് തെറ്റാണെന്ന വാദവും ഉയർന്നിട്ടുണ്ട്. മുസ്‌ലിങ്ങൾ രണ്ടാംതരം പൗരന്മാരാണെന്നും അവരെ ഇരുത്തേണ്ടിടത്ത് ഇരുത്തിയെന്നും കാണിച്ച് ഭൂരിപക്ഷഹിന്ദുവോട്ട് നേടാനുള്ള വില കുറഞ്ഞ രാഷ്ട്രീയമാണ് ബി.ജെ.പി വഖഫ് ഭേദഗതി ബില്ലിലൂടെ മുന്നോട്ട് വെക്കുന്നതെന്ന് ലേഖനത്തിൽ പറയുന്നു.
ആഗസ്റ്റ് എട്ടിനാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു വഖഫ് ഭേദഗതി നിയമം 2024 ലോക് സഭയിൽ അവതരിപ്പിച്ചത്. മോദി സർക്കാരിന് നിർണായക പിന്തുണ നൽകുന്ന തെലുങ്ക് ദേശം പാർട്ടി ബിൽ സംയുക്ത പാർലമെൻന്ററി സമിതിക്ക് വിടണമെന്നാവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് സൂക്ഷ്മപരിശോധനയ്ക്കായി ജെ.പി.സിക്ക് വിടാൻ സർക്കാർ നിർബന്ധിതമായത്.
‘ജെ.പി.സി അംഗമായ ബി.ജെ.പിയിലെ നിഷികാന്ത് ദുബെ, കോടിക്കണക്കിന് വന്ന ഇ- മെയിലിനു പുറകിൽ ചൈനയും പാകിസ്ഥാനുമാണെന്നുകൂടി ആരോപിച്ചു. ലൗജിഹാദും ലാൻഡ് ജിഹാദും പറഞ്ഞ് മതധ്രുവീകരണത്തിന് ശ്രമിച്ച ബി.ജെ.പി ഇപ്പോൾ ഇ-മെയിൽ ജിഹാദിനെക്കുറിച്ചാണ് പറയുന്നത്,’ എം.വി ഗോവിന്ദൻ വിമർശിച്ചു.
പുതിയ വഖഫ് ഭേദഗതി ബിൽ ഫെഡറൽ തത്വങ്ങളുടെ ലംഘനം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോർഡിന്റെയും സ്ഥാപനങ്ങളുടെയും ഭരണത്തിനാവശ്യമായ ചട്ടങ്ങളും മറ്റും രൂപീകരിക്കുന്നതിൽ സംസ്ഥാന സർക്കാരുകളുടെ അധികാരം പരിമിതപ്പെടുമെന്ന് പല വിദഗ്‌ധരും ഇതിനകം ചൂണ്ടിക്കാട്ടി മൂലനിയമത്തിലെ 109-ാം വകുപ്പ് ഭേദഗതി ചെയ്യുന്നതോടെ വഖഫ് സ്ഥാപനങ്ങളുടെ ഭരണത്തിനാവശ്യമായ ചട്ടങ്ങളും മറ്റും രൂപീകരിക്കാനുള്ള അവകാശം കേന്ദ്രസർക്കാരിനായിരിക്കും. സംസ്ഥാന സർക്കാരിനും സംസ്ഥാന വഖഫ് ബോർഡുകൾക്കുമുള്ള അധികാരങ്ങളാണ് കേന്ദ്രം കവരുന്നതെന്നും ലേഖനത്തിൽ പറയുന്നു.
Content Highlight: Waqf Bill is being passed in haste to win votes by creating Hindu-Muslim divide: MV Govindan