| Saturday, 4th December 2021, 6:41 pm

വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടത് പുനഃപരിശോധിക്കണം; വിവാദങ്ങള്‍ കണക്കിലെടുത്താണ് പള്ളികളിലെ പ്രതിഷേധം ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് സമസ്ത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമന വിവാദത്തില്‍ സമസ്തയുടെ നിലപാട് ഏകകണ്ഠമെന്ന് നേതൃത്വം. വഖഫ് ബോര്‍ഡ് നിയമനം പി.എസിക്ക് വിട്ട വിഷയത്തില്‍ സംഘടനയില്‍ ആശയക്കുഴപ്പമില്ലെന്നും, മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സമസ്ത പ്രസിഡന്റ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

വിവാദങ്ങള്‍ കണക്കിലെടുത്താണ് പള്ളികളിലെ പ്രതിഷേധം ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സമസ്ത വ്യക്തമാക്കി.

നിയമനം പി.എസ്.സിക്ക് വിട്ടത് പുനഃപരിശോധിക്കണം എന്നാണ് സംഘടനയുടെ നിലപാട്. വിഷയം സംബന്ധിച്ച് സമസ്തയുടെ നേതാക്കളുമായി ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അനുകൂല നിലപാട് സര്‍ക്കാരില്‍ നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അല്ലാത്ത പക്ഷം സമസ്ത തുടര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ കൂടി പുറപ്പെടുവിച്ച സംയുക്ത വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.

പ്രക്ഷോഭത്തിന്റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച പള്ളികളില്‍ വച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രഭാഷണം ചില രാഷ്ട്രീയ വിവാദങ്ങള്‍ക്കും മഹല്ലുകളില്‍ കുഴപ്പങ്ങള്‍ക്കും കാരണമാകുമെന്നതിനാലാണ് ഒഴിവാക്കേണ്ടതാണെന്ന പ്രഖ്യാപനം സമസ്ത പ്രസിഡന്റ് നടത്തിയതെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്കുവിട്ട നടപടി പുനഃപരിശോധിക്കണമെന്ന് സമസ്ത അംഗീകരിച്ച പ്രമേയത്തില്‍ നേരത്തെ ആവശ്യപ്പെട്ടതാണ്. മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയോടൊപ്പം സമസ്ത സഹകരിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Waqf appointment left to PSC should be reconsidered; Samastha said the decision to avoid protests in churches was taken in view of the controversy

We use cookies to give you the best possible experience. Learn more