കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമന വിവാദത്തില്‍ സമസ്തയുടെ നിലപാട് ഏകകണ്ഠമെന്ന് നേതൃത്വം. വഖഫ് ബോര്‍ഡ് നിയമനം പി.എസിക്ക് വിട്ട വിഷയത്തില്‍ സംഘടനയില്‍ ആശയക്കുഴപ്പമില്ലെന്നും, മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സമസ്ത പ്രസിഡന്റ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
വിവാദങ്ങള്‍ കണക്കിലെടുത്താണ് പള്ളികളിലെ പ്രതിഷേധം ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സമസ്ത വ്യക്തമാക്കി.
നിയമനം പി.എസ്.സിക്ക് വിട്ടത് പുനഃപരിശോധിക്കണം എന്നാണ് സംഘടനയുടെ നിലപാട്. വിഷയം സംബന്ധിച്ച് സമസ്തയുടെ നേതാക്കളുമായി ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അനുകൂല നിലപാട് സര്‍ക്കാരില്‍ നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അല്ലാത്ത പക്ഷം സമസ്ത തുടര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ കൂടി പുറപ്പെടുവിച്ച സംയുക്ത വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.