| Thursday, 3rd April 2025, 6:39 am

പ്രതിപക്ഷ പ്രതിഷേധങ്ങൾ ഫലം കണ്ടില്ല; വഖഫ് ബിൽ പാസാക്കി ലോക്സഭ, ബിൽ ഇന്ന് രാജ്യസഭയിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾക്കും12 മണിക്കൂർ നീണ്ട ചർച്ചയും കടന്ന് വഖഫ് നിയമ ഭേദഗതി ബിൽ പാസാക്കി ലോക്സഭ. അനുകൂലമായി 288 വോട്ടുകളും എതിർത്ത് 232 വോട്ടുകളും ലഭിച്ചതോടെ, അർധരാത്രി വരെ നീണ്ടുനിന്ന നീണ്ട ചർച്ചകൾക്ക് ശേഷം ബിൽ പാസാക്കുകയായിരുന്നു.

520 പേരാണ് വോട്ട് ചെയ്തത്. സഭയിൽ ഹാജരായി വോട്ട് ചെയ്യുന്നവരുടെ 50 ശതമാനത്തിനു മുകളിൽ വോട്ട് ലഭിച്ചാൽ ബിൽ പാസാകും. അതായത് 520 പേരിൽ 261 പേരുടെ ഭൂരിപക്ഷം മതി.

2025 ഏപ്രിൽ മൂന്ന് വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ബിൽ പാസായത്. വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995ലെ നിയമം ഭേദഗതി ചെയ്യുന്നതിനാണ് കേന്ദ്ര സർക്കാർ ബിൽ അവതരിപ്പിച്ചത്. ബിൽ ഇന്നുതന്നെ രാജ്യസഭയിലും അവതരിപ്പിക്കും. ബിൽ പരിശോധിക്കാൻ രൂപീകരിച്ച സംയുക്ത പാർലമെന്ററി സമിതി തങ്ങളുടെ നിർദേശങ്ങൾ പരിഗണിച്ചില്ലെന്ന് പ്രതിപക്ഷം വിമർശിച്ചു.

ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും സർക്കാർ ന്യൂനപക്ഷങ്ങളെ അപകീർത്തിപ്പെടുത്താനും അവകാശങ്ങൾ നിഷേധിക്കാനും ശ്രമിക്കുകയാണെന്നും ഭരണഘടനയ്‌ക്കെതിരെ 4D ആക്രമണം നടത്തുകയാണെന്നും കോൺഗ്രസ് പറഞ്ഞു.

പുതിയ നിയമം പാസാകുന്നതോടെ കേരളത്തിലെ മുനമ്പത്തെ താമസക്കാർക്ക് അവരുടെ ഭൂമി തിരികെ ലഭിക്കുമെന്നാണ് ബിൽ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു അവകാശപ്പെട്ടത്. മുനമ്പത്തെ ജനങ്ങൾക്ക് നീതി ലഭിക്കണമെന്ന് തന്നെയാണ് കേരളത്തിൽ നിന്നുള്ള എല്ലാ ജനപ്രതിനിധികളുടെയും ആഗ്രഹമെന്നും എന്നാൽ അതിൻ്റെ പേരിൽ മതസ്വാതന്ത്യം ഇല്ലാതാകുന്ന നീക്കങ്ങൾ പാടില്ലെന്നും കോൺഗ്രസിൽ നിന്ന് പ്രസംഗിച്ച കെ.സി. വേണുഗോപാൽ പറഞ്ഞു.

ബിൽ ഭരണഘടനക്കെതിരെയുള്ള ആക്രമണമാണെന്നും ന്യൂനപക്ഷങ്ങളെ ഉന്നമിട്ടുള്ളതാണെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ ബിൽ മുസ്‌ലിങ്ങളുടെ മതകാര്യങ്ങളിലേക്കുള്ള കടന്നുകയറ്റമല്ലെന്നും സ്വത്ത് കൈകാര്യം ചെയ്യുന്നതിൽ മാത്രമാണ് ഇടപെടുന്നതെന്നും റിജിജു വാദിച്ചു. ഈ ബിൽ വന്നില്ലായിരുന്നെങ്കിൽ, പാർലമെന്റ് സമുച്ചയത്തിന് മേൽ വരെ വഖഫ് അവകാശവാദം ഉന്നയിക്കുമായിരുന്നുവെന്നും റിജിജു വാദിച്ചു.

ഓഗസ്‌റ്റിൽ ബിൽ അവതരിപ്പിച്ച ശേഷ സംയുക്‌ത പാർലമെൻ്ററി സമിതിയുടെ (ജെ.പി.സി) പരിഗണനക്ക് വിട്ടിരുന്നു ജെ.പി.സിയുടെ നിർദേശങ്ങൾ അനുസരിച്ച് പരിഷ്‌കരിച്ച ബിൽ ആണ് ഇന്നലെ ലോക്സഭ പാസാക്കിയത്. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജുവാണ് ബിൽ അവതരിപ്പിച്ചത്.

ആദിവാസി ഭൂമിയും ചരിത്രസ്‌മാരകങ്ങളും വഖഫ് ഭൂമിയാക്കാൻ പാടില്ലെന്ന പുതിയ വ്യവസ്ഥ‌കൾ ബില്ലിൽ കൂട്ടിച്ചേർത്തു. ജെ.പി.സി റിപ്പോർട്ടിൽ ശുപാർശകളുണ്ടായിരുന്നെങ്കിലും ഒപ്പമുള്ള കരടുബില്ലിൽ ഇതുണ്ടായിരുന്നില്ല. മന്ത്രി റിജിജു ഔദ്യോഗിക ഭേദഗതിയായിട്ടാണ് ഇവ കൊണ്ടുവന്നത്. കെ. സി. വേണുഗോപാൽ, കെ.സുധാകരൻ, എൻ.കെ.പ്രേമചന്ദ്രൻ ഇ.ടി.മുഹമ്മദ് ബഷീർ കെ.രാധാകൃഷ്ണൻ അടക്കമുള്ള പ്രതിപക്ഷ അംഗങ്ങൾ നൂറിലേറെ ഭേദഗതികൾ കൊണ്ടുവന്നതെങ്കിലും ഇവ തള്ളുകയായിരുന്നു.

രാജ്യത്തെ മുസ്‌ലിം ജനവിഭാഗത്തെ തകര്‍ക്കാനാണ് ഈ ഭേദഗതികൊണ്ട് ശ്രമിക്കുന്നതെന്നും അതിനെ സി.പി.ഐ.എം ശക്തമായി എതിര്‍ക്കുമെന്നും കെ. രാധാകൃഷണന്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി എന്തെങ്കിലും ചെയ്യണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെങ്കില്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ തടഞ്ഞുവെക്കപ്പെട്ട സ്‌കോളര്‍ഷിപ്പ് പുനസ്ഥാപിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഈ ബില്‍ മത സ്ഥാപനങ്ങളുടെ സ്വയംഭരണത്തിന് നേരെയുള്ള കടന്നാക്രമണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിം സമുദായത്തിന്റെ അവകാശങ്ങള്‍ തട്ടിയെടുക്കാനാണ് കേന്ദ്രം വഖഫ് ബില്ലിലൂടെ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് എം.പി ഹൈബി ഈഡനും വിമർശിച്ചു.

വ്യവസ്‌ഥകളെ എതിർത്ത് പ്രസംഗിച്ച എ.ഐ.എം..ഐ.എം അംഗം അസദുദ്ദീൻ ഒവൈസി പ്രതിഷേധസൂചകമായി ബില്ലിന്റെ പകർപ്പ് കീറി. വഖഫ് കൗൺസിലിൽ മുസ്‌ലിം ഇതരസമുദായത്തിൽ നിന്നുള്ളവരെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് എൻ.കെ പ്രേമചന്ദ്രൻ്റെ ഭേദഗതിയിന്മേൽ പ്രതിപക്ഷം വോട്ടെടുപ്പ് (ഡിവിഷൻ) തേടി 231-288 എന്ന വോട്ടിന് ഭേദഗതി തള്ളപ്പെട്ടു. ബില്ലിനെതിരെ നിലപാട് എടുക്കാൻ മുസ്‌ലിം സംഘടനകളിൽനിന്ന് എൻ.ഡി.എ ഘടകകക്ഷികളായ ജെ.ഡിയുവിനും ടി.ഡി.പിക്കും മേൽ സമ്മർദമുണ്ടായിരുന്നു എന്നാൽ ബില്ലിനെ അനുകൂലിക്കുന്നതായി ഇരുപാർട്ടികളും വ്യക്തമാക്കുകയായിരുന്നു.

പ്രധാന ഭേദഗതികൾ

ഒരു വസ്‌തു വഖഫ് സ്വത്താണെന്ന് പ്രഖ്യാപിക്കാൻ വഖഫ് ബോർഡിന് അധികാരം നൽകുന്ന 1995ലെ നിയമത്തിലെ 40 -ാംവകുപ്പ് ഒഴിവാക്കി. ബോർഡിന്റെ സി.ഇ.ഒ മുസ്‌ലിം സമുദായത്തിൽപ്പെട്ട വ്യക്തിയായിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി

കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡുകളിലും മുസ്‌ലിം ഇതര വിഭാഗക്കാരെയും ഉൾപ്പെടുത്തും

തർക്കത്തിലുള്ള സ്വത്ത് വഖഫ് സ്വത്താണോ സർക്കാർ സ്വത്താണോ എന്ന് തീരുമാനിക്കുന്നത് ഇനിമുതൽ സർക്കാർ നിയോഗിക്കുന്ന ഉദ്യോഗസ്ഥൻ ആയിരിക്കും.

വഖഫ് സ്വത്തുക്കൾ സർവേ നടത്തി നിർണയിക്കാനുള്ള സർവേ ചുമതല വഖഫ് കമീഷണർമാരിൽ നിന്ന് മാറ്റി കലക്ടർമാർക്ക് നൽകി.

കേന്ദ്ര വഖഫ് കൗൺസിലിൽ കേന്ദ്രത്തിന് നിർദേശിക്കാവുന്ന മൂന്ന് എം.പിമാർ, മുൻ ജഡ്ജിമാർ എന്നിവർ മുസ്‌ലിം വിഭാഗത്തിലുള്ളവരാകണം എന്ന നിബന്ധന ഒഴിവാക്കി

അഞ്ച് വർഷമായി ഇസ്‌ലാം മതം പിന്തുടരുന്നു എന്ന് തെളിയിക്കുന്നവർക്ക് മാത്രമേ ഇനി വഖഫ് ദാനം ചെയ്യാനാകൂ.

ഏതു വഖഫ് വസ്തു‌വും ഏതു സമയത്തും ഓഡിറ്റ് നടത്താൻ കേന്ദ്രസർക്കാരിന് അധികാരം ഉണ്ടായിരിക്കും

പുതിയ നിയമം പ്രാബല്യത്തിലായി ആറ് മാസത്തിനകം എല്ലാ വഖഫുകളും വീണ്ടും രജിസ്റ്റർ ചെയ്‌തിരിക്കണം. രേഖാമൂലമുള്ള കരാർ വഴി മാത്രമേ വഖഫ് ഭൂമിയായി പരിഗണിക്കുകയുള്ളൂ. വാക്കാൽ വഖഫ് ഭൂമിയായി നല്കുന്നവ വഖഫ് ഭൂമിയായി കണക്കാക്കില്ല.

ദീർഘകാലം രേഖകളില്ലാതെ വഖഫ് ആയി ഉപയോഗിച്ചിരുന്ന സ്വത്തുകൾ നിലവിൽ സർക്കാരിൻ്റെ കൈവശമോ തർക്കത്തിലോ ആണെങ്കിൽ ഇനി വഖഫ് ആയി കണക്കാക്കില്ല.

നിയമത്തിന് മുമ്പോ ശേഷമോ വഖഫ് സ്വത്താണെന്ന് കണ്ടെത്തിയ ഒരു സർക്കാർ ഭൂമിയും ഇനി വഖഫായി പരിഗണിക്കില്ല.

വഖഫ് ബോർഡിൻ്റെയും ട്രിബ്യൂണലിൻ്റെയും തീരുമാനങ്ങൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്യാം.

Content Highlight: Waqf (Amendment) Bill cleared in Lok Sabha

We use cookies to give you the best possible experience. Learn more