വെള്ളിയാഴ്ച ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഓസ്ട്രേലിയ- പാകിസ്ഥാന്‍ മത്സരത്തില്‍ പാകിസ്ഥാന്‍ പരാജയപ്പെടുകയായിരുന്നു. ഡേവിഡ് വാര്‍ണറുടേയും മിച്ചല്‍ മാര്‍ഷിന്റെയും മിന്നും ഓപ്പണിങ്ങില്‍ കങ്കാരുപ്പട ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 367 റണ്‍സ് നേടുകയായിരുന്നു. വാര്‍ണര്‍ 124 പന്തില്‍ 163 റണ്‍സും മാര്‍ഷ് 108 പന്തില്‍ 121 റണ്‍സുമാണ് വാരിക്കൂട്ടിയത്.
10 ഓവറില്‍ 54 റണ്‍സ് വഴങ്ങി ഷഹീന്‍ അഫ്രിദി നിര്‍ണായകമായ അഞ്ച് വിക്കറ്റും എട്ട് ഓവറില്‍ ഹാരിസ് റൗഫ് 3 വിക്കറ്റും നേടിയിരുന്നു.
മത്സരത്തിന് ശേഷം മുന്‍ ഓസീസ് താരങ്ങളായ ഷെയ്ന്‍ വാട്സണിന്റെയും ആരോണ്‍ ഫിഞ്ചിന്റെയും കൂടെ മാച്ച് അനാലിസിസ് ചെയ്യുകയായിരുന്ന മുന്‍ പാക് ലെജന്റ് വഖാര്‍ യൂനിസിനെ പാകിസ്ഥാനി എന്ന് അഭിസംബോധന ചെയ്തപ്പോള്‍ അദ്ദേഹം നടത്തിയ രസകരമായ പ്രസ്താവനയാണ് ഇപ്പോള്‍ വൈറലാകുന്നത്.
‘ഞാന്‍ ഒരു പകുതി ഓസ്ട്രേലിയന്‍ ആണ്, എന്നെ പാകിസ്ഥാനി എന്ന് മാത്രം വിളിക്കരുത്.’ സ്റ്റാര്‍ സ്പോര്‍ട്സില്‍ വഖാര്‍ പറഞ്ഞു.
വഖാര്‍ വിവാഹം കഴിച്ചത് പാക്- ഓസ്ട്രേലിയന്‍ ഡോക്ടറായ ഫരിയലിനെയാണ്. ഇരുവരും ഓസ്ട്രേലിയന്‍ നഗരത്തിലെ ന്യൂസൗത്ത് വെയ്ല്‍സിലെ ഹില്ലില്‍ എന്ന പട്ടണത്തില്‍ മൂന്ന് കുട്ടികളുമൊത്ത് താമസിക്കുകയാണ്.
മത്സരത്തില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് വേണ്ടി ഇമാം ഉള്‍ ഹഖ് 70 (71) റണ്‍സും അബ്ദുള്ള ഷഫീഖ് 64 (61) റണ്‍സും മുഹമ്മദ് റിസ്വാന്‍ 46 (40) റണ്‍സും എടുത്തെങ്കിലും 45.3 ഓവറില്‍ 306 റണ്‍സിന് ഓസീസിനു മുന്നില്‍ മുട്ട് മടക്കുകയായിരുന്നു.
ഓസീസ് സ്പിന്നര്‍ ആദം സാംപ 10 ഓവറില്‍ 53 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടിയപ്പോള്‍ മാര്‍ക്കസ് സ്റ്റോയ്നിസും പാറ്റ് കമ്മിന്‍സും രണ്ട് വിക്കറ്റുകളുമാണ് പാകിനെതിരെ നേടിയത്.
ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ തുടര്‍ച്ചയായ രണ്ട് തോല്‍വി വഴങ്ങിയപ്പോള്‍ തുടര്‍ച്ചയായ രണ്ട് ജയത്തോടെ ഓസീസിന്റെ തിരിച്ചുവരവാണ് കാണാന്‍ സാധിക്കുന്നത്.
Content Highlight: Waqar Yunis’ funny comment goes viral