ഇന്ത്യയും പാകിസ്ഥാനും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഉഭയകക്ഷി മത്സരങ്ങള്‍ കളിക്കാറില്ല. തീവ്രവാദ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ ഭിന്നതകളും കാരണം ഇരുവരും തമ്മിലുള്ള പരമ്പരകള്‍ക്ക് വിരാമം ഇട്ടിരിക്കുകയാണ്. എന്നിരുന്നാലും നിരവധി മുന്‍ കളിക്കാരും ആരാധകരും ബന്ധം പുനരാരംഭിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ട്. മുന്‍ പാകിസ്ഥാന്‍ താരങ്ങളും ഇന്ത്യന്‍ താരങ്ങളും ഈ വിഷയം സര്‍ക്കാരുടെ അധീനതയില്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ അത് വിജയിച്ചില്ലായിരുന്നു. ഓസ്‌ട്രേലിയയില്‍ പാകിസ്ഥാനെതിരെ ഒരു ടെസ്റ്റ് പരമ്പര സംഘടിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഈ ഓഫര്‍ ബി.സി.സി.ഐ നിരസിക്കുകയായിരുന്നു.
ഓസ്‌ട്രേലിയയില്‍ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കണമെന്ന് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ വസീം അക്രവും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ സഹതാരം വക്കാര്‍ യൂനിസും സമാനമായ രീതിയിലാണ് സംസാരിച്ചിരിക്കുന്നത്.
മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഒരു ടെസ്റ്റ് പരമ്പരക്കോ മത്സരത്തിനോ വേണ്ടി ഇരുരാജ്യങ്ങള്‍ ഒരുമിച്ച് വരുന്നതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ പിന്തുണയാണ് നല്‍കിയത്.
‘എന്തുകൊണ്ട്? അത് ഗംഭീരം ആയിരിക്കും. ഇംഗ്ലണ്ടില്‍ പാകിസ്ഥാന്‍ ഓസ്‌ട്രേലിയക്കെതിരെ മത്സരിച്ചപ്പോള്‍ ധാരാളം പാകിസ്ഥാനികള്‍ ആ രാജ്യത്ത് താമസിക്കുന്നതിനാല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നു. ഇപ്പോള്‍ ഒന്ന് ചിന്തിച്ചു നോക്കൂ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയാല്‍ അവിടെ ലക്ഷക്കണക്കിന് ആരാധകര്‍ ഉണ്ടാവും,’വഖാര്‍ യൂനിസ് ഇ.എസ്.പി.എന്‍ ക്രിക്ക് ഇന്‍ഫോയില്‍ പറഞ്ഞു.
നിലവില്‍ ഓസ്‌ട്രേലിയക്കെതിരെ മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് പാകിസ്ഥാന്‍. ആദ്യ ടെസ്റ്റില്‍ പാക്കിസ്ഥാന്‍ 360 റണ്‍സിനാണ് ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടത്. അതേസമയം ഡിസംബര്‍ 26ന് സൗത്ത് ആഫ്രിക്കക്കെതിരെ നടക്കാനിരിക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റിന് തയ്യാറെടുക്കുകയാണ് ഇന്ത്യ.
Content Highlight: Waqar Younis wants India and Pakistan to play Tests